
ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നിരവധി പ്രതിഷേധങ്ങള്‍ നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ മുദ്രാവാക്യങ്ങളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ് ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രതിഷേധിക്കുന്ന എബിവിപി പ്രവര്‍ത്തകരുടെ ചിത്രം. അസമിലെ എബിവിപി പ്രവര്‍ത്തകര്‍ എന്‍ആര്‍സിക്കെതിരെയും പൗരത്വ നിയമ ഭേദഗതിക്കെതിരെയും പ്രതിഷേധിക്കുന്നു എന്ന രീതിയില്‍ പ്രചരിച്ച ചിത്രത്തിന്‍റെ സത്യാവസ്ഥ പക്ഷേ മറ്റൊന്നാണ്.
'വീ ഡോണ്ട് സപ്പോര്‍ട്ട് എന്‍ആര്‍സി, സിഎബി, സിഎഎ' എന്ന മുദ്രാവാക്യമെഴുതിയ ബാനറുമായി പ്രതിഷേധിക്കുന്ന, എബിവിപിയുടെ കൊടികളേന്തിയ പ്രവര്‍ത്തകരെ ചിത്രത്തില്‍ കാണാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗോ ബാക്ക് എന്നും എബിവിപി അസം എന്നും ബാനറില്‍ എഴുതിയിട്ടുണ്ട്. പല അടിക്കുറിപ്പുകള്‍ക്കൊപ്പം ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലായിരുന്നു ഈ ചിത്രം.
'West Bong'എന്ന ഫേസ്ബുക്ക് പേജിലാണ് ഈ ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഇപ്പോള്‍ ആ പേജില്‍ ചിത്രത്തോടൊപ്പമുള്ള കുറിപ്പ് തിരുത്തി ഇത് വെറും മീം ആണെന്ന രീതിയിലാക്കിയിട്ടുണ്ട്. അഹമ്മദാബാദ് മിററിന് വേണ്ടി ഫോട്ടോ ജേണലിസ്റ്റായ ആന്‍സെല ജമീന്ദാര്‍ പകര്‍ത്തിയ ചിത്രമാണിതെന്ന് 'ബൂം ലൈവ്' റിപ്പോര്‍ട്ട് ചെയ്യുന്നു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് 500ഓളം എബിവിപി പ്രവര്‍ത്തകര്‍ സബര്‍മതി ആശ്രമത്തില്‍ സംഘടിപ്പിച്ച പ്രകടനമാണ് യഥാര്‍ത്ഥത്തില്‍ ഈ ചിത്രത്തിലുള്ളത്.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്നു എന്ന മുദ്രാവാക്യമടങ്ങിയ ബാനറിന് പകരം പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നു എന്ന മുദ്രാവാക്യങ്ങള്‍ മോര്‍ഫ് ചെയ്ത് കയറ്റുകയായിരുന്നു. ആന്‍സെല ജമീന്ദാറുടെ പ്രതികരണം ആരാഞ്ഞപ്പോള്‍ ഇത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടന്ന പ്രകടനമാണെന്ന് അവര്‍ സമ്മതിച്ചതായി 'ബൂം ലൈവ്' റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പല മാധ്യമങ്ങളും നല്‍കിയിരുന്നതുമാണ്. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഈ ചിത്രവും കുറിപ്പും വ്യാജമാണെന്ന് ഇതിലൂടെ തെളിയുകയാണ്.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.