പ്രതിരോധശേഷി കൂട്ടാൻ അടുക്കളയിലെ ഈ ചേരുവകൾ മതി

Published : Mar 21, 2026, 05:26 PM IST
spices

Synopsis

ഈ അടുക്കള ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സ്വാഭാവികമായിത്തന്നെ പ്രതിരോധശേഷി കൂട്ടാൻ സാധിക്കും.

പ്രതിരോധശേഷി കുറയുമ്പോൾ ജലദോഷം, ചുമ, വൈറൽ പനി, മറ്റ് അണുബാധകൾ എന്നിവ പെട്ടെന്ന് പിടികൂടാൻ സാധ്യതയുണ്ട്. എന്നാൽ ഇതിനൊരു പരിഹാരം നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. ഈ അടുക്കള ചേരുവകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ സ്വാഭാവികമായിത്തന്നെ പ്രതിരോധശേഷി കൂട്ടാൻ സാധിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

മഞ്ഞൾ

മഞ്ഞളിൽ ആന്റിഓക്‌സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളമുണ്ട്. ഇത് ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കുന്നതിനൊപ്പം പ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കുകയും ചെയ്യും. എല്ലാ ദിവസവും രാത്രി ഉറങ്ങുന്നതിന് മുൻപ് ചൂടുള്ള പാലിൽ ഒരു നുള്ള് മഞ്ഞൾ ചേർത്ത് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

കുരുമുളക്

ശരീരത്തിൽ പോഷകങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യാൻ കുരുമുളക് കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് മഞ്ഞളിനൊപ്പം കുരുമുളക് ചേരുമ്പോൾ ഇതിന്റെ ഫലം ഇരട്ടിയാകും.

കറുവപ്പട്ട

കറുവപ്പട്ടയ്ക്ക് ആന്റിവൈറൽ, ആന്റിബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് അണുബാധകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. ഇതിന്റെ പൊടി പാലിലോ ചായയിലോ ഓട്സിലോ ചേർത്ത് കഴിക്കാം. അല്ലെങ്കിൽ രാവിലെ വെറുംവയറ്റിൽ ഇളംചൂടുവെള്ളത്തിൽ കലർത്തി കുടിക്കാം.

ഇഞ്ചി

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് നീർക്കെട്ട് കുറയ്ക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും. ശരീരം ചൂടാക്കി നിർത്താനും ബാക്ടീരിയകളിൽ നിന്ന് സംരക്ഷിക്കാനും ഇഞ്ചിക്ക് കഴിയും. ചായയിലോ കറികളിലോ ഇഞ്ചി ചേർത്ത് ഉപയോഗിക്കാം.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ അലിസിൻ എന്നൊരു ഘടകമുണ്ട്. ഇത് വെളുത്ത രക്താണുക്കളെ ഉത്തേജിപ്പിക്കുകയും വൈറൽ, ഫംഗൽ അണുബാധകളെ ചെറുക്കുകയും ചെയ്യും. രാവിലെ വെറുംവയറ്റിൽ ഒരു അല്ലി പച്ച വെളുത്തുള്ളി വെള്ളത്തിനൊപ്പം കഴിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ കറികളിൽ ചേർത്തും ഉപയോഗിക്കാം.

തുളസി

തുളസിയിലയിൽ ആന്റിഓക്‌സിഡന്റുകളും ആന്റിബാക്ടീരിയൽ, ആന്റിവൈറൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കുന്ന കാര്യത്തിൽ തുളസി വളരെ ഫലപ്രദമാണ്.

PREV
Read more Articles on
click me!

Recommended Stories

വെറുംവയറ്റിൽ വെളുത്തുള്ളി വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
ദിവസവും ഔഷധ ചായ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ