മുഖസൗന്ദര്യം ഏതുപ്രായത്തിലും എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അതില്‍ ത്വക്കിന്‍റെ മൃദുത്വവും തിളക്കവും പ്രധാന പങ്കുവഹിക്കുന്നുണ്ട്. തിളക്കമുളള ചര്‍മ്മം എങ്ങനെ നേടാം എന്നാണോ ചിന്തിക്കുന്നത്? അതിനായി ബ്യൂട്ടിപാര്‍ലറിലേയ്ക്ക് പോകാതെ, ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രം മതി.

തിളക്കമുള്ള ചർമ്മത്തിനായി രാവിലെ നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

എന്നും രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. രാത്രി മുഴുവന്‍ ചര്‍മ്മത്തില്‍ അടിയുന്ന അധിക എണ്ണ വൃത്തിയാക്കാന്‍ ഇത് സഹായിക്കും. നല്ലൊരു ഫേസ് വാഷും ഇതിനായി ഉപയോഗിക്കാം. 

രണ്ട്...

ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാം. ചര്‍മ്മത്തിന്‍റെ സ്വാഭാവിക തിളക്കത്തിന് ഇത് സഹായിക്കും. കൂടാതെ ഇവ ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

മൂന്ന്...

ഐസ് തെറാപ്പിയും  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. ഐസ് ക്യൂബുകളെടുത്ത് മുഖത്തിനു ചുറ്റും വൃത്തത്തിൽ ഉരയ്ക്കുക. ഇത് മുഖം ഫ്രഷ് ആയി തിളങ്ങാന്‍ സഹായിക്കും. 

നാല്...

വ്യായാമം നിങ്ങളുടെ ചര്‍മ്മത്തെ ഉള്ളില്‍ നിന്ന് തിളക്കമുള്ളതാക്കാന്‍ സഹായിക്കുന്നു. നന്നായി വിയർക്കുന്നത് ചർമ്മം നന്നായി തിളങ്ങാന്‍ സഹായിക്കും. കൂടാതെ  രാവിലെ വ്യായാമം ചെയ്യുന്നത് ദിവസം മുഴുവന്‍ നിങ്ങളെ ഊര്‍ജ്ജസ്വലതയോടെ നിലനിര്‍ത്താനും സഹായിക്കും. ഒപ്പം ഇത് നിങ്ങളുടെ മൊത്തം ആരോഗ്യത്തിനും ഏറേ നല്ലതാണ്. 

അഞ്ച്...

ആരോഗ്യപ്രദമായ പ്രാതൽ കഴിക്കാം. പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം തന്നെ രാവിലെ കഴിക്കണം. അത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഒരിക്കലും വറുത്തതോ പൊരിച്ചതോ ആയ ഭക്ഷണങ്ങൾ പ്രഭാതത്തിൽ കഴിക്കരുത്. പകരം മുട്ട, ഓട്സ്, പഴങ്ങള്‍ എന്നിവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. 

ആറ്...

മുഖത്തിന് കൂടുതൽ തിളക്കം ലഭിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ഫേസ് പാക്കുകളും പരീക്ഷിക്കാവുന്നതാണ്. മുള്‍ട്ടാനി മിട്ടിയോ തേനോ കൊണ്ടുള്ള ഫേസ്പാക്കുകള്‍ മുഖത്ത് പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന്‍റെ തിളക്കം കൂട്ടാന്‍ സഹായിക്കും. 

Also Read: തലമുടി കൊഴിച്ചില്‍ അകറ്റാനും തഴച്ചുവളരാനും ഒരു കിടിലന്‍ ഹെയർ മാസ്ക്; വീഡിയോ പങ്കുവച്ച് ബിപാഷ...