ചർമ്മ സൗന്ദര്യം നിലനിര്‍ത്താന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം...

By Web TeamFirst Published Sep 20, 2020, 10:51 AM IST
Highlights

ത്വക്കിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങളും നിങ്ങളെ സഹായിക്കും.

മുഖസൗന്ദര്യം നിലനിര്‍ത്താന്‍ എന്തൊക്കെ ചെയ്യാം എന്നാണ് പലരും ചിന്തിക്കുന്നത്. ത്വക്കിന്‍റെ മൃദുത്വവും തിളക്കവും നിലനിര്‍ത്താന്‍ ഡയറ്റില്‍ ഒരല്‍പ്പം ശ്രദ്ധ കൊടുത്താല്‍ മാത്രം മതി. ചർമ്മ സൗന്ദര്യത്തെ പരിപോഷിപ്പിക്കാൻ ചില ഭക്ഷണങ്ങളും നിങ്ങളെ സഹായിക്കും.

ആരോഗ്യമുള്ള ചർമ്മത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഓറഞ്ചാണ് ഈ പട്ടികയിലെ ഒന്നാമന്‍. വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും ഫൈബറും അടങ്ങിയ  ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച, കറുത്ത പാടുകൾ  എന്നിവയെ അകറ്റുകയും ചെയ്യുന്നു. 

രണ്ട്...

ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒരു മത്സ്യമാണ് സാൽമൺ. ചർമ്മ സൗന്ദര്യത്തിനും സാൽമൺ മത്സ്യം കഴിക്കുന്നത് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകളുടെ പ്രധാന സ്രോതസ്സാണ് സാൽമൺ. ഇത് കൊളാജന്റെയും പ്രോട്ടീന്റെയും ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നു. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യ പൂർണമായി സംരക്ഷിക്കുകയും ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അകറ്റാൻ സഹായിക്കുകയും ചെയ്യും.

മൂന്ന്...

വാള്‍നട്സ് ആണ് ഈ പട്ടികയില്‍ ഉള്‍പ്പെടുന്ന മൂന്നാമന്‍. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ എന്നിവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഈ നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ മിക്കപ്പോഴും തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും. 

നാല്...

പച്ചിലക്കറികളാണ് അടുത്തത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇവ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചര്‍മ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. 

അഞ്ച്...

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ പഴം അഥവാ വെണ്ണപ്പഴം. അവക്കാഡോയിൽ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി1, ബി2, ബി3, ബി6, സി, ഇ, കെ എന്നിവയാൽ സമ്പന്നമായ അവക്കാഡോ  തിളക്കമുള്ള ചർമ്മത്തെ നിങ്ങൾക്ക് സമ്മാനിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താനും അവക്കാഡോയ്ക്ക് കഴിയും. അതുകൊണ്ടു തന്നെ ചർമ്മം കൂടുതൽ ചെറുപ്പമായി തോന്നുകയും ചെയ്യും. 

Also Read: തിളക്കമുള്ള ചർമ്മത്തിനായി രാവിലെ ഈ കാര്യങ്ങൾ ചെയ്യാം...

click me!