ക്യൂബന്‍ മാതൃകയില്‍ മലേഷ്യയില്‍ പറന്നിറങ്ങിയോ ചൈനീസ് ഡോക്ടർമാർ; ചിത്രം സത്യമോ

By Web TeamFirst Published Apr 1, 2020, 10:31 PM IST
Highlights

സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രം അവകാശപ്പെടുന്നത് ചൈനീസ് ഡോക്ടർമാരുടെ സംഘം മലേഷ്യയിലെത്തി എന്നാണ്

ക്വലാലംപുർ: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഇറ്റലിയില്‍ പറന്നിറങ്ങിയ ക്യൂബന്‍ മെഡിക്കല്‍ സംഘം വലിയ വാർത്തയായിരുന്നു. സമാനമായി ചൈനീസ് ഡോക്ടർമാർ മലേഷ്യയിലെത്തിയോ?. സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു ചിത്രത്തില്‍ അവകാശപ്പെടുന്നത് ചൈനീസ് ഡോക്ടർമാരുടെ സംഘം മലേഷ്യയിലെത്തി എന്നാണ്. എന്നാല്‍ ഈ അവകാശവാദം കള്ളമാണെന്ന് വാർത്താ ഏജന്‍സിയായ എഎഫ്‍പിയുടെ ഫാക്ട് ചെക്ക് വിഭാഗം പറയുന്നു.

എല്ലാറ്റിനും കാരണക്കാരന്‍ ഒരു ഫേസ്ബുക്ക് പോസ്റ്റ്

മാർച്ച് 22ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രമാണ് ആളുകളെ തെറ്റിദ്ധരിപ്പിച്ചത്. 'മഹാമാരിയെ നേരിടാന്‍ മലേഷ്യയിലേക്ക് ചൈനീസ് ഡോക്ടർമാർ പറന്നു, ചൈനക്ക് നന്ദി'. കുറച്ചുപേർ ചേർന്ന് പിടിച്ചിരിക്കുന്ന ഒരു ബാനർ ഒരാള്‍ ഷെയർ ചെയ്ത് ചൈനീസ് ഭാഷയില്‍ ഈ കുറിപ്പോടെ. മലേഷ്യയുടെയും ചൈനയുടേയും പതാകകള്‍ ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു ബാനറില്‍. ഇരു രാജ്യത്തിന്‍റെ ഭാഷകളും ബാനറില്‍ കാണാം. 

ഫേസ്ബുക്കിലും ട്വിറ്ററിലും ഈ ചിത്രം നിരവധി പേർ ഏറ്റെടുത്തു. ആയിരക്കണക്കിന് തവണയാണ് ഷെയർ ചെയ്യപ്പെട്ടത്. എന്നാല്‍ ഇത്തരമൊരു സുപ്രധാന വാർത്ത പ്രമുഖ വാർത്താ ഏജന്‍സിയായ തങ്ങള്‍ പോലും അറിയാതിരുന്നതോടെ വസ്തുത തേടി എഎഫ്‍പിയുടെ ഫാക്ട് ചെക്ക് വിഭാഗം രംഗത്തിറങ്ങുകയായിരുന്നു. 

ഡോക്ടർമാരല്ല, എത്തിയത്...

ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ സാമഗ്രികള്‍ മലേഷ്യയിലെ ഒരു ആശുപത്രിക്ക് കൈമാറുന്നതിന്‍റെ ചിത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടില്‍ പ്രചരിച്ചത് എന്ന് എഎഫ്‍പി കണ്ടെത്തി. ഇതേ ചിത്രം മാർച്ച് 19ന് മലേഷ്യയിലെ ചൈനീസ് എംബസി ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. മലേഷ്യക്ക് ചൈനീസ് എംബസി മെഡിക്കല്‍ സാമഗ്രികളുടെ ആദ്യ സഹായം കൈമാറുന്നു എന്നായിരുന്നു ചിത്രത്തിനൊപ്പം എഴുതിയിരുന്നത്

കൈമാറിയത് എന്തൊക്കെ?

5000 മാസ്ക്കുകളും 10,000 സർജിക്കല്‍ ഫേസ് ഷീല്‍ഡുകളും അടക്കമുള്ളവയാണ് ചൈനീസ് എംബസി മലേഷ്യയില്‍ എത്തിച്ചത്. 3,500 കൊവിഡ് 19 പരിശോധനാ കിറ്റുകള്‍ അടുത്തയാഴ്‍ച എത്തുമെന്നും എംബസിയുടെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. മെഡിക്കല്‍ സാമഗ്രികള്‍ കൈമാറിയവരും സ്വീകരിച്ചവരും, അതായത് ചിത്രത്തിലുള്ളത് ആരൊക്കെയെന്ന് കൃത്യമായി പറയുന്നുണ്ട് ഈ കുറിപ്പില്‍. എന്നാല്‍ ഡോക്ടർമാർ മലേഷ്യയിലെത്തിയതായി കുറിപ്പില്‍ ഒരിടത്തും പറയുന്നില്ല. 

Read more: കൊവിഡ് 19 വ്യാപനത്തിനിടെ ഇറ്റലിയില്‍ നൂറുകണക്കിനാളുകളുടെ കൂട്ടപ്രാർത്ഥന? വീഡിയോ സത്യമോ

 

click me!