Asianet News MalayalamAsianet News Malayalam

വിഷാദവും ഉത്കണ്ഠയും ഉറക്കമില്ലായ്മയും ഉള്ളവര്‍ക്കായി ഒരു 'സിംപിള്‍ ടിപ്'

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ ഭക്ഷണത്തിലൂടെ മറികടക്കാനാകുമോ? ഒരു പരിധി വരെ കഴിയുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ബിഎംജി ന്യൂട്രീഷ്യന്‍ പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്ത്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഈ പഠനം സംബന്ധിച്ച വിവരങ്ങള്‍ വന്നിരിക്കുന്നത്

people who suffer depression and anxiety can eat probiotic and prebiotioc food for cure
Author
Trivandrum, First Published Jul 15, 2020, 11:01 PM IST

ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും എന്ന അവബോധം ഇപ്പോഴും ആളുകള്‍ക്കിടയില്‍ ഇല്ല എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. പലപ്പോഴും വിഷാദവും ഉത്കണ്ഠയുമൊക്കെ അനുഭവിക്കുന്നവര്‍ക്ക് വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്നതും ഈ അവബോധമില്ലായ്മ മൂലമാണ്. 

വിഷാദരോഗമായാലും ഉത്കണ്ഠയായാലും ഉറക്കമില്ലായ്മ (ഇന്‍സോമ്‌നിയ) ആയാലുമൊക്കെ അതിന് അനുസരിച്ചുള്ള ചികിത്സ തേടേണ്ടത് അനിവാര്യമാണ്. ചികിത്സയ്‌ക്കൊപ്പം തന്നെ ജീവിതരീതികളിലും കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടിവരും. 

മാനസിക വിഷമതകളെ മറികടക്കാന്‍ സഹായിക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കൂടുതലായി ഡയറ്റിലുള്‍പ്പെടുത്താം. ഉറക്കത്തിന്റേയും ഉണരുന്നതിന്റേയും സമയം ക്രമീകരിക്കാം, വ്യായാമം പതിവാക്കാം. അങ്ങനെ പല തരത്തില്‍ ജീവിതരീതിയെ മെച്ചപ്പെടുത്താം. 

 

people who suffer depression and anxiety can eat probiotic and prebiotioc food for cure

 

എന്നാല്‍ ഭക്ഷണത്തിലൂടെ മാത്രം ഇത്തരം രോഗികള്‍ക്ക് വലിയ തോതില്‍ ആശ്വാസം കണ്ടെത്താമോ? അല്ലെങ്കില്‍ ഭക്ഷണവും ഇങ്ങനെയുള്ള മാനസികപ്രശ്‌നങ്ങളും തമ്മിലെന്താണ് ബന്ധം, അല്ലേ?

സത്യത്തില്‍ ഭക്ഷണവും മനസും തമ്മില്‍ വലിയ ബന്ധം തന്നെയാണുള്ളത്. ദഹനാവയവങ്ങളേയും തലച്ചോറിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചാല്‍ തന്നെ നമുക്കുള്ളിലുണ്ടത്രേ. അതായത് നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മില്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് സാരം. 

അങ്ങനെയെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഭവിക്കുന്ന വ്യതിയാനങ്ങളെ ഭക്ഷണത്തിലൂടെ മറികടക്കാനാകുമോ? ഒരു പരിധി വരെ കഴിയുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 'ബിഎംജി ന്യൂട്രീഷ്യന്‍ പ്രിവന്‍ഷന്‍ ആന്റ് ഹെല്‍ത്ത്' എന്ന പ്രമുഖ ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഈ പഠനം സംബന്ധിച്ച വിവരങ്ങള്‍ വന്നിരിക്കുന്നത്. 

വിഷാദവും ഉത്കണ്ഠയുമെല്ലാം അനുഭവിക്കുന്നവര്‍ ഡയറ്റില്‍ 'പ്രോബയോട്ടിക്', 'പ്രീബയോട്ടിക്' ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാകുമെന്നാണ് ഈ പഠനം പറയുന്നത്. നമ്മുടെ ശരീരത്തിനാവശ്യമായ തരത്തിലുള്ള ബാക്ടിരീയകളെയാണ് 'പ്രോബയോട്ടിക്‌സ്' എന്ന് വിളിക്കുന്നത്. ഇവയടങ്ങിയ ഭക്ഷണമാണ് 'പ്രോബയോട്ടിക്' ഭക്ഷണങ്ങള്‍. 

 

people who suffer depression and anxiety can eat probiotic and prebiotioc food for cure

 

പ്രകൃതിദത്തമായ 'ഷുഗര്‍', 'ഫൈബര്‍' എന്നിവയെ ആണ് 'പ്രീബയോട്ടിക്‌സ്' എന്ന് വിളിക്കുന്നത്. ഇവ ശരീരത്തിനാവശ്യമായ തരം ബാക്ടീരിയകളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. ഇത്തരം ഭക്ഷണങ്ങളെയാണ് 'പ്രീബയോട്ടിക്' ഭക്ഷണങ്ങള്‍ എന്ന് പറയുന്നത്. 

ഈ രണ്ട് വിഭാഗത്തിലും പെടുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നത് മൂലം 'ഗട്ട് ബാക്ടീരിയ' അഥവാ ശരീരത്തിന് ആവശ്യമായ തരം ബാക്ടീരിയകള്‍ കൂടുതലായി ഉണ്ടാകുന്നു. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തേയും ഗുണകരമായി സ്വാധീനിക്കുന്നു. അതിലൂടെ വിഷാദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നീ പ്രശ്‌നങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കാനും ആകുന്നു എന്നാണ് പഠനം വാദിക്കുന്നത്.

Also Read:- വിശക്കുമ്പോള്‍ 'മൂഡ്' പോകുന്നതും കഴിക്കുമ്പോള്‍ 'ഹാപ്പി'യാകുന്നതും വെറുതെയല്ല...

Follow Us:
Download App:
  • android
  • ios