
വിവിധ രുചിയിലുള്ള ഷേക്കുകൾ ഇന്ന് ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ഒരു ഹെൽത്തി ഷേക്ക് തയ്യാറാക്കിയാലോ? കാരറ്റും ഈന്തപ്പഴവും കൊണ്ടൊരു ഹെൽത്തി ഷേക്ക്. എങ്ങനെയാണ് ഈ ഷേക്ക് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ...
കാരറ്റ് 2 എണ്ണം
ഇളം ചൂടുള്ള പാൽ 1 കപ്പ്
ഈന്തപ്പഴം 10 എണ്ണം
അണ്ടിപ്പരിപ്പ് ഒരു പിടി
ഏലയ്ക്ക 3 എണ്ണം
വെള്ളം അര കപ്പ്
നട്സ് അലങ്കരിക്കാൻ ആവശ്യമായത്
തയ്യാറാക്കുന്ന വിധം...
ആദ്യം പാലിൽ കുരുകളഞ്ഞ ഈന്തപ്പഴവും അണ്ടിപ്പരിപ്പും ചേർത്ത് 20 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം കുക്കറിൽ ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് ആവശ്യത്തിനു വെള്ളവും ഏലയ്ക്കയും ചേർത്ത് രണ്ട് വിസിൽ വരുന്നത് വരെ വേവിക്കുക. ഇത് തണുത്ത ശേഷം ഏലയ്ക്ക മാറ്റുക. ശേഷം കാരറ്റ് മിക്‌സിയുടെ ജാറിൽ ഇടുക, പാലിൽ കുതിർത്ത ഈന്തപ്പഴവും അണ്ടിപ്പരിപ്പും കൂടി ജാറിൽ ചേർത്തു നല്ലതുപോലെ അരച്ചെടുക്കുക. ശേഷം തണുത്ത പാൽ ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ഗ്ലാസ്സിൽ ഒഴിക്കുക. മുകളിൽ നട്സ് വച്ച് അലങ്കരിക്കുക.
ഈന്തപ്പഴം കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ...
ഈന്തപ്പഴത്തിൽ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ ബി, പൊട്ടാസ്യം, ഇരുമ്പ്, മഗ്നീഷ്യം തുടങ്ങി പ്രകൃതിദത്ത പഞ്ചസാരയ്‌ക്കൊപ്പം നിരവധി ധാതുക്കളും വിറ്റാമിനുകളും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. നാരുകളും ആന്റിഓക്‌സിഡന്റുകളും നമ്മുടെ ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് തടയുന്നു. ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മന്ദീഭവിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
അമിലോയിഡ് ബീറ്റാ പ്രോട്ടീനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഈന്തപ്പഴത്തിന് കഴിയും. ഈ പ്രോട്ടീനുകൾക്ക് നമ്മുടെ മസ്തിഷ്കത്തിൽ ഫലകങ്ങൾ രൂപപ്പെടാൻ കഴിയും. അവ അടിഞ്ഞുകൂടുമ്പോൾ, അൽഷിമേഴ്സ് രോഗത്തിലേക്കും മരണത്തിലേക്കും നയിക്കുന്ന മസ്തിഷ്ക കോശങ്ങളുടെ മരണത്തിന് കാരണമാകും.
Read more പ്രമേഹ രോഗികള്‍ക്ക് ഈന്തപ്പഴം കഴിക്കാമോ?