കുട്ടികള്‍ക്ക് 'എന്തെങ്കിലും' കഴിക്കാന്‍ കൊടുക്കല്ലേ; ഇതാ അറിയേണ്ട അഞ്ച് കാര്യങ്ങള്‍...

By Web TeamFirst Published Jun 22, 2020, 8:39 PM IST
Highlights

പലപ്പോഴും നേരത്തിന് 'എന്തെങ്കിലും' കൊടുത്ത് കുട്ടികളുടെ വയറുനിറയ്ക്കാനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കാറ്. കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ എങ്ങനെയും കഴിപ്പിക്കുക തന്നെ. എന്നാല്‍ ഇങ്ങനെ 'എന്തെങ്കിലും' കഴിപ്പിക്കുന്നത് കൊണ്ട് സത്യത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് കാര്യമായ പ്രയോജനമൊന്നും ഉണ്ടാകില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്

ലോക്ഡൗണ്‍ ആയതോടെ മിക്ക കുടുംബങ്ങളും നേരിട്ട ഒരു പ്രധാന പ്രശ്‌നം കുട്ടികളെ മുഴുവന്‍ സമയവും കൈകാര്യം ചെയ്യുക എന്നതായിരുന്നു. സാധാരണഗതിയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയം മാതാപിതാക്കളെ സംബന്ധിച്ച് അല്‍പം ശ്വാസമെടുക്കാന്‍ ലഭിക്കുന്ന സമയമായിരുന്നു. എന്നാല്‍ ലോക്ഡൗണ്‍ ആയതോടെ ആ ആശ്വാസത്തിന് വകയില്ലാതായി. 

അതോടൊപ്പം തന്നെ ക്ലാസുകള്‍ ഓണ്‍ലൈനായി തുടങ്ങുക കൂടി ചെയ്തതോടെ പല വീടുകളിലും കുട്ടികളെ നോക്കുന്നത് വലിയ ജോലിയായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇവരുടെ ഭക്ഷണക്രമവും ശീലങ്ങളുമെല്ലാം മാറിപ്പോകുന്നത് അടുത്ത പ്രശ്‌നം. 

പലപ്പോഴും നേരത്തിന് 'എന്തെങ്കിലും' കൊടുത്ത് കുട്ടികളുടെ വയറുനിറയ്ക്കാനാണ് മിക്ക മാതാപിതാക്കളും ശ്രമിക്കാറ്. കഴിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ എങ്ങനെയും കഴിപ്പിക്കുക തന്നെ. എന്നാല്‍ ഇങ്ങനെ 'എന്തെങ്കിലും' കഴിപ്പിക്കുന്നത് കൊണ്ട് സത്യത്തില്‍ കുട്ടികളുടെ ആരോഗ്യത്തിന് കാര്യമായ പ്രയോജനമൊന്നും ഉണ്ടാകില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

 


ഒരുപക്ഷേ മുതിര്‍ന്നവരുടെ ഡയറ്റിനെക്കാള്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടത് കുട്ടികളുടെ ഡയറ്റാണെന്നും ഇവര്‍ പറയുന്നു. അത്തരത്തില്‍ കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കേണ്ടുന്ന അഞ്ച് കാര്യങ്ങളെ പട്ടികപ്പെടുത്തുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍. 

ഒന്ന്...

മിക്കവാറും കുട്ടികളുള്ള വീടുകളില്‍ പതിവായി വാങ്ങിവയ്ക്കുന്ന ഭക്ഷണസാധനങ്ങളിലൊന്നാണ് ബേക്കറി പലഹാരങ്ങള്‍. എന്നാല്‍ ഇത് അത്ര നല്ല ശീലമല്ലെന്നറിയുക. ചെറുപ്പം തൊട്ട് തന്നെ ഈ ഭക്ഷണശീലം കുട്ടികളില്‍ വളര്‍ത്താതിരിക്കുക. 

സീസണലായ പഴങ്ങള്‍ കുട്ടികളെ കഴിപ്പിച്ച് ശീലിപ്പിക്കണം. മാമ്പഴം, നേന്ത്രപ്പഴം എന്നിങ്ങനെയുള്ള പഴങ്ങളാണ് കുട്ടികള്‍ക്ക് ഏറ്റവും നല്ലത്. ജങ്ക് ഫുഡും കുട്ടികള്‍ക്ക് പരമാവധി നല്‍കാതിരിക്കുക. 

രണ്ട്...

ഉച്ചയ്ക്ക് കുട്ടികള്‍ക്ക് ചോറ് തന്നെ നല്‍കാം. എന്നാല്‍ അതിനോടൊപ്പം എന്തെങ്കിലും പയറുവര്‍ഗങ്ങളില്‍ പെട്ട ഭക്ഷണവും നല്‍കാന്‍ ശ്രമിക്കുക. വെള്ളക്കടല, രാജ്മ, പരിപ്പ് എന്നിങ്ങനെ എന്തുമാകാം. ഇവ നേരത്തെ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കണം. ശേഷം അധികം മസാലയൊന്നും ചേര്‍ക്കാതെ പാകം ചെയ്‌തെടുത്ത് നല്‍കാം. 

 

 

കഴിയുമെങ്കില്‍ ചെറുപ്പം തൊട്ട് തന്നെ കുട്ടികള്‍ക്ക് മോര്- തൈര് എന്നിവ ചോറിനൊപ്പം നല്‍കി ശീലിപ്പിക്കുക. ഇതും അവരുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ഈ രണ്ട് ഘടകങ്ങളുണ്ടെങ്കില്‍ തന്നെ കുട്ടികള്‍ക്ക് സമ്പൂര്‍ണ്ണ 'ലഞ്ച്' ആയെന്നാണ് രുജുത ദിവേകര്‍ പറയുന്നത്. 

മൂന്ന്...

കുട്ടികള്‍ക്ക് എപ്പോഴും നേരത്തേ അത്താഴം നല്‍കുക. ഏഴ് മണിയാണ് ഏറ്റവും ഉത്തമം. അത്താഴത്തിന് ചോറ് ഒഴിവാക്കി ശീലിക്കുന്നത് തന്നെയാണ് നല്ലത്. ചപ്പാത്തിയോ വെജിറ്റബിള്‍ പുലാവോ ഒക്കെയാകാം രാത്രിയിലത്തെ ഭക്ഷണം. പച്ചക്കറികള്‍ ഏതും അവരെ കഴിപ്പിച്ച് ശീലിക്കണം. ചെറുതില്‍ നിന്നേ തുടങ്ങേണ്ടതാണ് ശീലങ്ങള്‍ എന്ന് മാതാപിതാക്കള്‍ മനസിലാക്കുക. 

ഇനി, ജങ്ക് ഫുഡുകള്‍ ആവശ്യപ്പെടുന്ന കുട്ടികളാണെങ്കില്‍ അത് വീട്ടില്‍ തന്നെ തയ്യാറാക്കി നല്‍കണം. ഹോം മെയ്ഡ് പിസയോ ബര്‍ഗറോ പാസ്തയോ ഒക്കെ താരതമ്യേന അപകടം കുറഞ്ഞതാണ്. ഇത്തരം പൊടിക്കൈകളെല്ലാം മാതാപിതാക്കള്‍ നിര്‍ബന്ധമായും പഠിച്ചുവയ്‌ക്കേണ്ടതാണ്. 

 

 

നാല്...

കുട്ടികള്‍ക്കാകുമ്പോള്‍ ഇടയ്ക്കിടെ സ്‌നാക്‌സ് നല്‍കണം. അതിനായി 'റൈസിന്‍സ്' തെരഞ്ഞെടുക്കാം. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി 12, അയേണ്‍ എന്നിവ കുട്ടികളുടെ ആരോഗ്യത്തിന് വലിയ രീതിയില്‍ ഗുണകരമാകും. ഊര്‍ജ്ജസ്വലതയോടെയിരിക്കാനും ഹോര്‍മോണ്‍ ബാലന്‍സ് കൃത്യമാകാനും ഇത് അവരെ സഹായിക്കും.

അഞ്ച്...

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് എന്തെങ്കിലും കൊറിക്കുന്ന ശീലം പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഈ ശീലം കുട്ടികളിലേക്ക് പകരാതിരിക്കുക. രാത്രിയില്‍ ഏറെ നേരം ടിവിക്കും ഇന്റര്‍നെറ്റിനും മുമ്പില്‍ ചിലവിടുന്നവരാണെങ്കില്‍ അത് കുട്ടികള്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷമാകാം. അഥവാ അത്താഴത്തിന് ശേഷം എന്തെങ്കിലും അവര്‍ കഴിക്കാന്‍ ആവശ്യപ്പെട്ടാല്‍ പാല്‍, മാംഗോ- ബനാന ഷേയ്ക്ക്, അതല്ലെങ്കില്‍ ഫ്രഷ് ആയ മാംഗോ- ബനാന എന്നിവയിലേതെങ്കിലും ഒക്കെ നല്‍കാം.

Also Read:- പ്രതിരോധശേഷി കൂട്ടാം; സിങ്ക് അടങ്ങിയ ഏഴ് ഭക്ഷണങ്ങൾ ശീലമാക്കൂ...

click me!