ഓരോ ദിവസവും ഒരു വാഴപ്പഴം, കൊറോണ അടുക്കില്ല; പ്രചാരണത്തിലെ വസ്തുത എന്താണ്?

By Web TeamFirst Published Mar 19, 2020, 8:14 AM IST
Highlights

മാര്‍ച്ച് 15 മുതലാണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. അന്‍പത്തിയെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ന്യൂസ് റിപ്പോര്‍ട്ടോടെയാണ് ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലെ മാധ്യമമായ എബിസി ന്യൂസിന്‍റെ റിപ്പോര്‍ട്ടാണ് വീഡിയോയുടെ വിശ്വാസ്യതയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.

കൊറോണയെ നേരിടാന്‍ വാഴപ്പഴം. ഓസ്ട്രേലിയയിലെ ഗവേഷകര്‍ കണ്ടെത്തിയത്. വ്യാജപ്രചാരണമല്ല, വിശ്വസിക്കാവുന്ന ഇടങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രചരിക്കുന്നത്. എന്നെല്ലാം അവകാശപ്പെട്ട് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമെന്ന് എഎഫ്പി ഫാക്ട് ചെക്കിന്‍റെ കണ്ടെത്തല്‍.

മാര്‍ച്ച് 15 മുതലാണ് ഈ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. അന്‍പത്തിയെട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഒരു ന്യൂസ് റിപ്പോര്‍ട്ടോടെയാണ് ആരംഭിക്കുന്നത്. ഓസ്ട്രേലിയയിലെ മാധ്യമമായ എബിസി ന്യൂസിന്‍റെ റിപ്പോര്‍ട്ടാണ് വീഡിയോയുടെ വിശ്വാസ്യതയ്ക്ക് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്. ന്യൂസ് റീഡറായ കാതറിന്‍ റോബിന്‍സണ്‍ ക്വീന്‍സ്ലന്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍ കൊറോണ വൈറസിന് മരുന്ന് കണ്ടെത്തുമെന്ന് വ്യക്തമാക്കിയെന്ന് പറയുന്നത് വച്ചാണ് വീഡിയോ തുടങ്ങുന്നത്. എന്നാല്‍ തൊട്ട് പിന്നാലെ വാഴപ്പഴത്തിന്‍റെയും കൊറോണ വൈറസിന്‍റെയും ചിത്രീകരണങ്ങളിലേക്ക് വീഡിയോ മാറുന്നു. ഇതോടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ വാഴപ്പഴം ഉചിതമാണ്. നിത്യേന വാഴപ്പഴം കഴിക്കുന്നത് കൊറോണയെ ദൂരെ നിര്‍ത്തുമെന്ന കുറിപ്പിലേക്ക് വീഡിയോയില്‍ എഴുതിക്കാണിക്കുകയും ചെയ്യുന്നു. 

എണ്ണായിരത്തോളം ആളുകള്‍ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിക്കുകയും രണ്ട് ലക്ഷത്തോളം ആളുകള്‍ രോഗബാധിതരാവുകയും ചെയ്യുന്നതിനിടെയിലാണ് ഇത്തരമൊരു പ്രചാരണം. വീഡിയോ വിശ്വസിച്ച് നിരവധിയാളുകളാണ് ഈ വിവരം പങ്കുവക്കുന്നത്. ഫിലിപ്പീന്‍സ് രാഷ്ട്രപതിയുടെ വക്താവും ഈ ആശയം പങ്കുവച്ചിരുന്നു. ഈ വീഡിയോയും ഇതിലെ പ്രചാരണങ്ങളും വ്യാജമാണെന്ന് അന്തര്‍ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ വസ്തുതാ പരിശോധന വിഭാഗം വ്യക്തമാക്കി. 2020 ജനുവരി 23ന് ബ്രോഡ്കാസ്റ്റ് ചെയ്ത എബിസി ന്യൂസ് വീഡിയോയാണ് വ്യാജ പ്രചാരണവുമായി വളച്ചൊടിച്ചിരിക്കുന്നത്. 

click me!