Asianet News MalayalamAsianet News Malayalam

ലോകത്തിന്‍റെ കണ്ണുകള്‍ ബ്രിട്ടനിലേക്ക്; കൊവിഡ് വാക്സിന്‍ മനുഷ്യനില്‍ പരീക്ഷിക്കാന്‍ തുടങ്ങി

ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്സഫര്‍ഡിലെ വാസ്കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്

UK begins Covid 19 Vaccine clinical trials
Author
London, First Published Apr 24, 2020, 6:49 AM IST

ലണ്ടന്‍: ലോകത്തിന് പ്രതീക്ഷ നൽകി ബ്രിട്ടനിലെ ഓക്സ്ഫർഡ് സർവകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ തുടങ്ങി. രണ്ട് പേര്‍ക്കാണ് ഇന്നലെ വാക്സിന്‍ നല്‍കിയത്. എലൈസ ഗ്രനറ്റോ എന്ന ശാസ്ത്രജ്ഞയായ യുവതിയാണ് ആദ്യ ഡോസ് സ്വീകരിച്ചത്. പരീക്ഷണത്തിനായി 800 സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 

ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓക്സ്‍ഫര്‍ഡിലെ വാസ്കിനോളജി പ്രൊഫസര്‍ സാറ ഗില്‍ബര്‍ട്ട് സാറ 80 ശതമാനം വിജയമാണ് പ്രവചിച്ചിരിക്കുന്നത്. പരീക്ഷണം വിജയമായാല്‍ സെപ്റ്റംബറോടെ 10 ലക്ഷം വാക്സിനുകള്‍ ഉല്‍പാദിപ്പിക്കാനാണ് പദ്ധതി. വാക്സിന് വിധേയമാകുന്ന ആളുകളെ നിരന്തരം നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുമെന്നും ഇവര്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതകളുണ്ടെന്നും റിസ്ക്കുകള്‍ ബോധ്യപ്പെടുത്തിയ ശേഷമാണ് മരുന്ന് പരീക്ഷണം നടത്തുന്നതെന്നും എന്നാല്‍ അപകടസാധ്യത ഇല്ലെന്നുമാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിവിധ ഭൂഖണ്ഡങ്ങളിലെ തെരഞ്ഞെടുക്കപ്പെടുന്ന രാജ്യങ്ങളിലും പരീക്ഷണം നടത്തും. 

അതേസമയം, ഏറെ പ്രതീക്ഷയോടെ ലോകം കാത്തിരുന്ന റെംഡെസിവിര്‍(remdesivir ) മരുന്നിന്‍റെ ആദ്യ ക്ലിനിക്കല്‍ പരിശോധന പരാജയമായി എന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ലോകാരാഗ്യ സംഘടന വെബ്‍സൈറ്റില്‍ വ്യക്തമാക്കിയതായും പിന്നീട് നീക്കം ചെയ്തതെന്നും ബിബിസി ഉള്‍പ്പടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ റെംഡെസിവിര്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കമ്പനിയായ ഗിലീഡ് സയന്‍സ്(Gilead Sciences) പരീക്ഷണം പരാജയപ്പെട്ടെന്ന വിവരം നിഷേധിച്ചു. വെബ്‍സൈറ്റില്‍ നിന്ന് നീക്കം ചെയ്ത വിവരങ്ങള്‍ എങ്ങനെ തെളിവാകുമെന്നും പരീക്ഷണം നേട്ടമായെന്നുമാണ് അവരുടെ പ്രതികരണം. പാര്‍ശ്വഫലങ്ങളെ തുടര്‍ന്ന് ഈ മരുന്നിന്‍റെ പരീക്ഷണം 18 പേരില്‍ നേരത്തെ നിര്‍ത്തിവച്ചിരുന്നു.

Read more: കൊവിഡ് വാക്സിന്‍ പരീക്ഷണം വ്യാഴാഴ്ച മുതല്‍ യുകെയിലും; വികസിപ്പിച്ചത് ഓക്സ്‍ഫര്‍ഡ് യൂണിവേഴ്സിറ്റി

Follow Us:
Download App:
  • android
  • ios