രാത്രി ഭക്ഷണത്തിനൊപ്പം ഈ പാനീയങ്ങൾ കുടിക്കരുത്; ഇത് ദഹനക്കേടിനും ഉറക്കമില്ലായ്മയ്ക്കും കാരണമാകും

Published : Aug 03, 2026, 10:06 AM IST
sugary drinks

Synopsis

രാത്രി കുടിക്കുന്ന ചില പാനീയങ്ങൾ ദഹനവ്യവസ്ഥയെ തകരാറിലാക്കാനും, നെഞ്ചെരിച്ചിൽ ഉണ്ടാക്കാനും, ഉറക്കത്തെ തടസ്സപ്പെടുത്താനും കാരണമാകാറുണ്ട്.

രാത്രിയിൽ എന്ത് കഴിക്കണം എന്ന കാര്യത്തിൽ ശ്രദ്ധിക്കുന്ന പലരും ഭക്ഷണത്തോടൊപ്പം കുടിക്കുന്ന പാനീയങ്ങളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്താറില്ല. എന്നാൽ രാത്രി കുടിക്കുന്ന ചില പാനീയങ്ങൾ ദഹനവ്യവസ്ഥയെ തകരാറിലാക്കാനും, നെഞ്ചെരിച്ചിൽ ഉണ്ടാക്കാനും, ഉറക്കത്തെ തടസ്സപ്പെടുത്താനും കാരണമാകാറുണ്ട്, ഇവ ഒഴിവാക്കാം.

മധുരമുള്ള സോഫ്റ്റ് ഡ്രിങ്കുകൾ

സോഫ്റ്റ് ഡ്രിങ്കുകളിൽ അധികമായി ചേർത്ത പഞ്ചസാരയും കലോറിയുമാണുള്ളത്. രാത്രി ഭക്ഷണത്തോടൊപ്പം ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ ഇടയാക്കും. കൂടാതെ, ഇതിലെ കാർബണേഷൻ വയറ് വീർക്കാനും അസ്വസ്ഥത ഉണ്ടാക്കാനും കാരണമാകുന്നു.

എനർജി ഡ്രിങ്കുകൾ

ഉയർന്ന അളവിൽ കഫീനും പഞ്ചസാരയും ഉത്തേജകങ്ങളും അടങ്ങിയ എനർജി ഡ്രിങ്കുകൾ രാത്രിയിൽ കുടിക്കുന്നത് ഉറക്കം വൈകാനും, ഹൃദയമിടിപ്പ് കൂട്ടാനും, അസ്വസ്ഥതയ്ക്കും ഇടയാക്കും. ഷുഗർ-ഫ്രീ ഡ്രിങ്കുകളിൽ പോലും ഉറക്കം കെടുത്താൻ ആവശ്യമായ കഫീൻ അടങ്ങിയിട്ടുണ്ട്.

കാപ്പി

രാത്രി ഭക്ഷണത്തിനു ശേഷം കാപ്പി കുടിക്കുന്നത് കഫീന്റെ സാന്നിധ്യം കാരണം ഉറക്കം തടസ്സപ്പെടുത്തും. കൂടാതെ വയറ്റിൽ ആസിഡ് ഉൽപ്പാദനം കൂട്ടുന്നതിനാൽ നെഞ്ചെരിച്ചിലിനും ആസിഡ് റിഫ്ലക്സിനും ഉള്ള സാധ്യതയേറെയാണ്.

കടുപ്പമുള്ള ചായകൾ

ബ്ലാക്ക് ടീ, ഗ്രീൻ ടീ എന്നിവയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഇവ കുടിക്കുന്നത് ആഴത്തിലുള്ള സുഖകരമായ ഉറക്കത്തെ ബാധിക്കും. രാത്രിയിൽ ചായ കുടിക്കാൻ ആഗ്രഹിക്കുന്നവർ കഫീൻ ഇല്ലാത്ത ഹെർബൽ ടീ തെരഞ്ഞെടുക്കുന്നതാണ് നല്ലത്.

മദ്യം

മദ്യം കഴിച്ചാൽ പെട്ടെന്ന് ഉറക്കം വരുമെന്ന് കരുതുന്നത് തെറ്റാണ്. തുടക്കത്തിൽ ഉറക്കം തൂങ്ങൽ അനുഭവപ്പെടുമെങ്കിലും ഇത് ഉറക്കത്തിന്റെ രണ്ടാം പകുതിയെ സാരമായി ബാധിക്കുകയും, ഇടയ്ക്കിടെ ഉറക്കം ഉണരാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ വയറ്റിലെ ആസിഡ് അളവ് കൂട്ടി നെഞ്ചെരിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.

പാക്കറ്റ് ഫ്രൂട്ട് ജ്യൂസുകൾ

പാക്കറ്റുകളിൽ ലഭിക്കുന്ന ഫ്രൂട്ട് ജ്യൂസുകളിൽ പ്രകൃതിദത്ത ഫൈബർ കുറവും കൃത്രിമ പഞ്ചസാര കൂടുതലുമായിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ പെട്ടെന്ന് വ്യതിയാനങ്ങൾ ഉണ്ടാക്കും. ജ്യൂസിന് പകരം മുഴുവൻ പഴങ്ങൾ കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യകരം.

മിൽക്ക് ഷേക്കുകൾ

ചോക്ലേറ്റ് മിൽക്ക് ഷേക്കുകളിലും ഫ്ലേവേർഡ് ഡ്രിങ്കുകളിലും ഉയർന്ന അളവിൽ കലോറിയും കൊഴുപ്പും അടങ്ങിയിരിക്കുന്നു. രാത്രിയിൽ ഇവ കഴിക്കുന്നത് ദഹനം മന്ദഗതിയിലാക്കുകയും ശരീരഭാരം കൂട്ടാൻ ഇടയാക്കുകയും ചെയ്യും.

കാർബണേറ്റഡ് പാനീയങ്ങൾ

സോഡയും മറ്റ് ഗ്യാസ് അടങ്ങിയ പാനീയങ്ങളും ദഹനവ്യവസ്ഥയിൽ ഗ്യാസ് കെട്ടിക്കിടക്കാൻ കാരണമാകുന്നു. ഇത് വയറ് വീർക്കൽ, പുളിച്ചു തികട്ടൽ, ദഹനക്കേട് എന്നിവ ഉണ്ടാക്കും.

PREV
Read more Articles on
click me!

Recommended Stories

ദിവസവും രാവിലെ നാരങ്ങ, ഇഞ്ചി, മഞ്ഞൾ വെള്ളം എന്നിവ കുടിക്കുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ
തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തണോ? ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ