കൊവിഡ് 19 ഭീതിയിലൂടെയാണ് രാജ്യവും ലോകവുമെല്ലാം കടന്നുപോകുന്നത്. മിക്കവാറും പ്രായമായവരും പുരുഷന്മാരും പ്രതിരോധശേഷി കുറഞ്ഞവരുമാണ് കൊവിഡ് 19ന്റെ കാര്യത്തില്‍ കാര്യമായ ഭീഷണി നേരിടുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങാതിരിക്കുക എന്നത് തന്നെയാണ് ഈ അവസരത്തില്‍ ഏറ്റവും ഫലപ്രദമായ പ്രതിരോധപ്രവര്‍ത്തനം.

അതോടൊപ്പം തന്നെ ഏത് രോഗത്തോടും മല്ലിടാന്‍ ശരീരത്തെ സുസജ്ജമാക്കാന്‍ ആവശ്യമായ ചിലതും നമുക്ക് ചെയ്യാം ഇതില്‍ പ്രധാനമാണ് 'ഇമ്മ്യൂണിറ്റി' അഥവാ രോഗ പ്രതിരോധശേഷിയെ വര്‍ധിപ്പിക്കല്‍. ഭക്ഷണത്തിലൂടെയാണ് ഇത് ഏറ്റവും നല്ല രീതിയില്‍ ചെയ്യാനാവുക. 

നമ്മള്‍ എപ്പോഴും അടുക്കളയില്‍ വാങ്ങി സൂക്ഷിക്കുന്ന ചിലത് തന്നെ മതി ഇതിനും. ഉദാഹരണമാണ് 'ജിഞ്ചര്‍ ഗാര്‍ലിക് ടീ'. എല്ലാ വീടുകളിലും എപ്പോഴും കാണുന്നവയാണ് ഇഞ്ചിയും വെളുത്തുള്ളിയുമെല്ലാം. രോഗപ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കാന്‍ ഇത്ര എളുപ്പത്തില്‍ നമ്മെ സഹായിക്കുന്ന മറ്റ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറവാണ്. 

ആകെ ആരോഗ്യത്തിന്റെ കാര്യമെടുത്താലും ഇഞ്ചിയും വെളുത്തുള്ളിയും പല തരം ഗുണങ്ങള്‍ നമുക്ക് നല്‍കും. അതിനാല്‍ ഇവ രണ്ടും ചേര്‍ത്ത ചായ പതിവാക്കുന്നത് എന്തുകൊണ്ടും ഉത്തമം തന്നെ. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തില്‍ അതിന് അല്‍പം കൂടുതല്‍ പ്രാധാന്യവും നല്‍കാം. 

ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത ചായ തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ചായയ്ക്ക് വേണ്ടിയെടുക്കുന്ന വെള്ളത്തില്‍ ചെറിയൊരു കഷ്ണം ഇഞ്ചിയും അല്‍പം വെളുത്തുള്ളി ചതച്ചതും ചേര്‍ത്താല്‍ മാത്രം മതി. ചായ തിളച്ചുകഴിഞ്ഞാല്‍ ഇത് അരിച്ചെടുത്ത ശേഷം അല്‍പം തേന്‍ കൂടി ചേര്‍ക്കുക. പഞ്ചസാര എപ്പോഴും പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ദിവസവും ഈ ചായ കഴിക്കുന്നത് ദഹനപ്രശ്‌നങ്ങളെ നിയന്ത്രിക്കുന്നതിനും സഹായകമാണ്. അതുപോലെ തൊണ്ടവേദന പനി പോലുള്ള സീസണല്‍ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും ഇത് സഹായകമാണ്.