ബിജെപി നേതാവുമായി ബന്ധമുള്ള സംഭവമാണ് ഇതെന്ന് വീഡിയോയില്‍ പ്രത്യക്ഷ തെളിവുകളൊന്നും കാണാത്തതിനാല്‍ ദൃശ്യത്തിന്‍റെ വസ്തുത പരിശോധിക്കാം

ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്ന് കോടികളുടെ കള്ളപ്പണം പിടികൂടി എന്ന കുറിപ്പോടെ ഒരു വീഡിയോ ഫേസ്ബുക്കില്‍ വ്യാപകമാണ്. എണ്ണുന്ന നിരവധി യന്ത്രങ്ങള്‍ ഉപയോഗിച്ച് കെട്ടുകണക്കിന് നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നതാണ് വീഡിയോയില്‍ കാണുന്നത്. ബിജെപി നേതാവുമായി ബന്ധമുള്ള സംഭവമാണ് ഇതെന്ന് വീഡിയോയില്‍ പ്രത്യക്ഷ തെളിവുകളൊന്നും കാണാത്തതിനാല്‍ ദൃശ്യത്തിന്‍റെ വസ്തുത പരിശോധിക്കാം. 

പ്രചാരണം

'ഗുജറാത്ത് BJP നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ളപ്പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ കാണട്ടേ. ഇത് ഗത്യന്തരമില്ലാതെ ഒരു ഉദ്യോഗസ്ഥൻ്റെ മിടുക്കു കൊണ്ട് കണ്ടെടുത്തതാണ്. BJP ഭരിക്കുന്ന കാലം ഇതൊന്നും പെട്ടെന്ന് പുറത്തു വരില്ല. മോദിയുടെ ഭരണ തുടർച്ച കൊണ്ട് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുകയാണ്. ഒപ്പം അദാനി, അംബാനിയെ പോലുള്ളവർ ലോക കോടിശ്വരൻമാരായി വിലസുന്നു. ഇവരാണ് കോടികൾ കണക്കിൽ [ കണക്കിൽ പെടാതെ ശതകോടികൾ ] BJP ക്ക് ഇലക്ടറൽ ഫണ്ട് ആയി നൽകുന്നത്. ഇനിയും 3rd Term മോദി ഗവൺമെൻ്റ് വരണോ എന്ന് രാജ്യസ്നേഹികൾ ചിന്തിക്കുക'- ഇത്രയുമാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പുകളില്‍ പറയുന്നത്

എഫ്ബി പോസ്റ്റുകളുടെ ലിങ്കുകള്‍ 1, 2, 3 ഇവയില്‍ വായിക്കാം. പോസ്റ്റുകളുടെ സ്ക്രീന്‍ഷോട്ടുകള്‍ ചുവടെ ചേർക്കുന്നു. 

വസ്തുതാ പരിശോധന

മൊബൈല്‍ ഗെയിമിംഗ് ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ ബിസിനസുകാരനില്‍ നിന്ന് ഇഡി പണം പിടിച്ചെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണിത് എന്നത് യാഥാർഥ്യം. ഈ റെയ്ഡിന്‍റെ ദൃശ്യങ്ങള്‍ സഹിതം ദേശീയ മാധ്യമമായ ഇന്ത്യാ ടുഡേ 2022 സെപ്റ്റംബർ 11ന് യൂട്യൂബില്‍ വാർത്ത അപ്‍ലോഡ് ചെയ്തിട്ടുള്ളതാണ്. കേസുമായി ബന്ധപ്പെട്ട് ആമിർ ഖാന്‍ എന്ന വ്യവസായിയുടെ കൊല്‍ക്കത്തയിലെ ആറിടങ്ങളില്‍ ഇഡി റെയ്ഡ് നടത്തുകയായിരുന്നു. റെയ്ഡില്‍ ഏഴ് കോടി രൂപയും സ്വത്തുവകകളുടെ വിവിധ രേഖകളും പിടിച്ചെടുത്തതായി യൂട്യൂബ് വീഡിയോയുടെ വിവരണത്തില്‍ ഇന്ത്യാ ടുഡേ നല്‍കിയിട്ടുണ്ട്. ഇതേ വാർത്ത ഇന്ത്യാ ടുഡേയ്ക്ക് പുറമെ എന്‍ഡിടിവി ഉള്‍പ്പടെയുള്ള പ്രധാന മാധ്യമങ്ങളും അന്ന് നല്‍കിയതാണ്. 

Mobile Gaming App Scam : ED Recovers Massive Cash From Kolkata Businessman Linked To E-Nuggets App

നിഗമനം

ഗുജറാത്തിലെ ബിജെപി നേതാവിന്‍റെ ഗോഡൗണിൽ നിന്ന് കോടികളുടെ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വീഡിയോ പ്രചാരണം തെറ്റാണ്. കൊല്‍ക്കത്തയിലെ ഒരു വ്യവസായിയുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ നടത്തിയ റെയ്ഡിന്‍റെ വീഡിയോയാണ് തെറ്റായ തലക്കെട്ടുകളില്‍ ഫേസ്ബുക്കില്‍ വ്യാപകമായിരിക്കുന്നത്. 

Read more: ലോക്സഭ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്തില്ലെങ്കില്‍ 350 രൂപ പിഴയോ? സത്യമറിയാം- Fact Check