അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Mar 21, 2024, 4:08 PM IST
Highlights

മറവി രോഗത്തിന്‍റെ ആദ്യ നാളുകളിൽ വ്യക്തിക്ക്  ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും. തീവ്രഘട്ടത്തിൽ വ്യക്തി എത്തിച്ചേരുമ്പോൾ, ഓർമിക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. 

ഓര്‍മകള്‍ ക്രമേണ നശിച്ചു പോകുന്ന രോഗാവസ്ഥയെ ആണ് അൽഷിമേഴ്സ് എന്ന് പറയുന്നത്. അൽഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ്, പെരുമാറ്റം, ആശയവിനിമയ പ്രശ്നം എന്നിവയിലെ മാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. മറവി രോഗത്തിന്‍റെ ആദ്യ നാളുകളിൽ വ്യക്തിക്ക്  ജീവിതചര്യകളുമായി മുന്നോട്ടു പോകാൻ സാധിക്കും. തീവ്രഘട്ടത്തിൽ വ്യക്തി എത്തിച്ചേരുമ്പോൾ, ഓർമിക്കാനുള്ള കഴിവ് പൂർണമായും നഷ്ടപ്പെട്ടിട്ടുണ്ടാവും. സംസാരിക്കാനും പ്രതികരിക്കാനുമുള്ള കഴിവുകൾ  ഇല്ലാതായി തീരും. നടക്കാനും ഇരിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെയുള്ള ബുദ്ധിമുട്ടുകൾ  വളരെ തീവ്രമായ ഘട്ടത്തിലേക്ക് എത്തിച്ചേരാം. 

വർധിച്ചുവരുന്ന ഓർമക്കുറവ്, സാധാരണ ചെയ്യുന്ന കാര്യങ്ങള്‍ ചെയ്യാൻ കഴിയാതെ വരിക, സ്വന്തം മേൽവിലാസമോ ഫോൺനമ്പറോ വരെ മറന്നുപോവുന്ന അവസ്ഥ, വർഷം, തീയതി, ദിവസം എന്നിവ മറന്നു പോകുക, സ്ഥലകാലബോധം നഷ്ടപ്പെടുക,  വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍ തുടങ്ങിയവയൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാകാം. അൽഷിമേഴ്‌സ് രോഗത്തിന്‍റെ അപകടസാധ്യത കുറയ്ക്കാന്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടത് പ്രധാനമാണ്. തലച്ചോറിന്‍റെ ആരോഗ്യത്തെ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പന്നമായ സമീകൃതാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതും പ്രധാനമാണ്. അത്തരത്തില്‍ അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഫാറ്റി ഫിഷാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാനും  അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും. 

രണ്ട്... 

ബെറി പഴങ്ങളാണ് രണ്ടാമതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകളാല്‍ സമ്പന്നമായ സ്ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. മറവി രോഗ സാധ്യതയെ കുറയ്ക്കാനും ഇവ സഹായിക്കും.

മൂന്ന്... 

ഇലക്കറികളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, ഫോളേറ്റ് തുടങ്ങിയവ അടങ്ങിയ ചീല പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ ഗുണം ചെയ്യും. 

നാല്... 

നട്സും സീഡുകളുമാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, ആന്‍റി ഓക്സിഡന്‍റുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയവ അടങ്ങിയ നട്സുകളും സീഡുകളും കഴിക്കുന്നതും തലച്ചോറിന്‍റ ആരോഗ്യത്തിനും ഓര്‍മ്മശക്തി കൂട്ടാനും നല്ലതാണ്. 

അഞ്ച്... 

മഞ്ഞളാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞളിലെ കുര്‍ക്കുമിന്‍ മികച്ച ആന്‍റി ഓക്സിഡന്‍റായി പ്രവര്‍ത്തിച്ചുകൊണ്ട് അൽഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും. 

ആറ്... 

പയറുവര്‍ഗങ്ങളാണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ തുടങ്ങിയവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും തലച്ചോറിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ഏഴ്... 

ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്.  ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഇവയും തലച്ചോറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. 

Also read: ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുന്ന ഈ അഞ്ച് ഭക്ഷണങ്ങളെ വേനൽക്കാലത്ത് ഒഴിവാക്കാം...

youtubevideo

click me!