ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന ടീ ബാഗ്  ആവശ്യം കഴിഞ്ഞാല്‍ നിങ്ങള്‍ എന്തുചെയ്യും? വലിച്ചെറിയും അല്ലേ? എന്നാല്‍ ഈ ടീ ബാഗ് കൊണ്ട് നിരവധി ഗുണങ്ങള്‍ ഉണ്ട്. 

ടീ ബാഗുകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം ചർമ്മ സൗന്ദര്യം കൂട്ടുമെന്ന കാര്യം പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിന് മാത്രമല്ല, തലമുടിയഴകിനും ടീ ബാഗ് സഹായിക്കും. 

അറിയാം ടീ ബാഗിന്‍റെ ഗുണങ്ങള്‍...

ഒന്ന്...

കണ്ണിനു താഴെയുള്ള കറുത്ത പാടുകള്‍ അകറ്റാന്‍ ഈ ടീ ബാഗുകള്‍ സഹായിക്കും. അതിനായി ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗ് ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കുക. അതിനുശേഷം  കണ്ണിന് താഴെ വയ്ക്കാം.  കണ്ണുകള്‍ക്ക് താഴെയുണ്ടാകുന്ന കറുപ്പ് നിറം കുറയ്ക്കാന്‍ ഇത് പതിവായി ചെയ്യുന്നത് നല്ലതാണ്.  

രണ്ട്...

ഉപയോഗിച്ചുകഴിഞ്ഞ ടീ ബാഗുകൾ നിങ്ങളുടെ ചർമ്മത്തിന് ഒരു മികച്ച സ്‌ക്രബ് ആയി പ്രവർത്തിക്കുന്നു. ഇവ ചര്‍മ്മത്തെ വൃത്തിയാക്കാന്‍ സഹായിക്കും. അതിനായി ഉപയോഗിച്ച ശേഷം ടീ ബാഗ് കൊണ്ട് മുഖം മസാജ് ചെയ്യാം. 

മൂന്ന്...

ചര്‍മ്മത്തിലുണ്ടാകുന്ന പൊള്ളലിനെ ശമിപ്പിക്കാനും ഇത് സഹായിക്കും. ടീ ബാഗുകൾ കുറഞ്ഞത് 30 മിനിറ്റ് ഫ്രിഡ്ജിൽവച്ച് ശീതീകരിക്കുക. തണുത്തുകഴിഞ്ഞാൽ ഇവ പൊള്ളിയ ഭാഗങ്ങളില്‍ വയ്ക്കാം. ബാക്ടീരിയകളെ തുരത്താനുള്ള ചായപ്പൊടിയുടെ കഴിവ് അണുബാധയെ ചെറുക്കും.

നാല്...

ടീ ബാഗുകൾ ചർമ്മത്തിന് യുവത്വം വീണ്ടെടുക്കാൻ സഹായിക്കും. നിങ്ങളുടെ ദൈനംദിന ചർമ്മ സംരക്ഷണ ശീലങ്ങളിൽ ടീ ബാഗുകൾ ഉപയോഗിച്ചാൽ നിങ്ങളുടെ ചർമ്മത്തിൽ അകാലമായി ഉണ്ടാകുന്ന ചുളിവുകളും നേർത്ത വരകളും കുറയുന്നത് തിരിച്ചറിയാം. ഇതിനായി ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ ഒരു പാത്രത്തിലേയ്ക്ക് മാറ്റി കുറച്ച് നാരങ്ങാനീര്, കറ്റാർവാഴ ജെൽ എന്നിവ ചേർത്ത് ഒരു മാസ്ക് ഉണ്ടാക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്തും കഴുത്തിന്‍റെ ഭാഗത്തും പുരട്ടാം.  10 മിനിറ്റിന് ശേഷം ഇളം ചൂടുവെള്ളത്തിൽ കഴുകിക്കളയാം.

അഞ്ച്...

തലമുടിയഴകിനും ടീ വളരെ മികച്ചതാണ്. കട്ടന്‍ചായയോ ഗ്രീന്‍ ടീയോ ഉപയോഗിച്ച് കഴുകുന്നതും മുടിക്ക് നല്ലതാണ്. അതുപോലെ തണുത്ത ടീ ബാഗ് തലയില്‍ തേച്ച് പത്ത് മിനിറ്റ് വയ്ക്കുക. ഇതിന് ശേഷം കഴുകി കളയാം. മുടിക്ക് തിളക്കം കിട്ടാന്‍ ഇത് സഹായിക്കും. 

Also Read: കരൾ രോ​ഗങ്ങൾ തടയാൻ ​ഗ്രീൻ ടീ സഹായിക്കുമോ?