നിലക്കടല കൊണ്ട് കിടിലനൊരു ചമ്മന്തി; റെസിപ്പി

By Web TeamFirst Published Aug 3, 2021, 4:25 PM IST
Highlights

നിലക്കടല കൊണ്ട് ധാരാളം വിഭവങ്ങൾ തയ്യാറാക്കാറുണ്ടല്ലോ... എന്നാൽ നിലക്കടല കൊണ്ട് ചമ്മന്തി തയ്യാറാക്കിയിട്ടുണ്ടോ..? വളരെ ഹെൽത്തിയും രുചികരവുമാണ് ഈ ചമ്മന്തി...
 

സാധാരണ കൊറിച്ചു നടക്കുന്ന നിലക്കടല ചേർത്ത് രുചികരമായ ചട്ണി തയാറാക്കാം. ധാരാളം പ്രോട്ടീൻ അടങ്ങിയ ധാന്യമായതിനാൽ രുചിക്കൊപ്പം പോഷകങ്ങളും ഏറെയുണ്ട് ഇതിൽ..എങ്ങനെയാണ് ഈ ചമ്മന്തി തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

കപ്പലണ്ടി                      100 ഗ്രാം
തക്കാളി                        ഒരെണ്ണം
പച്ചമുളക്                     2 എണ്ണം
ഉണക്ക തേങ്ങ (കൊപ്ര)  2 സ്പൂൺ
ഇഞ്ചി                         ഒരു സ്പൂൺ
കറിവേപ്പില                ഒരു തണ്ട്
ചുവന്ന മുളക്             3 എണ്ണം
സവാള                     ഒരു പകുതി
ഉപ്പ്                        ആവശ്യത്തിന്
എണ്ണ                             2 സ്പൂൺ

തയ്യാറാക്കുന്ന വിധം...

കപ്പലണ്ടി ചീന ചട്ടിയിൽ നന്നായി വറുത്ത് മാറ്റി തോൽ കളഞ്ഞു എടുക്കുക. ചീന ചട്ടിയിൽ ഒരു സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്കു ഒരു തക്കാളി അരിഞ്ഞതും, പച്ചമുളകും, ഇഞ്ചിയും, ഉണക്ക തേങ്ങ രണ്ട് സ്പൂണും ചേർത്ത് നന്നായി വഴറ്റി എടുക്കുക.

മിക്സി ജാറിലേക്ക് വറുത്ത കപ്പലണ്ടി, വഴറ്റിയ മറ്റു ചേരുവകളും, ഉപ്പും ചേർത്ത് നന്നായി അരച്ച് എടുക്കുക.
ചീനച്ചട്ടി ചൂടാകുമ്പോൾ എണ്ണ, കടുക്, ചുവന്ന മുളക്, കറി വേപ്പില എന്നിവ പൊട്ടിച്ചു ചട്ണിയിലേക്ക് ചേർത്ത് ഉപയോഗിക്കാം.

രുചികരവും, ആരോഗ്യപ്രദവും ആയ ചമ്മന്തിയാണ് കപ്പലണ്ടി ചട്ണി. ആന്ധ്രാപ്രദേശ്, കർണാടക സ്പെഷ്യൽ ആണ്. ഇപ്പോൾ നമ്മുടെ കേരളത്തിലും ഇതു പ്രിയപ്പെട്ട ചട്ണിയായി മാറി കഴിഞ്ഞു.

തയ്യാറാക്കിയത്:
ആശ രാജനാരായണൻ,
ബാം​ഗ്ലൂർ

 

click me!