Zinc Rich Foods: പ്രതിരോധശേഷി കൂട്ടാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങള്‍...

Published : Sep 04, 2022, 09:53 AM ISTUpdated : Sep 04, 2022, 09:56 AM IST
Zinc Rich Foods: പ്രതിരോധശേഷി കൂട്ടാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം സിങ്ക് അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങള്‍...

Synopsis

ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം നിലനിർത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. 

നമ്മുടെ ശരീരത്തിന് അത്യാവശ്യമായ ഒരു ധാതുവാണ് സിങ്ക്. ശരീരത്തിന്‍റെ രോഗപ്രതിരോധ സംവിധാനം നിലനിർത്തുക, ദഹനം, നാഡികളുടെ പ്രവര്‍ത്തനം, ശാരീരിക വളര്‍ച്ച എന്നിവയ്ക്കും സിങ്ക് ആവശ്യമാണ്. മെറ്റബോളിസം നിരക്ക് ഉയര്‍ത്താനും സിങ്ക് സഹായിക്കും. 

അതുപോലെ തന്നെ, മുറിവുണക്കൽ പ്രക്രിയയെ ത്വരിതപ്പെടുത്താനും ഹൃദയം, കണ്ണ്, ചര്‍മ്മം എന്നിവയുടെ ആരോഗ്യത്തിനും സിങ്ക് സഹായിക്കും. അതിനാല്‍ സിങ്ക് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 

ശരീരത്തില്‍ സിങ്കിന്‍റെ അഭാവം മൂലം പ്രതിരോധശേഷി കുറയാനും ദഹനത്തെ മോശമായി ബാധിക്കാനും സാധ്യതയുണ്ട്. അതുപോലെ തന്നെ മുറിവ് ഉണങ്ങാന്‍ സമയമെടുക്കുക, തലമുടി കൊഴിച്ചില്‍, രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്. സിങ്കിന്റെ കുറവ് കുട്ടികളിലും കൗമാരക്കാരിലും വിളര്‍ച്ചയ്ക്ക് കാരണമാകുന്നു. അതിനാല്‍ ഇത്തരം പ്രശ്നങ്ങളെ തടയാന്‍ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. 

സിങ്ക് അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

ഒന്ന്...

സിങ്കിന്‍റെ നല്ല സ്രോതസ്സാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ പയറുവര്‍ഗങ്ങളായ നിലക്കടല, വെള്ളക്കടല, ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

രണ്ട്...

നട്സ് സിങ്കിന്റെ ഉറവിടമാണ്. അതിനാല്‍ ബദാം, കശുവണ്ടി, വാള്‍നട്സ്, തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. 

മൂന്ന്...

ഡാർക്ക് ചോക്ലേറ്റിലും ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ആന്റിഓക്‌സിഡന്റുകൾ, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയവയുടെ മികച്ച ഉറവിടം കൂടിയാണിത്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു.

നാല്...

പഴങ്ങളിലും പച്ചക്കറികളിലും സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. അവക്കാഡോ, പേരയ്ക്ക, മാതളം, ചീര, ബ്രൊക്കോളി എന്നിവ പ്രത്യേകം തെരഞ്ഞെടുത്ത് കഴിക്കാം. 

അഞ്ച്...

പാൽ, ചീസ്, തൈര് എന്നിവയുൾപ്പെടെയുള്ള പാലുൽപ്പന്നങ്ങളും സിങ്കിന്‍റെ സ്രോതസ്സാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

പോഷകങ്ങളുടെ കലവറയാണ് മുട്ട. വിറ്റാമിന്‍ എ, ബി, സി ഡി, ഇ  എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഒപ്പം കാത്സ്യം, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയില്‍ അഞ്ച് ശതമാനത്തോളം സിങ്ക് അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  

ഏഴ്...

ഓട്‌സ് സിങ്കിന്റെ മറ്റൊരു മികച്ച ഉറവിടമാണ്. കൂടാതെ മറ്റ് പോഷക ഗുണങ്ങളുമുണ്ട്. ഉയർന്ന നാരുകൾ ഉള്ളതിനാൽ വിശപ്പ് കുറയ്ക്കാൻ ഓട്സ് സഹായകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് ഓട്സ് ഫലപ്രദമാണ്.

എട്ട്...

ചിക്കനിലും അത്യാവശ്യം വേണ്ട സിങ്ക് അടങ്ങിയിട്ടുണ്ട്. ചിക്കന്‍ സൂപ്പ്, ഗ്രില്‍ ചെയ്ത ചിക്കന്‍ എന്നിവ കഴിക്കുന്നത്  സിങ്ക്ശ രീരത്തിലെത്തുന്നതിന് സഹായിക്കും.

Also Read: പല്ലുകളുടെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍