വണ്ണമല്ല, വയറാണോ പ്രശ്‌നം?; കുറയ്ക്കാം വെറും ഒരു ജ്യൂസിലൂടെ...

By Web TeamFirst Published May 12, 2019, 7:05 PM IST
Highlights

സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ വയര്‍ ചാടുന്ന ഒരു രീതിയും നമ്മളിപ്പോള്‍ കാണുന്നുണ്ട്. പലപ്പോഴും വണ്ണം കുറയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് വയര്‍ മാത്രം കുറയ്ക്കാന്‍

'ഫിറ്റ്‌നസ്' എന്ന വിഷയത്തിന് വളരെയധികം പ്രധാന്യം കൊടുക്കുന്ന യുവതലമുറയാണ് ഇന്നുള്ളത്. എന്നാല്‍ ജീവിതശൈലികളിലെ പ്രശ്‌നങ്ങള്‍ മൂലം 'ഫിറ്റ്‌നസ്' സൂക്ഷിക്കാന്‍ കഴിയാത്തവരാണ് മിക്കവാറും ചെറുപ്പക്കാരും. മണിക്കൂറുകളോളം ഇരുന്നുള്ള ജോലി, ആവശ്യത്തിന് ഉറക്കമില്ലാതാകുന്നത്, ഭക്ഷണത്തിലെ ക്രമക്കേടുകള്‍- ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടും ശരീരത്തെ വരുതിയില്‍ നിര്‍ത്താന്‍ നമുക്ക് സാധിക്കുന്നില്ല.

ഇപ്പറഞ്ഞ കാരണങ്ങളെല്ലാം എപ്പോഴും അമിതവണ്ണത്തിന് ഇടയാക്കണമെന്നില്ല. എന്നാല്‍ തീര്‍ച്ചയായും വയര്‍ കൂടാന്‍ ഇവ കാരണമാകുന്നുണ്ട്. സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ വയര്‍ ചാടുന്ന ഒരു രീതിയും നമ്മളിപ്പോള്‍ കാണുന്നുണ്ട്. പലപ്പോഴും വണ്ണം കുറയ്ക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് വയര്‍ മാത്രം കുറയ്ക്കാന്‍. 

ഇതിന് വേണ്ടി പ്രത്യേകം ചെയ്യേണ്ട വ്യായാമമുറകളുണ്ട്. അതിനൊപ്പം തന്നെ ഡയറ്റിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഭക്ഷണം കുറയ്ക്കുന്നതിനൊപ്പം തന്നെ ചിലത് ഡയറ്റിലുള്‍പ്പെടുത്തുന്നതും വയര്‍ കുറയ്ക്കാന്‍ സഹായിക്കും. അത്തരത്തിലൊരു ജ്യൂസിനെ കുറിച്ചാണ് പറയുന്നത്. 

രാത്രി അത്താഴം കഴിച്ച്, ഒരു മണിക്കൂറിന് ശേഷം കഴിക്കാനുള്ള ജ്യൂസാണ് ഇത്. ഇത് കുടിച്ച് അല്‍പസമയം കഴിഞ്ഞ് ഉറങ്ങാം. സ്ഥിരമാക്കിയാല്‍ ഈ ജ്യൂസിന് വലിയ മാറ്റങ്ങളാണ് ശരീരത്തില്‍ കൊണ്ടുവരാനാവുകയെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്. ഇനി ജ്യൂസിനെ പറ്റി പറയാം, എങ്ങനെയാണ് അത് തയ്യാറാക്കുന്നതെന്നും. 

വയറുകുറയ്ക്കാന്‍ ഒരു ജ്യൂസ്...

കക്കിരിക്കയും പാഴ്സ്ലി ഇലയുമാണ് ഈ ജ്യൂസിന്റെ പ്രധാന ചേരുവകള്‍. നമുക്കറിയാം, ഈ രണ്ട് സാധനത്തിനും നിരവധി ആരോഗ്യഗുണങ്ങളാണുള്ളത്. ശരീരഭാരം കുറയ്ക്കാനും നേരിട്ട് സഹായിക്കുന്ന രണ്ട് സസ്യാഹാരങ്ങളാണ് ഇവ. ഒരു കക്കിരിക്കയില്‍ ഏതാണ്ട് 45 കലോറിയാണുള്ളത്. ദഹനം സുഗമമാക്കുന്നതിലൂടെ ശരീരത്തിലുള്ള അധിക കലോറിയെ എരിച്ചുകളയാന്‍ കക്കിരി സഹായിക്കും. ധാതുക്കളാലും വിറ്റാമിനുകളാലും സമൃദ്ധമാണ് പാഴ്സ്ലി ഇല. ഇതും ആരോഗ്യത്തിന് കാര്യമായ ഗുണങ്ങള്‍ എത്തിക്കുന്നു. ഇവ രണ്ടിന്റെയും 'കോമ്പിനേഷന്‍' യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഇരട്ടി ഗുണങ്ങളാണ് നിദാനം ചെയ്യുന്നത്. 

ജ്യൂസ് തയ്യാറാക്കാം...

ആദ്യം ഇതിന് വേണ്ട ചേരുവകള്‍ നോക്കാം. ആദ്യം സൂചിപ്പിച്ചത് പോലെ കക്കിരിയും പാഴ്സ്ലി ഇലയും തന്നെയാണ് പ്രധാനമായും വേണ്ടത്. ഇതിനൊപ്പം ഇഞ്ചി, അല്‍പം നാരങ്ങനീര്, ഉപ്പ് എന്നിവയും ആകാം. 

കക്കിരി             - ഒരെണ്ണം ചെറുതായി മുറിച്ചത്
പാഴ്സ്ലി ഇല      - ഒരു പിടി
ഇഞ്ചി                 - ചെറിയ കഷ്ണം
നാരങ്ങാനീര്   - ഒര ടീസ്പൂണ്‍
ഉപ്പ്                      - ആവശ്യത്തിന്

ചേരുവകളെല്ലാം ഒരുമിച്ചിട്ട് മിക്‌സിയില്‍ അടിച്ചെടുക്കാം. ശേഷം തണുപ്പിച്ച ശേഷമോ അല്ലാതെയോ ഉപയോഗിക്കാം. ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എളുപ്പത്തിനാണ് രാത്രിയില്‍ കഴിക്കാന്‍ നിര്‍ദേശിക്കുന്നത്. 

click me!