പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഇതാ ഒരു കലക്കന്‍ ജ്യൂസ്!

By Web TeamFirst Published Mar 15, 2020, 8:57 PM IST
Highlights

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തോട് പിടിച്ചുനില്‍ക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു തയ്യാറെടുപ്പ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും പനിക്കാലം വരാറുണ്ട്, അല്ലേ? ഇത്തരത്തില്‍ പകര്‍ന്നുകിട്ടുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് അടിസ്ഥാനപരമായി വേണ്ടത് 'ഇമ്മ്യൂണിറ്റി' അഥവാ പ്രതിരോധശേഷിയാണ്
 

കൊവിഡ് 19 ഏറെ ആശങ്കയും ഭയവുമാണ് സാധാരണക്കാരില്‍ നിറയ്ക്കുന്നത്. എന്നാല്‍ ഭയത്തിനോ ആശങ്കയ്‌ക്കോ അല്ല മുന്‍കരുതലിനാണ് ഈ ഘട്ടത്തില്‍ നാം പ്രാധാന്യം നല്‍കേണ്ടത്. ഇതെക്കുറിച്ച് തന്നെയാണ് ആരോഗ്യവകുപ്പും ആരോഗ്യവിദഗ്ധരും വീണ്ടും ഊന്നിപ്പറയുന്നതും. 

രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ് നിലവിലെ സാഹചര്യത്തോട് പിടിച്ചുനില്‍ക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു തയ്യാറെടുപ്പ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി എല്ലാ വര്‍ഷവും പനിക്കാലം വരാറുണ്ട്, അല്ലേ?

ഇത്തരത്തില്‍ പകര്‍ന്നുകിട്ടുന്ന രോഗങ്ങളെ പ്രതിരോധിക്കാന്‍ നമുക്ക് അടിസ്ഥാനപരമായി വേണ്ടത് 'ഇമ്മ്യൂണിറ്റി' അഥവാ പ്രതിരോധശേഷിയാണ്. അതില്ലെങ്കില്‍ എളുപ്പത്തില്‍ രോഗങ്ങള്‍ പകര്‍ന്നുകിട്ടാന്‍ സാധ്യത കൂടുതലാണ്. മുഖ്യമായും ഭക്ഷണത്തിലൂടെ തന്നെയാണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രമിക്കേണ്ടത്. അതിന് സഹായകമാകുന്ന ഒരു ജ്യൂസിനെ കുറിച്ചാണ് ഇനി പറയുന്നത്. 

നെല്ലിക്ക, ഇഞ്ചി, മല്ലിയില/ പുതിനയില എന്നിവ ചേര്‍ത്താണ് ഈ ജ്യൂസ് തയ്യാറാക്കേണ്ടത്. ജലദോഷം പോലുള്ള അണുബാധകളെയെല്ലാം ചെറുക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് നെല്ലിക്ക. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍-സി ആണ് ഇത്തരത്തില്‍ രോഗാണുക്കളെ ചെറുത്ത് തോല്‍പിക്കാന്‍ നമ്മെ സഹായിക്കുന്നത്. 

 

 

വിറ്റാമിന്‍-സി രക്തത്തിലെ വെളുത്ത രക്താണുക്കള്‍ വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതാണ് പിന്നീട് പ്രതിരോധശേഷി കൂട്ടാനും വഴിയൊരുക്കുന്നത്. അതുപോലെ തന്നെ നെല്ലിക്കയില്‍ ധാരാളം ഇരുമ്പ് സത്ത്, കാത്സ്യം മറ്റ് ധാതുക്കള്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇവയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. 

ഇഞ്ചിയുടെ കാര്യമാണെങ്കില്‍, ഇതിലടങ്ങിയിരിക്കുന്ന 'ജിഞ്ചറോള്‍' എന്ന പദാര്‍ത്ഥത്തിന് പല ഔഷധഗുണങ്ങളുമുണ്ട്. അതിനാല്‍ അണുബാധകളെ ചെറുക്കാന്‍ ഇഞ്ചിയും നമ്മെ സഹായിക്കുന്നു. പുതിനയിലുടേയും മല്ലിയിലയുടേയും കാര്യം ഇതുതന്നെ. ഇവയിലെല്ലാം ധാരാളം ആന്റി ഓക്‌സിഡന്റുകളും അണുക്കളെ എതിരിടാന്‍ കെല്‍പുള്ള മറ്റ് പദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ട്. 

ഇത്രയും ഗുണങ്ങളുള്ളതിനാലാണ് നെല്ലിക്ക, ഇഞ്ചി, മല്ലിയില/പുതിനയില എന്നിവ കൊണ്ട് തന്നെ ജ്യൂസുണ്ടാക്കുന്നത്. ജ്യൂസ് തയ്യാറാക്കാന്‍ ആദ്യം അഞ്ചോ ആറോ നെല്ലിക്ക ചെറുതായി മുറിച്ചതെടുക്കാം. ഇതിനോടൊപ്പം ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി മുറിച്ചത് നാലോ അഞ്ചോ പുതിനയില അല്ലെങ്കില്‍ അത്ര തന്നെ മല്ലിയില എന്നിവ ചേര്‍ക്കാം. 

 

 

ഇവയെല്ലാം ഒരുമിച്ച് മിക്‌സിയിലിട്ട് അടിച്ചെടുക്കാം. ശേഷം അല്‍പം ബ്ലാക്ക് സാള്‍ട്ട്, തേന്‍, ചാറ്റ് മസാല എന്നിവ ചേര്‍ക്കാം. തേന്‍ ചേര്‍ക്കുന്നത് എപ്പോഴും ആരോഗ്യത്തിനും നല്ലതാണ്. എന്നാല്‍ ചാറ്റ് മസാല രുചിക്ക് വേണ്ടി മാത്രം ചേര്‍ക്കുന്നതാണ്. അതിനാല്‍ ഇത് ആവശ്യമെങ്കില്‍ മാത്രം ഉപയോഗിച്ചാല്‍ മതി. 

click me!