ലോക്ക്ഡൗണ്‍ കാലത്ത് ചായകുടി കൂടുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...

Web Desk   | others
Published : Apr 22, 2020, 09:13 PM IST
ലോക്ക്ഡൗണ്‍ കാലത്ത് ചായകുടി കൂടുന്നുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക...

Synopsis

അല്‍പം വിരസത തോന്നുകയോ മടിയോ ക്ഷീണമോ തോന്നുകയോ ചെയ്താല്‍ ഉടനടി ചായയിലോ കാപ്പിയിലോ അഭയം കണ്ടെത്തുന്നവരാണ് നമ്മളില്‍ അധികം പേരും. അതിനാല്‍ത്തന്നെ ലോക്ക്ഡൗണ്‍ കാലത്ത് ചായകുടിയും കാപ്പികുടിയുമെല്ലാം വര്‍ധിച്ചിരിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. എന്നാല്‍ ഇതിനിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്

ലോക്ക്ഡൗണ്‍ ആയതോടെ മിക്കവരും വീട്ടില്‍ വെറുതെയിരിപ്പാണ്. ചിലരാണെങ്കില്‍ വീട്ടിലിരുന്ന് ജോലി ചെയ്യാനും തുടങ്ങി. രണ്ട് സാഹചര്യത്തിലാണെങ്കിലും വീട്ടില്‍ ഇങ്ങനെ അധികനേരം ഒതുങ്ങിക്കൂടുന്നത് കൊണ്ട് ഏറ്റവും ചിലവ് തേയിലയ്ക്കും കാപ്പിപ്പൊടിക്കും പഞ്ചസാരയ്ക്കും പാലിനും ഒക്കെ തന്നെയാണ്. അതായത്, ചായകുടി മുമ്പത്തേതിനെ അപേക്ഷിച്ച് 'ഡബിള്‍' ആയിക്കാണുമെന്ന്. 

അല്‍പം വിരസത തോന്നുകയോ മടിയോ ക്ഷീണമോ തോന്നുകയോ ചെയ്താല്‍ ഉടനടി ചായയിലോ കാപ്പിയിലോ അഭയം കണ്ടെത്തുന്നവരാണ് നമ്മളില്‍ അധികം പേരും. അതിനാല്‍ത്തന്നെ ലോക്ക്ഡൗണ്‍ കാലത്ത് ചായകുടിയും കാപ്പികുടിയുമെല്ലാം വര്‍ധിച്ചിരിക്കും എന്ന കാര്യത്തില്‍ സംശയമേ വേണ്ട. 

എന്നാല്‍ ഇതിനിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ വിട്ടുപോകരുത്. അതില്‍ പ്രധാനം ഭക്ഷണത്തോടൊപ്പമോ ഭക്ഷണത്തിന് തൊട്ടുമുമ്പോ ശേഷമോ ചായ കഴിക്കുന്ന ശീലമാണ്. അധികം ഇടവേളകളില്ലാതെ ചായയും കാപ്പിയുമെല്ലാം അകത്താക്കുന്നത് കൊണ്ട്, ഇതും ഭക്ഷണസമയവും തമ്മില്‍ അത്ര അകലമൊന്നും കൊടുക്കാന്‍ പറ്റാതിരിക്കുന്ന സാഹചര്യം നിലവിലുണ്ടാകും. ഇത് അത്ര ആരോഗ്യകരമല്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

ഭക്ഷണത്തോട് അടുപ്പിച്ച് ചായയും കാപ്പിയും കഴിക്കുന്നത് ഭക്ഷണത്തില്‍ നിന്ന് കാത്സ്യം, അയേണ്‍ തുടങ്ങിയ അവശ്യഘടകങ്ങള്‍ വലിച്ചെടുക്കുന്നത് കുറയ്ക്കും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ കാലത്ത് പരിമിതമായ പച്ചക്കറികളും പഴങ്ങളുമാണ് നമുക്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ കഴിക്കുന്ന ഭക്ഷണത്തെ മാത്രം ആശ്രയിച്ചാണ് ശരീരം നിലനില്‍ക്കുന്നത്. അതില്‍ നിന്ന് ആവശ്യമായ ഘടകങ്ങള്‍ എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു. 

Also Read:- ലോക്ക്ഡൗണ്‍ കാലത്ത്‌ വൈകീട്ടത്തെ ചായ ഇങ്ങനെയാക്കിയാലോ!...

സംഗതി ചായ കുടിക്കുന്നത് ഹൃദയത്തിന് നല്ലതാണെന്നാണ് പഠനങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ചായയിലും കാപ്പിയിലുമെല്ലാം അടങ്ങിയിരിക്കുന്ന 'ടാന്നിന്‍' എന്ന പദാര്‍ത്ഥം ഭക്ഷണത്തില്‍ നിന്ന് അവശ്യഘടകങ്ങളെ വലിച്ചെടുക്കുന്നത് കുറയ്ക്കും. അതുപോലെ തന്നെ അമിതമായി 'കഫേന്‍' ശരീരത്തിലെത്തുന്നതും അത്ര നല്ലതല്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കാപ്പിയില്‍ മാത്രമല്ല, ചായയിലും 'കഫേന്‍' അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാപ്പി ഒഴിവാക്കി ധാരാളം ചായയാവാം എന്ന ചിന്തയും വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

ദിവസത്തില്‍ നാല് അല്ലെങ്കില്‍ അഞ്ച് ചെറിയ കപ്പ് ചായ, കാപ്പി എന്നിവ ആകാം. അതില്‍ കൂടിയാല്‍ അത് ആരോഗ്യത്തിന് ദോഷമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകളുടെ അഭിപ്രായം. അതും മധുരമുപയോഗിക്കുന്ന കാര്യത്തിലും ഓരോരുത്തരുടേയും ആരോഗ്യാവസ്ഥ- പ്രായം എന്നിവയെല്ലാം കണക്കിലെടുത്ത് നിയന്ത്രണം വയ്‌ക്കേണ്ടതുണ്ടെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. ചായയോ കാപ്പിയോ എന്തുമാകട്ടെ, അതും ഭക്ഷണം കഴിക്കുന്ന സമയവും തമ്മില്‍ ഒരു മണിക്കൂറിന്റെ ഇടവേളയെങ്കിലും നല്‍കുക. മിതമായ അളവില്‍ ഇവയെല്ലാം ആകാം. എന്നാല്‍ അതിര് വിട്ടാല്‍ കൊറോണക്കാലം കഴിഞ്ഞാലും മറ്റ് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടിവരും എന്നത് ഓര്‍ക്കുക.

Also Read:- ഡാല്‍ഗോണ കോഫി ബോറടിച്ചോ? മാറ്റിപ്പിടിച്ചാലോ!...

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ