'ജെഎൻയുവിലെ പ്രശ്നക്കാരൻ 47 വയസുള്ള മലയാളി വിദ്യാർത്ഥി മൊയ്‌നിദ്ദീന്‍'; ആ പ്രചാരണം കെട്ടുകഥ

By Web TeamFirst Published Jan 14, 2020, 1:31 PM IST
Highlights

ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചത് മുതല്‍  സംഘപരിവാര്‍ അനുകൂല, സമൂഹമാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും പേജുകളിലും സജീവമായിരുന്ന ഈ പ്രചാരണമാണ് തെറ്റാണെന്ന് ബിബിസിയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തിയത്

ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ പ്രശ്നക്കാരന്‍ നാല്‍പ്പത്തിയേഴുകാരനായ മലയാളി വിദ്യാര്‍ഥി മൊയ്നിദ്ദീനാണെന്ന പ്രചാരണത്തിലെ വസ്തുത പുറത്തുകൊണ്ടുവന്ന് ബിബിസി. ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചത് മുതല്‍  സംഘപരിവാര്‍ അനുകൂല, സമൂഹമാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും പേജുകളിലും സജീവമായിരുന്ന പ്രചാരണമാണ് തെറ്റാണെന്ന് ബിബിസിയുടെ ഫാക്ട് ചെക്കില്‍ കണ്ടെത്തി. 

ചിത്രത്തില്‍ കാണുന്ന പ്രായമായ ആള്‍ ജെഎന്‍യു വിദ്യാര്‍ഥിയാണെന്ന അവകാശവാദത്തോടെയായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ പ്രചാരണം. ഇയാള്‍ മലയാളിയാണെന്നും, മൊയ്‌നിദ്ദീന്‍ എന്നാണ് പേര്, 1989 മുതല്‍ ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ഥിയെന്ന പേരില്‍ താമസിക്കുന്നുവെന്നും പ്രചാരണം അവകാശപ്പെട്ടിരുന്നു. എല്ലാ വര്‍ഷവും അഡ്മിഷന്‍ എടുക്കുകയും മാസം 10 രൂപ വീതം ഹോസ്റ്റല്‍ ഫീസ് അടക്കുകയും ചെയ്യുന്ന ഇയാളേപ്പോലുള്ളവരാണ് ജെഎന്‍യുവിലെ സമരങ്ങള്‍ക്ക് പിന്നിലെന്നും ചിത്രത്തിലെ കുറിപ്പ് അവകാശപ്പെടുന്നു. ഇത്തരത്തില്‍ നൂറുകണക്കിന് മൊയ്‌നിദ്ദീന്‍മാരാണ് ജെഎന്‍യുവില്‍ കാലാകാലം തുടരുന്നത്. ഇവരാണ് ജെഎന്‍യു സര്‍വ്വകലാശാലയുടെ ഭരണാധികാരികള്‍ക്കെതിരെ ഫീസ് വര്‍ധനയുടെ പേരില്‍ സമരം ചെയ്യുകയാണെന്നും തൊഴില്‍ ഇല്ലാതെ ഇവര്‍ ക്യാംപസില്‍ പഠനം തുടരുകയാണെന്നും വ്യാപകമായി പ്രചരിച്ച കുറിപ്പുകളില്‍ അവകാശപ്പെട്ടിരുന്നു. ജെഎന്‍യു അടച്ചുപൂട്ടണം എന്നടക്കമുള്ള ആഹ്വാനത്തോടൊപ്പമായിരുന്നു ചിത്രം പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങളിലുണ്ടായിരുന്നത് പ്രമുഖ ദളിത് ചിന്തകനും പ്രൊഫസറുമായ കാഞ്ച ഏലയ്യയുടേതായിരുന്നു. ഹൈദരബാദ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ 38 വര്‍ഷം പ്രൊഫസറും മൗലാന ആസാദ് സര്‍വ്വകലാശാലയില്‍ അഞ്ചുവര്‍ഷം സേവനം ചെയ്ത കാഞ്ച ഏലയ്യയുടെ ചിത്രമാണ് വ്യാപകമായി ദുരുപയോഗം ചെയ്തത്. പ്രചാരണം ഗുരുതരമായ വ്യാജവാര്‍ത്തയാണെന്നായിരുന്നു കാഞ്ച ഏലയ്യ ബിബിസിയോട് പ്രതികരിച്ചത്. 

എനിക്ക് 68 വയസുണ്ട്. ഇതുവരെ ജെഎന്‍യുവില്‍ പഠിച്ചിട്ടില്ല, 1976ല്‍ ജെഎന്‍യുവില്‍ എംഫില്ലിന് അപേക്ഷിച്ചിരുന്നു, പക്ഷേ പ്രവേശനം ലഭിച്ചില്ല. ഒസ്മാനിയയിലാണ് പഠിച്ചത്. 38 വര്‍ഷം അവിടെ പഠിപ്പിച്ചിട്ടുമുണ്ട്. റിട്ടയര്‍ ചെയ്യുന്നതിന് മുന്‍പ് അഞ്ച് വര്‍ഷം മൗലാന ആസാദ് സര്‍വ്വകലാശാലയിലും സേവനം ചെയ്തിട്ടുണ്ടെന്ന് കാഞ്ച ഏലയ്യ ബിബിസിയോട് വ്യക്തമാക്കി. ആളുകള്‍ക്കിടയില്‍ ജെഎന്‍യുവിനെക്കുറിച്ച് വിധ്വേഷം പടര്‍ത്താനുള്ള ശ്രമമാണ് ഇത്തരം പ്രചാരണമെന്ന് കാഞ്ച ഏലയ്യ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 2019ലാണ് ഈ പ്രചാരണം തുടങ്ങിയതെന്നും ബിബിസി ഫാക്ട് ചെക്ക് കണ്ടെത്തി. 

click me!