തൃപ്‍തി ദേശായി വാറ്റ് നിർമാണത്തിനിടെ പിടിയിലായോ; വീഡിയോയ്ക്ക് പിന്നില്‍

By Web TeamFirst Published Apr 3, 2020, 10:41 AM IST
Highlights

ലോക്ക് ഡൌണ്‍വേളയില്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചതിന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പുണെ പൊലീസ് കസ്റ്റഡിയിലെടുത്തു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വ്യാജ മദ്യ നിർമാണത്തിനിടെയാണ് തൃപ്തി പിടിയിലായത് എന്നും പ്രചാരണമുണ്ട്.

മുംബൈ: രാജ്യത്ത് കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണിനെ കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ക്ക് കുറവില്ല. ലോക്ക് ഡൌണ്‍വേളയില്‍ മദ്യം വാങ്ങാന്‍ ശ്രമിച്ചതിന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയെ പുണെ പൊലീസ് അറസ്റ്റ് ചെയ്തു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വ്യാജ വാറ്റിനിടെയാണ് തൃപ്തി പിടിയിലായത് എന്നും പ്രചാരണമുണ്ട്. 

90 സെക്കന്‍ഡ് ദൈർഘ്യമുള്ള വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വനിതാ പൊലീസിന്‍റെ സഹായത്തോടെ തൃപ്തിയെ പൊലീസ് വാഹനത്തില്‍ കയറ്റുന്നതാണ് ദൃശ്യത്തില്‍. ലോക്ക്ഡൌണില്‍ മദ്യം വാങ്ങുന്നതിനിടെ തൃപ്തി ദേശായിയെ പൊലീസ് അറസ്റ്റ് ചെയ്തു എന്നായിരുന്നു ഒരാളുടെ ട്വീറ്റ്. ഫേസ്ബുക്കില്‍ വീഡിയോ വൈറലായി. 

Trupti Desai was caught buying liquor amidst lockdown pic.twitter.com/uRYs3H1lSN

— #StayHome (@ExSecular)

ഈ വീഡിയോ വാട്‍സ്ആപ്പില്‍ പ്രചരിക്കുന്നത് മറ്റൊരു തലക്കെട്ടിലും. മുംബൈയില്‍ വ്യാജ വാറ്റിനിടെയാണ് തൃപ്തി പിടിയിലായത് എന്നാണ് ഈ പ്രചാരണം. 

എന്നാല്‍ പ്രചരിക്കുന്ന വീഡിയോ 2019 സെപ്റ്റംബറിലേത് ആണെന്ന് ഫാക്ട് ചെക്ക് വെബ്‍സൈറ്റായ ബൂംലൈവ് കണ്ടെത്തി. 

പൊലീസ് കൊണ്ടുപോകുമ്പോള്‍ തൃപ്തിയുടെ കയ്യിലുണ്ടായിരുന്ന ഒഴിഞ്ഞ കുപ്പികളാണ് സംശയം ജനിപ്പിച്ചത്. ഒരു നൂലില്‍ കോർത്ത നിലയിലായിരുന്നു ഈ കുപ്പികള്‍. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവനേദ്ര ഫഡ്നാവിസിന്‍റെ പുണെ സന്ദർശനുമായി ബന്ധപ്പെട്ട് തൃപ്തിയെ കരുതല്‍  കസ്റ്റഡിയിലെടുക്കുകയായിരുന്നു പൊലീസ്. മദ്യക്കുപ്പികള്‍ കൊണ്ടുണ്ടാക്കിയ ഹാരം ഫഡ്നാവിസിനെ അണിയിക്കാന്‍ തൃപ്തി ദേശായി ശ്രമിച്ചേക്കും എന്ന സൂചനയെ തുടർന്നായിരുന്നു കസ്റ്റഡി. 

Read more: 'കൊവിഡാണ്, കാബേജ് കഴിക്കരുത്'; നിർദേശം നല്‍കിയോ ലോകാരോഗ്യ സംഘടന

click me!