
ദില്ലി: ചെറിയ തുക നിക്ഷേപിച്ചാല്‍ പതിന്‍മടങ്ങ് തിരികെ ലഭിക്കുമെന്ന തരത്തിലുള്ള മോഹവാഗ്‌ദാനങ്ങള്‍ നാം പലതും ഓണ്‍ലൈന്‍ ലോകത്ത് കണ്ടിട്ടുണ്ട്. കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയോ? ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ 21,000 രൂപ നിങ്ങള്‍ നിക്ഷേപിച്ചാല്‍ മാസം 12 ലക്ഷം രൂപ വരെ റിട്ടേണ്‍ നേടാം എന്നാണ് ധനമന്ത്രിയുടേതായി പ്രചരിക്കുന്ന വീഡിയോയില്‍ പറയുന്നത്. ഞെട്ടിക്കുന്ന ഇത്തരമൊരു പ്രഖ്യാപനമോ പ്രൊമോഷനോ നടത്തിയോ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. വസ്‌തുത അറിയാം.
21,000 രൂപ നിക്ഷേപിച്ചാല്‍ വമ്പന്‍ തുക തിരികെ ലഭിക്കും എന്ന തരത്തിലൊരു പ്രഖ്യാപനമോ വീഡിയോ പ്രൊമോഷനോ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയിട്ടില്ല. എഡിറ്റ് ചെയ്‌ത് രൂപമാറ്റം വരുത്തിയ വീഡിയോയാണ് ഒറിജിനല്‍ എന്ന അവകാശവാദത്തോടെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെടുന്നത്. സത്യത്തില്‍, നിര്‍മ്മലാ സീതാരാമന്‍ വന്‍ തുക തിരികെ ലഭിക്കുന്ന ഒരു നിക്ഷേപ പദ്ധതിയെ കുറിച്ച് സംസാരിച്ചിട്ടില്ല. അതിനാല്‍ നിര്‍മ്മലാ സീതാരാമന്‍റെതായി പ്രചരിക്കുന്ന വീഡിയോ ആരും. വിശ്വസിക്കരുത്, ഇത്തരം വ്യാജ വാഗ്‌ദാനങ്ങളുടെ പരസ്യം കണ്ട് പണം നിക്ഷേപിച്ച് വഞ്ചിതരാവരുത്.
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത് എന്ന വ്യാജേന ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ വ്യാജമാണെന്നും രൂപമാറ്റം വരുത്തിയതാണെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അറിയിച്ചു. 21,000 രൂപ നിക്ഷേപിച്ചാല്‍ 12 ലക്ഷം രൂപ വരെ നേടാമെന്നൊരു പ്രഖ്യാപനമോ പ്രചാരണമോ നിര്‍മ്മലാ സീതാരാമന്‍ നടത്തിയിട്ടില്ല. സംശയാസ്‌പദമായ നിക്ഷേപ അവകാശങ്ങളില്‍ ആരും വീഴരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും പിഐബി അഭ്യര്‍ഥിച്ചു. പിഐബിയുടെ ട്വീറ്റ് ചുവടെ കാണാം.
Fact Check, സോഷ്യൽ മീഡിയയിലും വാട്സ്ആപ്പിലും വേഗത്തിൽ പ്രചരിക്കുന്ന തെറ്റായ വിവരങ്ങൾ, വ്യാജ വാർത്തകൾ, തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുകൾ തുടങ്ങിയവയുടെ പിന്നിലെ സത്യങ്ങൾ പരിശോധിച്ച് പ്രേക്ഷകർക്ക് യഥാർത്ഥ വസ്തുതകൾ Asianet News Malayalam ത്തിലൂടെ എത്തിക്കുന്നതാണ് ഇതിന്‍റെലക്ഷ്യം.