
ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ഉപ്പ്. എന്നാൽ ഇതിന്റെ അമിതമായ ഉപയോഗം നിശ്ശബ്ദമായി ആരോഗ്യത്തെ നശിപ്പിക്കും. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദ്ദം ഉയർത്തുമെന്ന കാര്യം എല്ലാവർക്കും അറിയാമെങ്കിലും, ഇത് വൃക്കകളെ എങ്ങനെ ബാധിക്കുന്നുവെന്നതിനെക്കുറിച്ച് പലരും ബോധവാന്മാരല്ല. ഒരാൾ പ്രതിദിനം 5 ഗ്രാമിൽ താഴെ ഉപ്പ് മാത്രമേ ഉപയോഗിക്കാൻ പാടുള്ളു. എന്നാൽ സംസ്കരിച്ച ഭക്ഷണങ്ങളുടെയും മാറുന്ന ഭക്ഷണരീതികളുടെയും ഫലമായി ഭൂരിഭാഗം ആളുകളും ഈ പരിധിയേക്കാൾ കൂടുതൽ ഉപ്പ് കഴിക്കുന്നുണ്ട്. ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളുകയും ദ്രാവകസമതുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്ന വൃക്കകളെ ഈ അധിക ഉപയോഗം ക്രമേണ തളർത്തുന്നു. ലക്ഷണങ്ങളൊന്നും പ്രകടമാക്കാതെ നിശബ്ദമായാണ് വൃക്കരോഗങ്ങൾ വളരുന്നത് എന്നതാണ് ഇതിന്റെ പ്രധാന അപകടസാധ്യത.
ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സ്വാഭാവിക ഫിൽട്ടറുകളാണ് വൃക്കകൾ. അമിതമായി ഉപ്പ് കഴിക്കുമ്പോൾ അതിലെ സോഡിയം രക്തത്തിലേക്ക് കൂടുതൽ വെള്ളത്തെ വലിച്ചെടുക്കുന്നു. ഇത് രക്തത്തിന്റെ അളവ് കൂട്ടുകയും രക്തസമ്മർദ്ദം ഉയർത്തുകയും ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം കാലക്രമേണ വൃക്കകളിലെ സൂക്ഷ്മമായ രക്തധമനികളെ തകരാറിലാക്കുന്നു.
ഉപ്പ്, രക്തസമ്മർദ്ദം, വൃക്കകളുടെ ആരോഗ്യം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തുടർച്ചയായ സോഡിയം ഉപയോഗം മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദം വൃക്കകൾക്ക് വൻ സമ്മർദ്ദമാണ് ഉണ്ടാക്കുന്നത്. അമിതമായ ഉപ്പ് ഉപയോഗം വൃക്കകളുടെ പ്രവർത്തനക്ഷമത വേഗത്തിൽ കുറയ്ക്കുന്നു. കൂടാതെ മൂത്രത്തിലെ രാസഘടനയിൽ മാറ്റം വരുത്തി വൃക്കയിൽ കല്ലുകൾ രൂപപ്പെടാനുള്ള സാധ്യതയും ഇത് കൂട്ടും. വേദനയോ മറ്റ് ലക്ഷണങ്ങളോ ഇല്ലാതെയാണ് ഇത് സംഭവിക്കുന്നത്. അതിനാൽ രോഗം ഗുരുതരമാകുന്നതുവരെ പലരും ഇതറിയാറില്ല.
ഭക്ഷണത്തിൽ ഒളിഞ്ഞിരിക്കുന്ന ഉപ്പ്
പാചകത്തിൽ കുറച്ച് ഉപ്പ് മാത്രമേ ചേർക്കുന്നുള്ളൂ എങ്കിലും, നാം അറിയാതെ കഴിക്കുന്ന പല ഭക്ഷണങ്ങളിലൂടെയും സോഡിയം ശരീരത്തിലെത്തുന്നുണ്ട്. പ്രധാനമായും താഴെ പറയുന്ന സംസ്കരിച്ച ഭക്ഷണങ്ങളിലാണ് അധികമായി ഉപ്പ് അടങ്ങിയിരിക്കുന്നത്.
2. ബ്രെഡ്, ബിസ്കറ്റുകൾ, ഇൻസ്റ്റന്റ് മിക്സുകൾ
3. അച്ചാറുകൾ, പപ്പടം, സോസുകൾ
4. സംസ്കരിച്ച ഇറച്ചി ഉൽപ്പന്നങ്ങൾ
ഭക്ഷണത്തിലെ രുചി ഒട്ടും കുറയ്ക്കാതെ തന്നെ ഉപ്പ് ഒഴിവാക്കാൻ സാധിക്കും. ഈ രീതികൾ പിന്തുടരാം.
2. 'ലോ സോഡിയം' എന്ന് രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾ നോക്കി വാങ്ങാം.
3. പ്രിസെർവ് ചെയ്ത കാൻഡ് ഫുഡുകൾ ഉപയോഗിക്കുന്നതിന് മുൻപ് വെള്ളത്തിൽ കഴുകുന്നത് അവയിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
4. വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കാം. ഇത് ഭക്ഷണത്തിലെ ഉപ്പിന്റെ അളവ് കൃത്യമായി നിയന്ത്രിക്കാൻ സഹായിക്കും.
5. ഉപ്പിന് പകരം തുളസി, ബേസിൽ, ഇഞ്ചി, വെളുത്തുള്ളി, ജീരകം എന്നിവ ചേർത്ത് ഭക്ഷണത്തിന് രുചി കൂട്ടുക.
6. സാധ്യമാകുമ്പോഴെല്ലാം പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, കൃത്രിമമായി ഒന്നും ചേർക്കാത്ത മറ്റ് ഭക്ഷണങ്ങൾ എന്നിവ തിരഞ്ഞെടുക്കുക.