Latest Videos

ഇന്ത്യാ മുന്നണിയുടെ ദില്ലിയിലെ മഹാറാലിക്കെത്തിയ ജനക്കൂട്ടമോ ഇത്? Fact Check

By Web TeamFirst Published Apr 2, 2024, 10:52 AM IST
Highlights

'രാംലീല മൈതാനിയില്‍ ഇന്ത്യാ സഖ്യത്തിന്‍റെ റാലിയില്‍ വലിയ ജനക്കൂട്ടം എത്തി, ഗോഡി മീഡിയ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ല' എന്ന കുറിപ്പോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ദില്ലി: രാജ്യതലസ്ഥാനത്ത് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ അറസ്റ്റിന് പിന്നാലെ ഈയടുത്ത് നടന്ന 'ഇന്ത്യാ മുന്നണി'യുടെ മഹാറാലി വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രതിപക്ഷ നിരയിലെ പ്രധാന നേതാക്കളെയെല്ലാം റാലിയില്‍ അണിനിരത്താന്‍ സംഘാടകർക്കായി. ഇതിന് പിന്നാലെയൊരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഇതിന്‍റെ വസ്തുത എന്താണ് എന്ന് പരിശോധിക്കാം. 

പ്രചാരണം

'രാംലീല മൈതാനിയില്‍ ഇന്ത്യാ സഖ്യത്തിന്‍റെ റാലിയില്‍ വലിയ ജനക്കൂട്ടം എത്തി, ഗോഡി മീഡിയ ഈ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യില്ല' എന്ന കുറിപ്പോടെയാണ് ഒരു ആകാശ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേ ചിത്രം പലരും എക്സിലും (പഴയ ട്വിറ്റർ) സമാന അവകാശവാദത്തോടെ പങ്കുവെച്ചിട്ടുണ്ട്. സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ കാണാം. 

വസ്തുതാ പരിശോധന

എന്നാല്‍ രാംലീല മൈതാനിയിലെ ഇന്ത്യാ മുന്നണിയുടെ റാലിയുടെ ദൃശ്യം എന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണ്. 2019 ഫെബ്രുവരിയില്‍ അന്നത്തെ ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പശ്ചിമ ബംഗാളില്‍ നടന്ന പ്രതിപക്ഷ റാലിയുടെ ചിത്രമാണിത്. ഇപ്പോള്‍ പ്രചരിക്കുന്ന ഫോട്ടോ റിവേഴ്സ് ഇമേജ് സെർച്ചിന് വിധേയമാക്കിയതിലൂടെയാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. 2019 ഫെബ്രുവരി ആറിന് പീപ്പിള്‍സ് ഡെമോക്രസിയില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിരുന്നു.

ഇതേ ഫോട്ടോ സ്റ്റോക് ഇമേജ് വെബ്സൈറ്റായ അലാമിയില്‍ 2019 ഫെബ്രുവരി 3ന് പോസ്റ്റ് ചെയ്തതായും കാണാം.  

നിഗമനം

രാംലീല മൈതാനിയിലെ ഇന്ത്യാ മുന്നണിയുടെ മഹാറാലിയുടെ ചിത്രം എന്ന പേരില്‍ പ്രചരിക്കുന്ന ഫോട്ടോ പഴയതും ബംഗാളില്‍ നിന്നുള്ളതുമാണ്. ഈ ചിത്രം ഉപയോഗിച്ചുള്ള നിലവിലെ പ്രചാരണങ്ങള്‍ തെറ്റാണ്. 

ദില്ലിയിലെ മഹാറാലി

നരേന്ദ്ര മോദി സർക്കാരിനെതിരെ ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച മഹാറാലിയിൽ 28 പ്രതിപക്ഷ പാർട്ടികളാണ് അണിനിരന്നത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി, രാജ്യത്തെ മറ്റ് പ്രധാന നേതാക്കളായ ശരദ് പവാർ, ഉദ്ധവ് താക്കറേ, അഖിലേഷ് യാദവ് തുടങ്ങി നീണ്ട നിര രാംലീല മൈതാനിയിലെത്തി. ഇവർക്കൊപ്പം കെജ്രിവാളിന്റെ ഭാര്യ സുനിതയും ഹേമന്ത് സോറന്‍റെ ഭാര്യ കല്പനയും വേദിയിൽ സന്നിഹിതരായിരുന്നു. 

Read more: ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ ഗോഡൗണിൽ നിന്ന് കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തോ; വീഡിയോയുടെ വസ്‍തുത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!