Onam 2022 : സദ്യയ്ക്കൊപ്പം കഴിക്കാൻ കിടിലൻ ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ?

By Web TeamFirst Published Sep 9, 2022, 4:10 PM IST
Highlights

രുചി മാത്രമല്ല, പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് ഓണസദ്യ.  ഈ ഓണത്തിന് അൽപം വ്യത്യസ്തമായി ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ?

ഓണം ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ. ലോകത്തിൻറെ എല്ലാ കോണിലുമുള്ള മലയാളികളും ഒരുപോലെ ആഘോഷിക്കുന്ന ഒന്നാണ് ഓണം. ഓണം എന്ന് പറയുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം വരുന്നത് തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയുടെ ചിത്രമായിരിക്കും. ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ, പായസം തുടങ്ങി 12ലധിതം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. രുചി മാത്രമല്ല, പോഷകങ്ങൾ ധാരാളം അടങ്ങിയതാണ് ഓണസദ്യ.  ഈ ഓണത്തിന് അൽപം വ്യത്യസ്തമായി ആപ്പിൾ പച്ചടി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ...

 ആപ്പിൾ ഇടത്തരം             1 എണ്ണം
 തേങ്ങ ചിരകിയത്           കാൽ കപ്പ്
 തൈര്                         2 ടേബിൾ സ്പൂൺ
 കടുക്                            കാൽ ടീസ്പൂൺ
 ചെറിയ ജീരകം              കാൽ ടീസ്പൂൺ
 പച്ചമുളക് ഇടത്തരം          2 എണ്ണം
 പഞ്ചസാര                   രണ്ട് ടീസ്പൂൺ 
 ഉപ്പ്                               ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ആപ്പിൾ തൊലി കളഞ്ഞ് ചെറുതായി മുറിച്ച് ഒരു പാത്രത്തിൽ കാൽകപ്പ് വെള്ളം ചേർത്ത് നന്നായി വേവിച്ചെടുക്കുക. ചിരകിയ തേങ്ങയും കടുകും ജീരകവും പച്ചമുളകും അല്പം വെള്ളവും  ചേർത്ത് നന്നായി അരച്ചെടുക്കുക. വെന്തു വരുന്ന   ആപ്പിൾ കഷണങ്ങളെ ഒരു  തവികൊണ്ട് ഉടച്ചെടുക്കുക. ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങ ചേർത്ത് പച്ചമണം മാറുന്നതുവരെ വേവിക്കുക. സ്റ്റൗ  ഓഫ് ചെയ്തശേഷം  തൈരും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അവസാനമായി ചൂടായ എണ്ണയിൽ കടുകും കറിവേപ്പിലയും വറ്റൽ മുളകും ചേർത്ത് താളിച്ച് പച്ചടിയിലേക്ക് ഒഴിക്കുക. രുചികരമായ ആപ്പിൾ പച്ചടി തയ്യാറായി...

തയ്യാറാക്കിയത്:
അഭിരാമി,
തിരുവനന്തപുരം 

ഓണം സ്പെഷ്യൽ കുമ്പളങ്ങ പായസം റെസിപ്പി

 

click me!