
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍. മോശം ഭക്ഷണശീലവും മോശം ജീവിതശൈലിയുമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. പ്രോസസിഡ് ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ്, മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍, കലോറി കൂടിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ പരമാവധി ഒഴിവാക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ സഹായിക്കും.
ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും, ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കാനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...
1. ഫാറ്റി ഫിഷ്
സാൽമൺ, അയല, മത്തി തുടങ്ങി ഫാറ്റി ഫിഷില്‍ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ കൊഴുപ്പിന്‍റെ അളവും വീക്കവും കുറയ്ക്കാന്‍ സഹായിക്കുകയും ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കുറയ്ക്കുകയും ചെയ്യും.
2. ഇലക്കറികള്‍
ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ ചീര പോലെയുള്ള ഇലക്കറികൾ കഴിക്കുന്നത് കരളിലെ വീക്കം കുറയ്ക്കാനും ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
3. നട്സ്
ഒമേഗ 3 ഫാറ്റി ആസിഡും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വാള്‍നട്സ് പോലെയുള്ള നട്സുകള്‍ കഴിക്കുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
4. ഒലീവ് ഓയിൽ
മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളാല്‍ സമ്പന്നമായ ഒലീവ് ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളിലെ വീക്കം കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും ഇവ സഹായിക്കും.
5. അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഇവ കഴിക്കുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
6. ഗ്രീന്‍ ടീ
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഗ്രീന്‍ ടീ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
7. വെളുത്തുള്ളി
ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
8. മഞ്ഞള്‍
മഞ്ഞളിലെ കുർക്കുമിന് ശക്തമായ ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളുണ്ട്. ഇത് കരളിലെ കൊഴുപ്പ്, വീക്കം എന്നിവ കുറയ്ക്കാൻ സഹായിക്കും.