കഴിക്കാം മനസിന്റെ സന്തോഷത്തിന് വേണ്ടിയും അല്‍പം ഭക്ഷണം...

By Web TeamFirst Published Sep 6, 2020, 11:30 PM IST
Highlights

നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നത് തീര്‍ച്ചയായും നിങ്ങളുടെ ശരീരത്തിനൊപ്പം തന്നെ മനസിനേയും സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കുക. അതിനനുസരിച്ച് ഡയറ്റ് ക്രമീകരിക്കുക. വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹത്തിന്റെ താളം തെറ്റാതിരിക്കാനും അവയെ പൂര്‍വ്വാധികം സജീവമാക്കി നിലനിര്‍ത്താനും സഹായകമായ തരത്തിലുള്ള ഭക്ഷണമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്

വിശപ്പകറ്റാനും ആരോഗ്യം കാത്തുസൂക്ഷിക്കാനുമാണ് നാം ഭക്ഷണം കഴിക്കുന്നത്. ഈ രണ്ട് ആവശ്യങ്ങളും പ്രധാനമായും ശരീരത്തിന്റേതായാണ് നാം മനസിലാക്കുന്നതും. എന്നാല്‍ ശരീരം എന്നതില്‍ കവിഞ്ഞ് മനസിന്റെ ആരോഗ്യത്തിനും ഭക്ഷണം ആവശ്യമാണ്. മനസിന്റെ സന്തോഷവും ഡയറ്റും തമ്മിലുള്ള ബന്ധം മിക്കപ്പോഴും അധികമാരും അറിയാതെ പോകുകയാണ് പതിവ്. 

നാം അനുഭവിക്കുന്ന വിശപ്പ്, നമ്മുടെ ഉറക്കം, 'മൂഡ്', വേദനയെ ശമിപ്പിക്കാനുള്ള കഴിവ് എന്നിവയെ എല്ലാം സ്വാധീനിക്കുന്ന 'സെറട്ടോണിന്‍' എന്ന ഘടകത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഈ 'സെറട്ടോണിന്‍' 95 ശതമാനവും ഉത്പാദിപ്പിക്കപ്പെടുന്നത് വയറ്റിനകത്ത് വച്ചാണ്. എന്നുവച്ചാല്‍ നമ്മുടെ ദഹനാവയവങ്ങളുടെ ആരോഗ്യം നമ്മുടെ മാനസികാവസ്ഥയെ അത്രമാത്രം ആശ്രയിച്ചാണ് കിടക്കുന്നതെന്ന് സാരം.

കുടലില്‍ ധാരാളം ബാക്ടീരിയകള്‍ കാണപ്പെടുന്നുണ്ട്. ഒരു വിഭാഗം നമുക്ക് ഉപയോഗപ്പെടുന്നതും മറുവിഭാഗം ഉപയോഗമില്ലാത്തതും. ഈ രണ്ട് വിഭാഗങ്ങളുടേയും 'ബാലന്‍സ്' തെറ്റുന്ന സാഹചര്യത്തില്‍ അത് 'സെറട്ടോണിന്‍' ഉത്പാദനത്തേയും ബാധിക്കുന്നു. ഒരു മനുഷ്യന്‍ ജനിച്ചുകഴിഞ്ഞ്, ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ അയാളില്‍ പ്രത്യേകമായി ബാക്ടീരിയല്‍ സമൂഹം (മൈക്രോബയോം) രൂപപ്പെടുന്നുണ്ട്. പ്രത്യേകമായി എന്നാല്‍ അത് മറ്റൊരാളുടേതിന് സമാനമാകുന്നില്ല എന്നര്‍ത്ഥം. 

ഈ ബാക്ടീരിയല്‍ സമൂഹത്തിന്റെ 'ബാലന്‍സ്' തെറ്റിക്കഴിഞ്ഞാലും അത് എപ്പോള്‍ വേണമെങ്കിലും പഴയ രൂപത്തിലേക്ക് ആക്കിയെടുക്കാനാകും. എന്നാല്‍ അതിന് കൃത്യമായതും ആരോഗ്യകരമായതുമായ ഡയറ്റ് ആവശ്യമാണ്. വിഷാദരോഗം, ഉത്കണ്ഠ -തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് പ്രധാനമായും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. 

നിങ്ങള്‍ എന്ത് കഴിക്കുന്നു എന്നത് തീര്‍ച്ചയായും നിങ്ങളുടെ ശരീരത്തിനൊപ്പം തന്നെ മനസിനേയും സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കുക. അതിനനുസരിച്ച് ഡയറ്റ് ക്രമീകരിക്കുക. വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹത്തിന്റെ താളം തെറ്റാതിരിക്കാനും അവയെ പൂര്‍വ്വാധികം സജീവമാക്കി നിലനിര്‍ത്താനും സഹായകമായ തരത്തിലുള്ള ഭക്ഷണമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. 

കട്ടത്തൈര് ഇതിന് മികച്ചൊരു ഉദാഹരണമാണ്. പഴങ്ങളിലാണെങ്കില്‍ നേന്ത്രപ്പഴമാണ് ഏറ്റവും നല്ലത്. അതുപോലെ പ്രോസസ്ഡ് ഭക്ഷണം, കൃത്രിമ മധുരം ചേര്‍ത്ത വിഭവങ്ങള്‍ എന്നിവയെല്ലാം ഡയറ്റില്‍ നിന്ന് പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് ഉത്തമം. റെഡ് മീറ്റിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്യാം.

Also Read:- വിഷാദവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉള്ളവര്‍ക്കായി ഒരു 'സിംപിള്‍ ടിപ്'...

click me!