'ഇമ്മ്യൂണിറ്റി' കൂട്ടാം വണ്ണം കുറയ്ക്കാം; ബീറ്റ്‌റൂട്ട്- ക്യാരറ്റ് കഞ്ഞി തയ്യാറാക്കുന്നതിങ്ങനെ...

By Web TeamFirst Published Dec 1, 2020, 7:16 PM IST
Highlights

മഞ്ഞുകാലത്ത് വിളവേറുന്ന ബീറ്റ്‌റൂട്ട്- ക്യാരറ്റ് എന്നീ പച്ചക്കറികളുപയോഗിച്ച് തയ്യാറാക്കുന്ന 'സ്‌പെഷ്യല്‍' കഞ്ഞിയെ കുറിച്ചാണ് പറയുന്നത്. പേര് കേള്‍ക്കുമ്പോള്‍ നമ്മള്‍ സാധാരണഗതിയില്‍ വീട്ടില്‍ തയ്യാറാക്കാറുള്ള കഞ്ഞിയാണെന്ന് കരുതരുത്. അല്‍പം വ്യതസ്തമായൊരു വിഭവമാണിത്

കൊവിഡ് 19 മഹാമാരിയുടെ വരവോടുകൂടി ദൈനംദിന ജീവിതത്തില്‍ രോഗപ്രതിരോധ ശേഷിയുടെ സുപ്രധാനമായ പങ്കെന്താണെന്ന കാര്യത്തില്‍ മിക്കവരും ബോധ്യത്തിലായിട്ടുണ്ട്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് വൈറസ് പെട്ടെന്ന് കയറിപ്പറ്റുകയെന്ന ആരോഗ്യവിദഗ്ധരുടെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പോടെയാണ് ഈ വിഷയത്തിന് ഇത്രമാത്രം ശ്രദ്ധ ലഭിച്ചുതുടങ്ങിയത്. 

പ്രധാനമായും ഭക്ഷണത്തിലൂടെ തന്നെയാണ് നമുക്ക് പ്രതിരോധ ശേഷി മെച്ചപ്പെടുത്താനാവുക. ഇതിനായി ധാരാളം പച്ചക്കറികള്‍, സീസണലായ പഴങ്ങള്‍ എന്നിവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 

ഇപ്പോള്‍ നമുക്കറിയാം, മഞ്ഞുകാലമാണ്. അണുബാധകള്‍ വ്യാപകമാകുന്ന സമയമാണ്. പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടത് കൊവിഡ് കാലം കൂടി ആയതിനാല്‍ വളരെ അവശ്യം പുലര്‍ത്തേണ്ടുന്ന കരുതലാണ്. അതിനാല്‍ത്തന്നെ ഭക്ഷണത്തില്‍ കാര്യമായ ശ്രദ്ധ ചെലുത്തിയേ മതിയാകൂ. അത്തരത്തില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വിഭവമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. 

മഞ്ഞുകാലത്ത് വിളവേറുന്ന ബീറ്റ്‌റൂട്ട്- ക്യാരറ്റ് എന്നീ പച്ചക്കറികളുപയോഗിച്ച് തയ്യാറാക്കുന്ന 'സ്‌പെഷ്യല്‍' കഞ്ഞിയെ കുറിച്ചാണ് പറയുന്നത്. പേര് കേള്‍ക്കുമ്പോള്‍ നമ്മള്‍ സാധാരണഗതിയില്‍ വീട്ടില്‍ തയ്യാറാക്കാറുള്ള കഞ്ഞിയാണെന്ന് കരുതരുത്. അല്‍പം വ്യതസ്തമായൊരു വിഭവമാണിത്.

ഇതിലേക്ക് ബീറ്റ്‌റൂട്ടും ക്യാരറ്റും തന്നെ തെരഞ്ഞെടുക്കാന്‍ കാരണം, അവയ്ക്ക് രണ്ടിനുമുള്ള നിരവധി ആരോഗ്യഗുണങ്ങള്‍ പരിഗണിച്ചാണ്. പ്രതിരോധ ശേഷിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന വിറ്റാമിന്‍- സിയുടെ മികച്ചൊരു സ്രോതസാണ് ക്യാരറ്റ്. അതുപോലെ തന്നെ ബീറ്റ്‌റൂട്ടും. ഇതിന് പുറമെ ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ-കെരാട്ടിന്‍ കോശങ്ങളെ ശക്തിപ്പെടുത്തുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണെങ്കില്‍ അത്തരത്തിലുള്ള പ്രയോജനങ്ങളും ഈ പച്ചക്കറികള്‍ക്ക് നല്‍കാനാകും. 

ബീറ്റ്‌റൂട്ട്- ക്യാരറ്റ് കഞ്ഞി തയ്യാറാക്കുന്നതെങ്ങനെ...

ആദ്യം ഇതിനാവശ്യമായ ചേരുവകള്‍ ഏതെല്ലാമാണെന്ന് ഒന്ന് നോക്കാം. 

ക്യാരറ്റ്  - തൊലി കളഞ്ഞ് മുറിച്ചുവച്ചത് അഞ്ചെണ്ണം
ബീറ്റ്‌റൂട്ട്   -   തൊലി കളഞ്ഞ് കനമില്ലാതെ അരിഞ്ഞത് രണ്ടെണ്ണം
വെള്ളം   -  പത്ത് കപ്പ്
മുളകുപൊടി  - ഒടു ടീസ്പൂണ്‍
കടുക് പൊടി  - രണ്ട് ടീസ്പൂണ്‍
ബ്ലാക്ക് സാള്‍ട്ട്  - ആവശ്യത്തിന്
റൈ പൗഡര്‍   - അഞ്ച് ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

എല്ലാ ചേരുവകളും കൂടി ഒരു സെറാമിക്/ ഗ്ലാസ് ജാറില്‍ ചേര്‍ത്ത് യോജിപ്പിച്ച് വയ്ക്കുക. ഇനിയിത് നന്നായി അടച്ച് അഞ്ച് ദിവസത്തേക്ക് വെയില്‍ പതിക്കുന്ന തരത്തില്‍ വയ്ക്കുക. ദിവസത്തില്‍ ഒരിക്കലോ അല്ലെങ്കില്‍ രണ്ട് തവണകളായോ അടപ്പ് തുറന്ന് ഇവയെ ഒന്ന് ഇളക്കിക്കൊടുക്കണം. അഞ്ച് ദിവസം കഴിഞ്ഞ് രുചിച്ചുനോക്കുമ്പോള്‍ പുളിപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ സംഗതി തയ്യാറായെന്ന് മനസിലാക്കാം. ഇത് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ കൂടി സഹായകമാകുന്നൊരു വിഭവമാണ്.

Also Read:- ശരീരഭാരം കുറയ്ക്കാന്‍ നിലക്കടല സഹായിക്കുമോ?...

click me!