
അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ട. ചായ, കറികൾ, മധുരപലഹാരങ്ങൾ, ബിരിയാണി എന്നിവയിലെല്ലാം ഇത് സാധാരണയായി ഉപയോഗിക്കാറുണ്ട്. മികച്ച സുഗന്ധത്തിനും രുചിക്കും പുറമെ, ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും പൊതുവായ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി ഘടകങ്ങൾ കറുവപ്പട്ടയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മറ്റു ഗുണങ്ങൾ ഇവയാണ്.
ശരീരഭാരം കൃത്യമായി നിയന്ത്രിക്കുന്നതിൽ ആരോഗ്യകരമായ ദഹനപ്രക്രിയ വലിയ പങ്കുവഹിക്കുന്നു. കറുവപ്പട്ട വെള്ളം കുടിക്കുന്നത് ദഹനം സുഗമമാക്കാനും, കഴിക്കുന്ന ഭക്ഷണം പെട്ടെന്ന് ദഹിപ്പിക്കാനും, വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ കറുവപ്പട്ട സഹായിക്കും. ഇത് പെട്ടെന്നുണ്ടാകുന്ന വിശപ്പും മറ്റ് ഭക്ഷണങ്ങളോടുള്ള അമിതമായ ആസക്തിയും കുറയ്ക്കുന്നു.
മെറ്റബോളിസം ഉയർത്താൻ സഹായിക്കും
ദിനംപ്രതിയുള്ള ശീലങ്ങളിൽ കറുവപ്പട്ട വെള്ളം ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക മെറ്റബോളിസം പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കും. മികച്ച മെറ്റബോളിസം ശരീരത്തിലെ ഊർജ്ജ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കാൻ സഹായിക്കുന്നു.
ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നം
ശരീരകോശങ്ങളെ ഓക്സിഡേറ്റീവ് സ്ട്രെസിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ അമിതഭാരം കുറയ്ക്കാൻ സഹായിക്കും.
മധുരത്തോടുള്ള ആസക്തി കുറയ്ക്കാം
ആരോഗ്യകരമായ ഭക്ഷണരീതിക്കൊപ്പം ഇത് ശീലമാക്കുന്നത് മധുരപാനീയങ്ങളോടും പ്രോസസ്സ് ചെയ്ത ലഘുഭക്ഷണങ്ങളോടുമുള്ള ആസക്തി കുറയ്ക്കാൻ സഹായിക്കും.
അറിയേണ്ടത്
ആരോഗ്യകരമായ അളവിൽ കഴിക്കുകയാണെങ്കിൽ കറുവപ്പട്ട വെള്ളം നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. എന്നാൽ ഏതെങ്കിലും ഒരു പാനീയമോ ആഹാരമോ മാത്രം കഴിച്ചതുകൊണ്ട് തടി കുറയില്ല. മൊത്തത്തിലുള്ള ആരോഗ്യകരമായ ജീവിതരീതിയാണ് ശാശ്വതമായ ഭാരക്കുറവിന് പ്രധാനം.