'ബ്രിട്ടനിലെ കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയകരം'; വാര്‍ത്ത സത്യമോ?

By Web TeamFirst Published May 5, 2020, 1:24 PM IST
Highlights

ഓക്‌സ്‌ഫര്‍ഡിലെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി എന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളില്‍ കാണാം

ലണ്ടന്‍: ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണങ്ങളില്‍ ഒന്നാണ് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്നത്. ഓക്‌സ്‌ഫര്‍ഡിലെ വാക്‌സിന്‍ പരീക്ഷണം വിജയകരമായി എന്ന വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. സിഎന്‍എന്‍ ലങ്ക (CNN Lanka) എന്ന ബ്ലോഗില്‍ സിംഹള ഭാഷയിലുള്ള വാര്‍ത്തയാണ് ഈ പ്രചാരണത്തിന് തുടക്കമിട്ടത്. 

പ്രചരിക്കുന്ന സ്‍ക്രീന്‍ഷോട്ടില്‍ പറയുന്നത്'

'ഇംഗ്ലണ്ടിന്‍റെ കൊറോണ വാക്‌സിന്‍ വിജയകരം' എന്ന തലക്കെട്ടിലാണ് വാര്‍ത്ത പ്രചരിക്കുന്നത്. 'ബയോളജിസ്റ്റ് സാറ ഗില്‍ബര്‍ട്ടിന്‍റെ നേതൃത്വത്തിലുള്ള സംഘം ഏപ്രില്‍ 23ന് ChAdOx1 വാക്‌സിന്‍ പരീക്ഷിച്ചു. വാക്‌സിന്‍ പരീക്ഷിച്ച നൂറില്‍ 72 പേരും ഏപ്രില്‍ 27ഓടെ സുഖംപ്രാപിച്ചു. എന്നാല്‍ ഇംഗ്ലണ്ടിലെ ആരോഗ്യ ഗവേഷണ വിഭാഗം ഇതുവരെ വാക്‌സിന്‍ വ്യാവസായികമായി ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കിയിട്ടില്ല' എന്ന് വാര്‍ത്തയില്‍ പറയുന്നു.  

സിഎന്‍എന്‍ ലങ്ക(CNN Lanka) എന്ന പേരിലാണ് വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്. എന്നാല്‍ അമേരിക്കന്‍ ചാനല്‍ സിഎന്‍എനുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. 

ഇംഗ്ലണ്ടിലെ വാക്‌സിന്‍ പരീക്ഷണം വിജയകരമോ

 

ഓക്‌സ്‌ഫര്‍ഡിലെ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുകയാണ്. ഇത് വിജയകരമാണ് എന്ന് പറയാന്‍ നിലവില്‍ കഴിയില്ല. വാക്‌സിന്‍ പരീക്ഷണത്തിനായി 1,112 പേരെയാണ് തെര‍ഞ്ഞെടുത്തിരിക്കുന്നത്. കൊവിഡ് 19 പോസിറ്റീവ് അല്ലാത്ത ആളുകളെ മാത്രമെ വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുപ്പിക്കൂ എന്ന് വെബ്‌സൈറ്റിലെ മാനദണ്ഡങ്ങളില്‍ വ്യക്തമായി നല്‍കിയിട്ടുണ്ട്. 

 

വാക്‌സിന്‍ പരീക്ഷണം വിജയമോ പരാജയമോയെന്ന സൂചന ജൂണ്‍ മാസത്തോടെ അറിയാം എന്ന് ഓക്‌സ്‌ഫര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്സ്‍ഫര്‍ഡിലെ വാക്‌സിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്.

Read more: ലോകത്തിന്‍റെ കണ്ണുകള്‍ ബ്രിട്ടനിലേക്ക്; കൊവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി

കഴിഞ്ഞ 24-ാം തീയതിയാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മരുന്ന് പരീക്ഷണം ബ്രിട്ടനില്‍ ആരംഭിച്ചത്. ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍ രണ്ട് പേര്‍ക്കാണ് ആദ്യദിനം നല്‍കിയത്. ഡോ. എലൈസ ഗ്രനറ്റോയായിരുന്നു ആദ്യ ഡോസ് സ്വീകരിച്ചത്.

വാക്‌സിന്‍ പരീക്ഷണത്തെ കുറിച്ച് നേരത്തെയും വ്യാജ വാര്‍ത്ത

 

യുകെയിലെ കൊവിഡ് 19 വാക്സിന്‍ പരീക്ഷണത്തെ കുറിച്ച് വ്യാജ വാര്‍ത്ത നേരത്തെയുമുണ്ടായിരുന്നു. ആദ്യ ഡോസ് സ്വീകരിച്ച മൈക്രോ ബയോളജിസ്റ്റ് ഡോ. എലൈസ ഗ്രനറ്റോ മരണപ്പെട്ടു എന്നായിരുന്നു വ്യാജ വാര്‍ത്ത. എലൈസ ഗ്രനറ്റോ മരിച്ചതായി ന്യൂസ് എന്‍ടി(News NT) എന്ന ഓണ്‍ലൈനാണ് വാര്‍ത്ത നല്‍കിയത്. ഇതോടെ വാര്‍ത്തയുടെ സ്‍ക്രീന്‍ഷോട്ട് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു. എന്നാല്‍ താന്‍ സുഖമായിരിക്കുന്നതായി ട്വിറ്റര്‍ വീഡിയോയിലൂടെ എലൈസ ഗ്രനറ്റോ ലോകത്തെ അറിയിച്ചു. 

Read more: യുകെ വാക്സിന്‍ പരീക്ഷണം; ആദ്യ ഡോസ് സ്വീകരിച്ച വനിത മരണപ്പെട്ടു എന്ന വാര്‍ത്തയുടെ വസ്തുതയെന്ത്?

click me!