'എന്‍ടിആര്‍ 2' റിലീസ് നീട്ടാനുള്ള കാരണം മമ്മൂട്ടിയുടെ 'യാത്ര'?

By Web TeamFirst Published Feb 10, 2019, 12:31 PM IST
Highlights

എന്‍ ടി രാമറാവുവിന്റെ മകനും തെലുങ്ക് താരവും എംഎല്‍എയുമായ ബാലകൃഷ്ണയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതും എന്‍ടിആറിന്റെ വേഷത്തില്‍ എത്തുന്നതും.
 

ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ തീയേറ്ററുകളിലെത്തുന്ന രാഷ്ട്രീയ ജീവചരിത്ര സിനിമകളെ അവിടുത്തെ സിനിമാ, രാഷ്ട്രീയ മേഖലകള്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. എന്‍ ടി രാമറാവുവിന്റെ ജീവിതം രണ്ട് ഭാഗങ്ങളായാണ് സംവിധായകന്‍ കൃഷ് തയ്യാറാക്കിയിരിക്കുന്നത്. എന്‍ടിആര്‍: കഥാനായകുഡു, എന്‍ടിആര്‍: മഹാനായകുഡു എന്നീ പേരുകളില്‍. ഇതില്‍ ആദ്യഭാഗം ജനുവരി 9ന് പുറത്തെത്തിയിരുന്നു. രണ്ടാംഭാഗമായ 'മഹാനായകുഡു' ഇക്കഴിഞ്ഞ വെള്ളിയാഴ്ച (8) തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. പക്ഷേ ദിവസം അടുക്കവെ അണിയറക്കാര്‍ റിലീസ് മാറ്റി.

വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതം പറയുന്ന, മമ്മൂട്ടി നായകനായ 'യാത്ര'യ്‌ക്കൊപ്പം അതേദിവസമാണ് 'എന്‍ടിആര്‍: മഹാനായകുഡു' തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ ദിവസം അടുക്കവെ ചിത്രത്തിന്റെ റിലീസ് നീട്ടി. അതിന് കാരണം മമ്മൂട്ടിയുടെ 'യാത്ര' മാത്രമല്ലതാനും. മറിച്ച് ആദ്യ ചിത്രത്തിന് തീയേറ്ററുകളില്‍ ലഭിച്ച തണുപ്പന്‍ പ്രതികരണമാണ് നിര്‍മ്മാതാക്കളെ മാറ്റി ചിന്തിപ്പിച്ചത്. രണ്ടാംഭാഗം തീയേറ്ററുകളിലെത്തേണ്ട ദിവസം ആദ്യഭാഗമായ 'കഥാനായകുഡു' ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ പ്രീമിയര്‍ ചെയ്യുകയായിരുന്നു നിര്‍മ്മാതാക്കള്‍. 

ആദ്യഭാഗം തീയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്തതിനാല്‍ രണ്ടാംഭാഗം ഉടന്‍ റിലീസ് ചെയ്യുന്നതില്‍ കാര്യമില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു നിര്‍മ്മാതാക്കള്‍. മറിച്ച് ആദ്യഭാഗം ആമസോണില്‍ റിലീസ് ചെയ്യുന്നപക്ഷം ചിത്രം കാണാത്ത കുറേയധികം പ്രേക്ഷകരിലേക്ക് എത്തിക്കാമെന്നും അണിയറക്കാര്‍ കണക്കുകൂട്ടി. ജനപ്രീതി ലഭിക്കാതിരുന്ന ഒരു ചിത്രത്തിന്റെ രണ്ടാംഭാഗം മറ്റൊരു വലിയ ചിത്രത്തിനൊപ്പം (യാത്ര) റിലീസ് ചെയ്യുന്നതിലെ അപകടവും നിര്‍മ്മാതാക്കള്‍ തിരിച്ചറിഞ്ഞു. 'എന്‍ടിആര്‍: മഹാനായകുഡു'വിന്റെ പുതിയ റിലീസ് തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസാവസാനം ചിത്രം തീയേറ്ററുകളില്‍ എത്തിയേക്കും. 

എന്‍ ടി രാമറാവുവിന്റെ മകനും തെലുങ്ക് താരവും എംഎല്‍എയുമായ ബാലകൃഷ്ണയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതും എന്‍ടിആറിന്റെ വേഷത്തില്‍ എത്തുന്നതും. വിദ്യാ ബാലന്‍, മോഹന്‍ ബാബു, സുമന്ത്, കീര്‍ത്തി സുരേഷ്, റാണ ദഗ്ഗുബതി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു.

click me!