'ഡാല്‍ഗോണ കോഫി'യെക്കുറിച്ച് കേള്‍ക്കാത്തവര്‍ ഇപ്പോള്‍ അപൂര്‍വ്വമായിരിക്കും. എന്തെന്നാല്‍, ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഭക്ഷണപ്രേമികള്‍ ഇത്രമാത്രം ചര്‍ച്ച ചെയ്ത മറ്റൊരു വിഷയമില്ലെന്ന് വേണം പറയാന്‍. ഡാല്‍ഗോണ കോഫിയുടെ വിശേഷങ്ങളും അത് എങ്ങനെയെല്ലാം തയ്യാറാക്കാമെന്നും മറ്റും ഈ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിങ്ങള്‍ അറിഞ്ഞുകാണും. 

ഇപ്പോഴാകട്ടെ, ഡാല്‍ഗോണ കോഫിക്ക് മുകളിലുള്ള ചര്‍ച്ചയ്ക്ക് ഒരല്‍പം ആക്കം വന്ന മട്ടാണ്. എന്താണ് ബോറടിച്ചുതുടങ്ങിയോ എന്ന് ചോദിക്കേണ്ടിവരും. ഇനി അഥവാ ബോറടിച്ചാലെന്ത്! നമുക്ക് അടുത്ത പരീക്ഷണത്തിലേക്ക് കടക്കാമല്ലോ. അത്തരത്തില്‍ പരീക്ഷിക്കാവുന്ന പുതിയൊരു 'കോഫി'യെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. 

ഡാല്‍ഗോണയ്ക്ക് പകരം നല്ല 'ഫ്രഷ്' പുതിന കോഫി. അതെ, പുതിന ചേര്‍ത്തുണ്ടാക്കുന്ന കോഫിയെപ്പറ്റി തന്നെയാണ് പറയുന്നത്. പുതിന ചേര്‍ത്ത ചായ മിക്കവാറും എല്ലാവരും കഴിച്ചുകാണും. എന്നാല്‍ പുതിന ചേര്‍ത്ത കാപ്പിയെ കുറിച്ച് അത്ര തന്നെ കേട്ടുകാണില്ല. ഇത് വളരെ 'സിമ്പിള്‍' ആയി തയ്യാറാക്കാവുന്നതേയുള്ളൂ. 

Also Read:- കിടിലൻ കോള്‍ഡ് കോഫി ഉണ്ടാക്കാം...

ആകെ വേണ്ടത് പുതിന, കാപ്പി, പഞ്ചസാര, പാല്‍, ആവശ്യത്തിന് ഐസ് എന്നിവ മാത്രം. 60 എംഎല്‍ പാലാണെങ്കില്‍ അതിലേക്ക് ഒരു കപ്പ് കാപ്പി, ആറോ ഏഴോ ചെറിയ പുതിനത്തണ്ടുകള്‍, ഏഴോ എട്ടോ ഗ്രാം പഞ്ചസാര എന്നിങ്ങനെ കണക്കിനെടുക്കാം.

ആദ്യം ഒരു ഷേക്കറില്‍ പുതിനയും പഞ്ചസാരയും നന്നായി യോജിപ്പിച്ചെടുക്കാം. ഇനി ഇതിലേക്ക് കാപ്പിയും പാലും ഐസും ചേര്‍ത്തുകൊടുക്കാം. ഇതിന് ശേഷം എല്ലാ ചേരുവയും നന്നായി യോജിപ്പിച്ചെടുക്കണം. സംഭവം റെഡി. അവസാനം സെര്‍വ് ചെയ്യുമ്പോള്‍ അല്‍പം 'ഫ്രഷ്' പുതിനയില മുകളില്‍ വിതറുക കൂടി ചെയ്താല്‍ 'ക്ലാസ്' ആയി.