
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരാട് കോലിയും പ്രമുഖ നടി തമന്ന ഭാട്ടിയയും ഒന്നിച്ച് മഹാകുംഭമേളയില്‍ പങ്കെടുത്തോ? ഇരുവരും കുംഭമേളയില്‍ പങ്കെടുത്തതായി ഒരു ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ വൈറലാണ്. ഈ ചിത്രത്തിന്‍റെ വസ്‌തുത പരിശോധിക്കാം.
പ്രചാരണം
'തമന്ന ഭാട്ടിയയും വിരാട് കോലിയും മഹാകുംഭമേളയില്‍' എന്ന തലക്കെട്ടോടെയാണ് ഫോട്ടോ ഒരു ഫേസ്ബുക്ക് യൂസര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. #TamannaahBhatia #viratkohli #bestphotochallenge #stylechallenge എന്നീ ഹാഷ്‌ടാഗുകളും ഈ ഫോട്ടോയ്‌ക്കൊപ്പം കാണാം. അമ്പതിനായിരത്തിലേറെ ലൈക്കാണ് ഈ ഫേസ്ബുക്ക് പോസ്റ്റിന് ലഭിച്ചത്. ഈ സാഹചര്യത്തില്‍ വൈറല്‍ ചിത്രത്തിന്‍റെ വസ്‌തുത എന്താണെന്ന് നോക്കാം.
വസ്‌തുതാ പരിശോധന
വിരാടും തമന്നയുമുള്ള ഫോട്ടോയില്‍ ഒറ്റ നോട്ടത്തില്‍ തന്നെ ആസ്വാഭാവികത കാണാം. ഇരുവരുടെയും മുഖത്തിന് അസാധാരണായ മിനുസം കാണം. ഇത് എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന ഫോട്ടോകളില്‍ സര്‍വ്വസാധാരണമായ ന്യൂനതയാണ്. ഈ സൂചനയില്‍ നിന്ന് ഫോട്ടോ എഐ ആണോ എന്ന പരിശോധന നടത്തി. കോലിയുടെ കഴുത്തിലെ രുദ്രാഷ മാല മുറിഞ്ഞതായി തോന്നിക്കുന്നതും സംശയം ജനിപ്പിച്ചു.
ഫോട്ടോ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂളുകള്‍ ഉപയോഗിച്ച് നിര്‍മിച്ചതാണോ എന്ന് എഐ ഡിറ്റക്ഷന്‍ ടൂളുകളുടെ സഹായത്തോടെ പരിശോധിച്ചു. ഈ ഫാക്ട് ചെക്കില്‍ ലഭിച്ച ഫലങ്ങള്‍ വ്യക്തമാക്കുന്നത് ഈ ഫോട്ടോ എഐ നിര്‍മ്മിതം തന്നെയാണ് എന്നാണ്. എഐ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാനുള്ള ഹൈവ് മോഡറേഷന്‍ ടൂള്‍ ഈ ചിത്രം എഐ നിര്‍മ്മിതമാവാന്‍ 99.5 ശതമാനം സാധ്യത വ്യക്തമാക്കി.
നിഗമനം
തമന്ന ഭാട്ടിയയും വിരാട് കോലിയും മഹാകുംഭമേളയില്‍ ഒന്നിച്ച് പങ്കെടുത്തതായുള്ള ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതും എഐ നിര്‍മ്മിതവുമാണ്. സമാന തരത്തില്‍ മറ്റേറെ എഐ ചിത്രങ്ങളും മഹാകുംഭമേളയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
Read more: നക്ഷത്ര ചിഹ്നമുള്ള 500 രൂപ കറന്‍സികള്‍ വ്യാജമോ? സത്യമിത്- Fact Check
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം