മണിപ്പൂരില്‍ ബിജെപി നേതാക്കളെ റോഡില്‍ ജനം മര്‍ദിച്ചതായി വീഡിയോ, സത്യമോ? Fact Check

By Web TeamFirst Published Apr 12, 2024, 11:24 AM IST
Highlights

ബിജെപി ഷാള്‍ അണിഞ്ഞുള്ള ആളുകളെ കുറേ പേര്‍ ചേര്‍ന്ന് നടുറോഡിലിട്ട് മര്‍ദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്

കലാപങ്ങള്‍ മണിപ്പൂരിനെ കുറേക്കാലമായി വലിയ ചര്‍ച്ചയാക്കിയിരിക്കുകയാണ്. മണിപ്പൂരില്‍ ബിജെപിയുടെ സംസ്ഥാന നേതാക്കളെയടക്കം പൊതുസ്ഥലത്ത് ജനം കൈകാര്യം ചെയ്തു എന്ന രീതിയില്‍ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. ബിജെപി ഷാള്‍ അണിഞ്ഞുള്ള ആളുകളെ കുറേ പേര്‍ ചേര്‍ന്ന് നടുറോഡിലിട്ട് കായികമായി ആക്രമിക്കുന്നതാണ് ഒരു മിനുറ്റും 47 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്. മണിപ്പൂരില്‍ നിന്നെന്ന പേരില്‍ ഷെയര്‍ ചെയ്യപ്പെടുന്ന വീഡിയോ ആ സംസ്ഥാനത്ത് നിന്നുതന്നെയോ, എന്താണ് വീഡിയോയില്‍ കാണുന്ന മര്‍ദനത്തിന് ഇടയാക്കിയ സാഹചര്യം? പ്രചാരണവും വസ്‌തുതയും നോക്കാം

പ്രചാരണം

2024 ഏപ്രില്‍ 10-ാം തിയതി ഫേസ്‌ബുക്കില്‍ ഉണ്ണി കെ നായര്‍ എന്ന യൂസര്‍ വീഡിയോ സഹിതം മലയാളത്തില്‍ പങ്കുവെച്ച കുറിപ്പ് ചുവടെ. മറ്റ് നിരവധിയാളുകളും വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ലിങ്ക് 1, 2, 3, 4, 5

'*മണിപ്പൂരിൽ ബിജെപിക്ക് ഊഷ്മളമായ സ്വീകരണം. പൊതുജനം നന്നായി ബിജെപി സംസ്ഥാന നേതാക്കളെ അടക്കം പബ്ലിക് റോഡിൽ വെച്ചു കൈകാര്യം ചെയ്യുന്ന കാഴ്ച.*''

വസ്‌തുതാ പരിശോധന

വീഡിയോ മണിപ്പൂരില്‍ നിന്ന് തന്നെയെ എന്നറിയാന്‍ കീഫ്രെയിമുകള്‍ റിവേഴ്സ് ഇമേജ് സെര്‍ച്ചിന് വിധേയമാക്കി. ഇതില്‍ ലഭിച്ച ഫലങ്ങള്‍ പറയുന്നത് ഈ സംഭവം ഇപ്പോഴത്തേത് അല്ല, 2017ല്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ നടന്നതാണ് എന്നാണ്. 2017 ഒക്ടോബറില്‍ ഡാര്‍ജിലിംഗില്‍ ബിജെപി പ്രവര്‍ത്തകരെ ഗൂര്‍ഖ ജനമുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത്. സംഭവത്തില്‍ ബിജെപി ബംഗാള്‍ പ്രസിഡന്‍റ് ദിലീപ് ഘോഷിനും മര്‍ദനമേറ്റിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ അന്ന് വിവിധ വാര്‍ത്താ ചാനലുകള്‍ സംപ്രേഷണം ചെയ്‌തിരുന്നതാണ്. സ്ക്രീന്‍ഷോട്ട് ചുവടെ ചേര്‍ക്കുന്നു. 

ദിലീപ് ഘോഷിനടക്കം മര്‍ദനമേറ്റതിനെ കുറിച്ച് വീഡിയോയില്‍ നിന്നുള്ള സ്ക്രീന്‍ഷോട്ട് സഹിതം ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് 2017 ഒക്ടോബര്‍ 5ന് വാര്‍ത്ത നല്‍കിയിരുന്നതാണ് എന്നും പരിശോധനയില്‍ വ്യക്തമായി. വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ട് ചുവടെ. 

നിഗമനം

മണിപ്പൂരില്‍ ബിജെപി സംസ്ഥാന നേതാക്കളെയടക്കം പൊതുജനം നടുറോഡില്‍ കൈകാര്യം ചെയ്‌തു എന്ന തരത്തിലുള്ള വീഡിയോ പ്രചാരണം വസ്‌തുതാവിരുദ്ധമാണ്. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ 2017ല്‍ നടന്ന സംഭവത്തിന്‍റെ ദൃശ്യമാണ് തെറ്റായ തലക്കെട്ടില്‍ പ്രചരിക്കുന്നത്. 

Read more: വോട്ടര്‍ പട്ടികയില്‍ പേരില്ലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമോ? Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!