നട്സ് കഴിച്ചാൽ ഈ രോഗത്തെ തടയാമെന്ന് പഠനം

By Web TeamFirst Published Mar 25, 2019, 10:57 PM IST
Highlights

പ്രതിദിനം 10 ഗ്രാം നട്സ് അഥവാ അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം മറവിരോഗം തടയാമെന്ന് പുതിയ പഠനം.

പ്രതിദിനം 10 ഗ്രാം നട്സ് അഥവാ അണ്ടിപ്പരിപ്പ് കഴിക്കുന്നതുമൂലം മറവിരോഗം തടയാമെന്ന് പുതിയ പഠനം. ഇതുമൂലം ഓര്‍മശക്തിയും ചിന്താശക്തിയും വര്‍ധിക്കുമെന്നും വാര്‍ധക്യ സഹജമായ മാനസിക തകരാറുകള്‍ അകറ്റാന്‍ കഴിയുമെന്നുമാണ് സൌത്ത് ആസ്ട്രേലിയന്‍‌ യൂണിവേഴ്സ്റ്റി നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. ചൈനീസ് സ്വദേശികളായ 55 വയസ്സിന് മുകളിലുള്ള 4822 പേരിലാണ് പഠനം നടത്തിയത്.

ദിവസവും 10 ഗ്രാം നട്സ് കഴിക്കുന്നതിലൂടെ വയോധികരുടെ മേധാശക്തി 60 ശതമാനം വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ മിങ് ലീ പറയുന്നു. 2020 ഓടെ 60 വയസ്സിന് മുകളിലുളളവരുടെ എണ്ണം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. 

ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്നും നേരത്തെ ചില പഠനങ്ങള്‍ പറഞ്ഞിരുന്നു. പ്രമേഹം മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ധമനികളില്‍ രക്തം കട്ടപിടിക്കാതിരിക്കാൻ ബ്രസീൽ നട്സ്, പിസ്ത, ആൽമണ്ട്, അണ്ടിപരിപ്പ് എന്നിവ കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പഠനത്തിൽ പറയുന്നു. 16,217 പേരിലാണ് പഠനം നടത്തിയത്. നട്സ് കഴിച്ചവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതായി കണ്ടെത്തി. അതൊടൊപ്പം ശരീരത്തിലെ കൊഴുപ്പ് കുറയുന്നതായും പഠനത്തിൽ അറിയാൻ സാധിച്ചതായി പ്രൊഫസർ പ്രകാശ് ഡീഡ്വാനിയ പറയുന്നു. നട്സ് കഴിച്ചവരിൽ 11 ശതമാനം മാത്രമാണ് ഹൃദ്രോ​ഗങ്ങൾ വരാനുള്ള സാധ്യതയെന്നും പഠനത്തിൽ പറയുന്നു. 
 

click me!