ചായയും 'എക്‌സ്‌പെയര്‍' ആകും; ശ്രദ്ധിക്കാറുണ്ടോ ഇക്കാര്യം?

By Web TeamFirst Published Dec 20, 2020, 7:16 PM IST
Highlights

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലോ താപമേല്‍ക്കുന്ന രീതിയിലോ ആകരുത് തേയില സൂക്ഷിക്കേണ്ടത്. അത് പോലെ തന്നെ തീരെ നനവില്ലാത്ത പാത്രത്തിലായിരിക്കണം തേയില വയ്‌ക്കേണ്ടത്. നനഞ്ഞ സ്പൂണ്‍ കൊണ്ടോ മറ്റോ തേയില എടുക്കുകയും അരുത്

കടകളില്‍ നിന്ന് നമ്മള്‍ വാങ്ങിയുപയോഗിക്കുന്ന മിക്ക ഭക്ഷ്യവസ്തുക്കള്‍ക്കും ഒരു 'എക്‌സ്‌പെയറി ഡേറ്റ്' കാണും. ബ്രഡോ, പാലോ, ബിസ്‌കറ്റോ അങ്ങനെ എന്തുമാകട്ടെ ഉപയോഗിക്കാവുന്ന പരാമവധി സമയം അതിന്റെ പാക്കേജിന് പുറമെ രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിനൊപ്പം തന്നെ എത്തരത്തിലാണ് ഉത്പന്നം സൂക്ഷിക്കേണ്ടത് എന്നതിന്റെ മാര്‍ഗരേഖയും കാണും.

ഏത് ഉത്പന്നമാണെങ്കിലും ഈ രണ്ട് കാര്യങ്ങളും നമ്മള്‍ പ്രത്യേകം ശ്രദ്ധിച്ചേ മതിയാകൂ. കാരണം, സൂക്ഷിക്കേണ്ട രീതിയില്‍ സൂക്ഷിച്ചില്ലെങ്കില്‍ ഏത് സാധനമാണെങ്കിലും അത് 'എക്‌സ്‌പെയറി' എത്തും മുമ്പ് തന്നെ ചീത്തയായിപ്പോകാന്‍ സാധ്യതയുണ്ട്. 

ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് തേയില. സാധാരണഗതിയില്‍ കടയില്‍ നിന്ന് വാങ്ങിക്കുമ്പോഴോ അതിന് ശേഷമോ മിക്കവാറും പേരും തേയിലയുടെ 'എക്‌സ്‌പെയറി' വിശദാംശങ്ങളോ സൂക്ഷിക്കേണ്ട വിധമോ ശ്രദ്ധിക്കാറില്ല. എന്ന് മാത്രമല്ല, തേയില ഉപയോഗശൂന്യമായിപ്പോയാല്‍ അത് തിരിച്ചറിയാന്‍ പോലും മിക്കവര്‍ക്കും കഴിയാറില്ല എന്നതാണ് വാസ്തവം.

തേയില ചീത്തയാകുന്നത് എങ്ങനെ? 

 

 

ആദ്യം സൂചിപ്പിച്ചത് പോലെ 'എക്‌സ്‌പെയറി ഡേറ്റ്' തീര്‍ച്ചയായും ശ്രദ്ധിക്കുക. ഇത് കഴിഞ്ഞുപോയതാണെങ്കില്‍ പിന്നീട് ഉപയോഗിക്കാതിരിക്കുക. ഒപ്പം തന്നെ തേയില സൂക്ഷിക്കുന്നതിന് ചില കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. എത്ര 'ക്വാളിറ്റി'യുള്ള തേയിലയാണെങ്കിലും സൂക്ഷിക്കുന്നത് മോശം രീതിയിലാണെങ്കില്‍ ചുരുങ്ങിയ സമയത്തിനകം തന്നെ ഇത് ചീത്തയായിപ്പോകും. 

ഗ്രീന്‍ ടീ ആണെങ്കില്‍ അത് സാധാരണ തേയിലയെക്കാളും എളുപ്പത്തില്‍ ചീത്തയാകും. ഗ്രീന്‍ ടീയുടെ ഇലകള്‍ വളരെ നേര്‍ത്ത രീതിയിലുള്ളതായിരിക്കുന്നതിനാല്‍ ആണിത്. 

അമിതമായി സൂര്യപ്രകാശമേല്‍ക്കുന്ന രീതിയിലോ താപമേല്‍ക്കുന്ന രീതിയിലോ ആകരുത് തേയില സൂക്ഷിക്കേണ്ടത്. അത് പോലെ തന്നെ തീരെ നനവില്ലാത്ത പാത്രത്തിലായിരിക്കണം തേയില വയ്‌ക്കേണ്ടത്. നനഞ്ഞ സ്പൂണ്‍ കൊണ്ടോ മറ്റോ തേയില എടുക്കുകയും അരുത്. അധികമായി ഈര്‍പ്പം നിലനില്‍ക്കുന്ന അന്തരീക്ഷത്തില്‍ കാറ്റ് അകത്ത് കയറുന്ന തരത്തിലും തേയില സൂക്ഷിക്കരുത്. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചില്ലെങ്കില്‍ 'എക്‌സ്‌പെയറി ഡേറ്റി'ന് മുമ്പ് തന്നെ തേയില ചീത്തയായിപ്പോകാം. 

അതുപോലെ തന്നെ തേയിലയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഗന്ധമാണ്. വലിയൊരു പരിധി വരെ രുചി പോലും ഈ ഗന്ധത്തെ ബന്ധപ്പെട്ടാണിരിക്കുന്നത്. ഇത് നഷ്ടമാകാതിരിക്കാന്‍ ഒരു 'എയര്‍ടൈറ്റ് കണ്ടെയ്‌നറി'ല്‍ തന്നെ തേയില സൂക്ഷിക്കുക. 

 

 

ഓരോ തവണ ഉപയോഗിച്ച ശേഷവും ഇത് കൃത്യമായി അടച്ചുവയ്ക്കാനും കരുതുക. 

തേയില ഉപയോഗശൂന്യമായെന്ന് തിരിച്ചറിയാം...

തേയില ഉപയോഗശൂന്യമായെന്ന് മനസിലാക്കാന്‍ പൊതുവേ അല്‍പം ബുദ്ധിമുട്ടാണ്. എങ്കിലും ഗന്ധം നഷ്ടമായിട്ടുണ്ടെങ്കില്‍ അത് എളുപ്പത്തില്‍ തിരിച്ചറിയാവുന്നതേ ഉള്ളൂ. അതുപോലെ തന്നെ അസാധാരണായ ഗന്ധം, തുളച്ചുകയറുന്ന ഗന്ധം എന്നിവയും തേയില ചീത്തയായാല്‍ ഉണ്ടാകാം. പൊടി, കട്ട പിടിച്ചിരിക്കുന്നതും ചീത്തയായതിന്റെ സൂചനയാണ്. ഇതിന് പുറമെ വെള്ളത്തില്‍ ചേര്‍ക്കുമ്പോള്‍ മെഴുക് പോലെ പാടയായി കിടക്കുന്നുണ്ടെങ്കിലും തേയില ചീത്തയായി എന്ന് തന്നെയാണ് സൂചന. 

Also Read:- ഉപയോഗിച്ച ശേഷം ടീ ബാഗ് കളയല്ലേ; അറിയാം ഗുണങ്ങള്‍...

click me!