
ആമാശയത്തിലെ ആസിഡിന്റെ അമിത ഉത്പാദനം മൂലമുണ്ടാകുന്ന അവസ്ഥയാണ് അസിഡിറ്റി ഇത് നെഞ്ചിൽ എരിച്ചിൽ, പുളിച്ചുതികട്ടൽ, ദഹനക്കേട് എന്നിവയ്ക്ക് കാരണമാകുന്നു. എരിവുള്ളതോ കൊഴുപ്പടങ്ങിയതോ ആയ ഭക്ഷണങ്ങൾ, കഫീൻ, മദ്യം, മാനസിക സമ്മർദ്ദം, ഭക്ഷണം കഴിച്ച ഉടൻ കിടക്കുക എന്നിവയെല്ലാം പലപ്പോഴും ഇതിന് കാരണമാകാറുണ്ട്. അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
ഇഞ്ചി
ഇഞ്ചിക്ക് വയറിന് ആശ്വാസം നൽകാൻ സാധിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന 'ജിഞ്ചറോൾ' എന്ന ഘടകത്തിന് സ്വാഭാവികമായ വീക്കം കുറയ്ക്കാനുള്ള ഗുണങ്ങളുണ്ട്. ഇത് ദഹനപ്രക്രിയ വേഗത്തിലാക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ഗ്ലാസ് ഇഞ്ചി ചായ കുടിക്കുന്നത് അസിഡിറ്റിയിൽ നിന്ന് ആശ്വാസം ലഭിക്കും.
മോര്
പ്രോബയോട്ടിക് ഗുണങ്ങളുള്ള മോര് അസിഡിറ്റി അകറ്റുന്നു. ലാക്റ്റിക് ആസിഡ് അടങ്ങിയ ഒരു ഗ്ലാസ് മോര് വയറ്റിലെ അസിഡിറ്റിയുടെ അളവ് ക്രമീകരിക്കാൻ സഹായിക്കുന്നു. ദഹന എൻസൈമുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി, അല്പം വറുത്തുപൊടിച്ച ജീരകം കൂടി ഇതിൽ ചേർക്കുന്നത് കൂടുതൽ ഗുണകരമായിരിക്കും.
പെരുംജീരകം
ഭക്ഷണം കഴിച്ചതിന് ശേഷം പെരുംജീരകം ചവയ്ക്കുന്നത് ഏറെ നല്ലതാണ്. വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം അര ടീസ്പൂൺ പെരുംജീരകം ചവച്ചുകഴിക്കുന്നത് 'അനെത്തോൾ' എന്ന ഘടകം പുറത്തുവിടാൻ സഹായിക്കുന്നു. ഇത് വയറ്റിലെ പേശികൾക്ക് അയവ് നൽകുകയും, വയറുവീർക്കൽ കുറയ്ക്കുകയും, ആസിഡ് റിഫ്ലക്സ് (നെഞ്ചെരിച്ചിൽ പോലുള്ള അവസ്ഥകൾ) തടയുകയും ചെയ്യുന്നു. കൂടാതെ, ചതച്ച പെരുംജീരകം അഞ്ച് മിനിറ്റോളം ചൂടുവെള്ളത്തിലിട്ട് 'പെരുംജീരക ചായ' ആയും ഉപയോഗിക്കാവുന്നതാണ്. ഈ പാനീയം വയറിന് ആശ്വാസം നൽകുന്നതിനൊപ്പം വായയിലെ ദുർഗന്ധം അകറ്റി ശ്വാസത്തിന് ഉന്മേഷം നൽകുകയും ചെയ്യുന്നു.
വാഴപ്പഴം
പഴുത്ത പഴങ്ങളിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ അവ ആമാശയത്തിലെ ആസിഡിനെതിരെ ഒരു സ്വാഭാവിക പ്രതിരോധമായി പ്രവർത്തിക്കുന്നു. പ്രധാന ഭക്ഷണത്തിന് മുൻപായി ഒരു പഴം കഴിക്കുന്നത് ഗുണകരമാണ്. ഇവയുടെ മധുരം ഭക്ഷണത്തോടുള്ള ആഗ്രഹം കുറയ്ക്കുകയും അസിഡിറ്റി ഉണ്ടാകാതെ സംരക്ഷിക്കുകയും ചെയ്യുന്നു.
കരിക്കിൻ വെള്ളം
കരിക്കിൻ വെള്ളം ശരീരത്തിന് ജലാംശം നൽകുന്ന ഒരു പാനീയമാണ്. ദഹനവ്യവസ്ഥയെ തണുപ്പിക്കാൻ ഇത് വളരെ മികച്ചതാണ്. ഇതിലുള്ള ഇലക്ട്രോലൈറ്റുകൾ ശരീരത്തിലെ pH നില നിലനിർത്താൻ സഹായിക്കുന്നു. ഇത് അസിഡിറ്റി കുറയ്ക്കാൻ ഉപകരിക്കും. കരിക്കിൻ വെള്ളം കുടിക്കുന്നത് ദാഹം ശമിപ്പിക്കുക മാത്രമല്ല, ദഹനാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
അയമോദകം
ഭക്ഷണങ്ങൾ കഴിച്ചതിനുശേഷം വയർ വീർത്തതായോ ഭാരമുള്ളതായോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അര ടീസ്പൂൺ അയമോദകം ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തോടൊപ്പം ചവച്ചുകഴിക്കുക. ഇതിലടങ്ങിയിരിക്കുന്ന 'തൈമോൾ' (thymol) എന്ന ഘടകം, ദഹനത്തിന് സഹായിക്കുന്ന ഗ്യാസ്ട്രിക് നീരുകളുടെ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നു.