
നമ്മള്‍ സാധാരണഗതിയില്‍ കടകളില്‍ നിന്ന് വാങ്ങിക്കാറുള്ള അതേ ഉത്പന്നങ്ങള്‍ തന്നെ വലിയ മാളുകളില്‍ നിന്നോ അല്ലെങ്കില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ നിന്നോ ഒക്കെ വാങ്ങിക്കുമ്പോള്‍ ഇരട്ടിവില ഈടാക്കുന്നത് കണ്ടിട്ടില്ലേ?
എന്നാല്‍ കഴുത്തറുക്കും വിധത്തിലുള്ള കത്തിവിലയിട്ട് തന്നാല്‍ എന്ത് ചെയ്യണം? ഏത് ബോളിവുഡ് താരമാണെങ്കിലും ഒന്ന് പ്രതികരിച്ചുപോകും. അതുതന്നെയാണ് നടന്‍ രാഹുല്‍ ബോസും ചെയ്തത്.
ഛത്തീസ്ഗഡിലെ 'ജെ ഡബ്ല്യൂ മാരിയറ്റ്' ഹോട്ടലില്‍ വച്ചാണ് രാഹുല്‍ ബോസിന് ഈ ദുരനുഭവമുണ്ടായത്. ഹോട്ടലില്‍ തന്നെയുള്ള ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്ത ശേഷം, രണ്ട് പഴം വാങ്ങിയതാണ് നടന്‍. എന്നാല്‍ ഇതിന്റെ ബില്ല് കണ്ടപ്പോള്‍ കണ്ണുതള്ളിയെന്ന് മാത്രം. രണ്ട് റോബസ്റ്റ പഴത്തിന് 442 രൂപ ബില്ല്.
ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ പ്രതിഷേധ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹോട്ടലിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയോ, മോശമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യാതെ വളരെ ലളിതമായ രീതിയില്‍ കാര്യം പറയുക മാത്രമാണ് വീഡിയോയില്‍.
'നിങ്ങളിത് വിശ്വസിച്ചേ പറ്റൂ. പഴങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആര് പറഞ്ഞു? ..' എന്ന് തുടങ്ങുന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്യുകയും, വിഷയത്തില്‍ സജീവമായ ചര്‍ച്ച നടത്തുകയും ചെയ്യുന്നുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ നടത്തുന്ന കൊള്ളയെ തുറന്നുകാട്ടുന്നതാണ് രാഹുലിന്റെ വീഡിയോ എന്നാണ് ഒരു വിഭാഗം അഭിപ്രായപ്പെടുന്നത്.
വീഡിയോ കാണാം...