ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പരകൾ തോറ്റപ്പോൾ താൻ ഏറെ വിമർശിക്കപ്പെട്ടുവെന്നും അന്ന് തനിക്ക് ആത്മവിശ്വാസം നൽകിയത് ഐസിസി ചെയർമാൻ ജയ് ഷാ ആണെന്നും ഗംഭീർ.
അഹമ്മദാബാദ്: കരിയറിലെ ഏറ്റവും വലിയ വെല്ലുവിളികൾക്കും കടുത്ത വിമർശനങ്ങൾക്കും നടുവിലും ഇന്ത്യയെ മൂന്നാം ടി20 ലോകകിരീടത്തിലേക്ക് നയിച്ച് കോച്ച് ഗൗതം ഗംഭീർ. ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ ചരിത്രം കുറിച്ചതിന് പിന്നാലെ ഈ കിരീടം തന്‍റെ മുന്‍ഗാമികളായ രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണും സമര്‍പ്പിക്കുന്നുവെന്ന് ഗംഭീര്‍ പറഞ്ഞു.
ഈ ട്രോഫി ഞാൻ രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണനും സമർപ്പിക്കുന്നു. ഇന്ത്യൻ ടീമിനെ ഈ നിലയിൽ എത്തിച്ചതിന് രാഹുൽ ഭായിയോടും, മികച്ച യുവനിരയെ വാർത്തെടുത്തതിന് ലക്ഷ്മണനോടും കടപ്പെട്ടിരിക്കുന്നുവെന്ന് ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ന്യൂസിലൻഡിനോടും ദക്ഷിണാഫ്രിക്കയോടും ടെസ്റ്റ് പരമ്പരകൾ തോറ്റപ്പോൾ താൻ ഏറെ വിമർശിക്കപ്പെട്ടുവെന്നും അന്ന് തനിക്ക് ആത്മവിശ്വാസം നൽകിയത് ഐസിസി ചെയർമാൻ ജയ് ഷാ ആണെന്നും ഗംഭീർ വെളിപ്പെടുത്തി. എന്‍റെ കരിയറിലെ ഏറ്റവും മോശം സമയത്ത് ജയ് ഭായ് എന്നെ വിളിച്ചു. ആ പിന്തുണ വലുതായിരുന്നു. അതുപോലെ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നല്‍കിയ പിന്തുണക്കും ഗംഭീര്‍ നന്ദി പറഞ്ഞു. സോഷ്യൽ മീഡിയയിലെ ആളുകളോടല്ല, ഡ്രസ്സിംഗ് റൂമിലെ ആ 30 പേരോടാണ് എനിക്ക് ഉത്തരവാദിത്തമുള്ളത്, ഗംഭീര്‍ വ്യക്തമാക്കി.
വ്യക്തിഗത നേട്ടങ്ങൾ ആഘോഷിക്കുന്നത് നിർത്തി, ടീമിന്‍റെ വിജയങ്ങൾ ആഘോഷിക്കാനാണ് എല്ലായ്പ്പോഴും ശ്രമിച്ചതെന്ന് ഗംഭീര്‍ പറഞ്ഞു. ഒരുപാട് കാലം നമ്മള്‍ വ്യക്തിഗത നേട്ടങ്ങളായിരുന്നു ആഘോഷിച്ചിരുന്നത്. ഇനിയെങ്കിലും അത് നിര്‍ത്തി ടീമിന്‍റെ നേട്ടം ആഘോഷിക്കണമെന്നാണ് എനിക്ക് ആളുകളോട് പറയാനുള്ളത്. തോൽവി ഭയന്നല്ല, മറിച്ച് ധൈര്യത്തോടെയാണ് നമ്മൾ കളിക്കേണ്ടത്. 250 റൺസ് ഫൈനലിൽ നേടാനായത് ആ ധീരതയുടെ ഫലമാണെന്നും ഗൗതം ഗംഭീർ
ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായുള്ള തന്‍റെ ആത്മബന്ധമാണ് ടീമിന്‍റെ വിജയത്തിന് പിന്നിലെന്നും ഗംഭീർ കൂട്ടിച്ചേർത്തു. 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ സ്വർണം നേടുകയാണ് ടീമിന്‍റെ അടുത്ത ലക്ഷ്യമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.വിശ്വാസത്തിന്‍റെയും ഉറപ്പിന്‍റെയും അടിസ്ഥാനത്തിലാണ് ഞാൻ ടീമുകളെ തിരഞ്ഞെടുത്തത്. വെറും പ്രതീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ ഞാൻ ഒരിക്കലും ഒരു ടീമിനെയും തിരഞ്ഞെടുത്തിട്ടില്ലെന്നും സൂര്യ പറഞ്ഞു.
