Latest Videos

വിശക്കുമ്പോള്‍ 'മൂഡ്' പോകുന്നതും കഴിക്കുമ്പോള്‍ 'ഹാപ്പി'യാകുന്നതും വെറുതെയല്ല...

By Web TeamFirst Published Jun 20, 2020, 10:04 PM IST
Highlights

വിശന്നാല്‍ 'മൂഡ്' മോശമാകുന്നത് പോലെ ചില ഭക്ഷണം കഴിച്ചാലും 'മൂഡ് ബോര്‍' ആകുമത്രേ, അതുപോലെ ചില ഭക്ഷണത്തിലൂടെ വലിയ സന്തോഷവും ലഭിക്കാം. എന്തായാലും ഭക്ഷണവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചില നല്ല വശങ്ങളെക്കുറിച്ച് നമുക്കൊന്ന് മനസിലാക്കിയാലോ...

വിശന്നുകഴിഞ്ഞാല്‍ പിന്നെ ഒന്നിലും ശ്രദ്ധയുറക്കില്ല. നേരത്തിന് ഭക്ഷണം കൂടി കിട്ടിയില്ലെങ്കില്‍ പിന്നെ പറയാനുമില്ല. ആകെ അസ്വസ്ഥതയും ദേഷ്യവും സങ്കടവുമൊക്കെ ആയിരിക്കും. ഭക്ഷണത്തിന്റെ കാര്യത്തില്‍ മിക്കവരുടേയും സ്വഭാവം ഇങ്ങനെ തന്നെ. 

എന്നാല്‍ എന്തുകൊണ്ടായിരിക്കും വിശക്കുമ്പോഴേക്ക് ഇത്തരത്തില്‍ 'മൂഡ്' മാറുന്നതെന്നും ഭക്ഷണം കിട്ടുമ്പോള്‍ 'ഹാപ്പി' ആകുന്നതെന്നും ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ മാനസികാവസ്ഥകളും നമ്മള്‍ കഴിക്കുന്ന ഭക്ഷണവും തമ്മില്‍ അത്രമാത്രം അടുത്ത ബന്ധമാണോ ഉള്ളത്! ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

വിശന്നാല്‍ 'മൂഡ്' മോശമാകുന്നത് പോലെ ചില ഭക്ഷണം കഴിച്ചാലും 'മൂഡ് ബോര്‍' ആകുമത്രേ, അതുപോലെ ചില ഭക്ഷണത്തിലൂടെ വലിയ സന്തോഷവും ലഭിക്കാം. എന്തായാലും ഭക്ഷണവും മാനസികാവസ്ഥയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന ചില നല്ല വശങ്ങളെക്കുറിച്ച് നമുക്കൊന്ന് മനസിലാക്കിയാലോ...

ഒന്ന്...

ആദ്യം പറയാനുള്ളത് നേരത്തേ സൂചിപ്പിച്ച വിഷയം തന്നെ. അതായത് വിശക്കുമ്പോള്‍ മോശം മാനസികാവസ്ഥയിലെത്തുന്നതിന്റെ കാരണം. ശരീരത്തിന് ഊര്‍ജം ആവശ്യമായിവരുമ്പോഴാണ് വിശപ്പ് അനുഭവപ്പെടുന്നത്. 

 


എന്നാല്‍ ആ സമയത്ത് ഭക്ഷണം ലഭിക്കാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് താഴുന്നു. ഇതാണ് അസ്വസ്ഥതയ്ക്കും ക്ഷീണത്തിനുമെല്ലാം ഇടയാക്കുന്നത്. ഈ പ്രശ്‌നം ഒഴിവാക്കാന്‍ കൃത്യമായ ഇടവേളകളില്‍ പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിക്കാം. ദീര്‍ഘനേരം കഴിക്കാതിരിക്കുന്ന സാഹചര്യം നിര്‍ബന്ധമായും ഒഴിവാക്കുക. 

രണ്ട്...

ചില ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ പെട്ടെന്ന് 'മൂഡ്' നല്ലതായി വരും. ഇതിനുദാഹരണമാണ് 'ഒമേഗ 3 ഫാറ്റി ആസിഡുകള്‍' അടങ്ങിയ ഭക്ഷണങ്ങള്‍. നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതില്‍ 'ഒമേഗ 3 ഫാറ്റി ആസിഡുകള്‍'ക്ക് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫാറ്റിയായ മത്സ്യങ്ങള്‍, വാള്‍നട്ട്‌സ്, ഫ്‌ളാക്‌സ് സീഡ്‌സ്, പംപ്കിന്‍ സീഡ്‌സ് എന്നിവയെല്ലാം 'ഒമേഗ 3 ഫാറ്റി ആസിഡുകള്‍' അടങ്ങിയ ഭക്ഷണങ്ങളാണ്. 

മൂന്ന്...

'സെറട്ടോണിന്‍' എന്ന ഹോര്‍മോണിനെ കുറിച്ച് മിക്കവരും കേട്ടുകാണും. നമ്മളെ എളുപ്പത്തില്‍ സന്തോഷിപ്പിക്കാന്‍ കഴിയുന്ന പദാര്‍ത്ഥമാണിത്. 

 

 

സന്തോഷം, സംതൃപ്തി, ശുഭാപ്തിവിശ്വാസം എന്നിവയെല്ലാം പകരാന്‍ 'സെറട്ടോണിന്' കഴിവുണ്ട്. ഇതിന്റെ ഉത്പാദനത്തിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് എപ്പോഴും ഉന്മേഷത്തോടും സന്തോഷത്തോടും കൂടിയിരിക്കാന്‍ സഹായിക്കും. യോഗര്‍ട്ട്, ബദാം, നേന്ത്രപ്പഴം, മുട്ട എന്നിവ ഇതിന് ഉദാഹരണമാണ്. 

നാല്...

ഭക്ഷണത്തിലെ 'അയേണ്‍' ഘടകവും നമ്മുടെ മാനസികാവസ്ഥയെ ബാധിക്കുന്ന ഒന്നാണ്. വിളര്‍ച്ച, 'മൂഡ് ഡിസോര്‍ഡര്‍', എപ്പോഴും അസ്വസ്ഥത, വിഷാദം എന്നിവയിലേക്കെല്ലാം 'അയേണ്‍' കുറവ് നമ്മളെ നയിക്കുന്നുണ്ട്. മാത്രമല്ല തലച്ചോറിന്റെ ചില പ്രവര്‍ത്തനങ്ങളേയും ഇത് ബാധിക്കുന്നത് മൂലം 'ശ്രദ്ധ' (കോണ്‍സന്‍ട്രേഷന്‍) നഷ്ടമാകുന്ന സാഹചര്യവും ഇതുണ്ടാക്കുന്നു. അതിനാല്‍ ശരീരത്തിന് ആവശ്യമായ 'അയേണ്‍' ഭക്ഷണത്തിലൂടെയെത്തുന്നുണ്ടെന്ന് എപ്പോഴും ഉറപ്പുവരുത്തണം. ധാന്യങ്ങള്‍, ഈന്തപ്പഴം, നട്ട്‌സ്, സീഡ്‌സ്, ചീര, പരിപ്പുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ധാരാളമായി കഴിക്കുക. 

അഞ്ച്...

നേരത്തേ സൂചിപ്പിച്ച 'സെറട്ടോണിന്‍' എന്ന 'ഹാപ്പി ഹോര്‍മോണി'ന്റെ ഉത്പാദനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത് കുടലില്‍ കാണപ്പെടുന്ന ബാക്ടീരിയകളാണ്. 'പ്രോബയോട്ടിക്‌സ്' എന്നാണ് ഇവ അറിയപ്പെടുന്നത്. ശരീരത്തിന് ആവശ്യമായ ഈ ബാക്ടീരിയകളുടെ കൂട്ടത്തില്‍ വരുന്ന അസാധാരണമായ വ്യത്യാസങ്ങള്‍ 'സെറട്ടോണിന്‍' ഉത്പാദനത്തേയും ബാധിക്കും. തുടര്‍ന്ന് നമ്മുടെ മാനസികാവസ്ഥയേയും. അതിനാല്‍ കുടലിന്റെ അഥവാ വയറിന്റെ ആരോഗ്യം മുന്‍നിര്‍ത്തിക്കൊണ്ട് ഭക്ഷണം കഴിക്കുക. മലബന്ധം, ഗ്യാസ്, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ വരാതെ ശ്രദ്ധിക്കുക. 

 

 

ധാരാളം ഫൈബറടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തുക. 'പ്രോബയോട്ടിക്‌സി'ന് ഗുണകരമാകുന്ന തൈര് പോലുള്ള പദാര്‍ത്ഥങ്ങളും കഴിക്കുക. ഒപ്പം മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുകയും ചെയ്യുക. 

Also Read:- മോശം കൊളസ്ട്രോൾ ‌കരളിനെ ബാധിക്കുമോ; അറിയാം ചില കാര്യങ്ങൾ...

ആറ്...

നമ്മള്‍ എന്ത് കഴിക്കുന്നു എന്നതിനെ ആശ്രയിച്ച് തന്നെയാണ് നമ്മുടെ ശാരീരികവും മാനസികവും ആയ അവസ്ഥകള്‍ ഉടലെടുക്കുന്നത്. എന്നാല്‍ അതിനൊപ്പം തന്നെ എങ്ങനെ കഴിക്കുന്നു എന്നതും പ്രധാനമാണ്. സന്തോഷത്തോടും സംതൃപ്തിയോടും കൂടി ആസ്വദിച്ച് അല്‍പാല്‍പമായി ഭക്ഷണം കഴിക്കാന്‍ ശീലിക്കുക. പ്രിയപ്പെട്ടവരുമായി പങ്കുവച്ച് ഭക്ഷണം കഴിക്കുന്നതും വളരെ നല്ലതാണ്. ഇത് സന്തോഷം പ്രദാനം ചെയ്യുന്ന 'ഓക്‌സിടോസിന്‍' എന്ന ഹോര്‍മോണിന്റെ ഉത്പാദനത്തിന് സഹായിക്കുന്നു. ഉത്കണ്ഠ, പേടി എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ 'ഓക്‌സിടോസിന്‍' ഏറെ സഹായിക്കുന്നുണ്ട്.

Also Read:- പ്രമേഹരോഗികൾക്ക് പഴങ്ങൾ കഴിക്കാമോ...?

click me!