മാഗിയും മുട്ടയും കൊണ്ട് 'സിമ്പിള്‍ ടേസ്റ്റി' വിഭവം; വീഡിയോ...

By Web TeamFirst Published Apr 30, 2020, 7:01 PM IST
Highlights

മാഗിയും മുട്ടയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഒരു കഷ്ണം സവാള, ചെറിയ ഒരു പച്ചമുളക്, അല്‍പം മല്ലിയില, ഒരു വലിയ അല്ലി വെളുത്തുള്ളി, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ്, കുക്കിംഗ് ഓയില്‍ (ഏത് ഓയിലുമാകാം) എന്നിവയാണ് ആകെ ഇതിന് വേണ്ടത്. മാഗി കൊണ്ട് തയ്യാറാക്കുന്ന ഓംലെറ്റ് ആയതിനാല്‍ 'മാഗി ഓംലെറ്റ്' എന്നാണിത് അറിയപ്പെടുന്നത്

ലോക്ക്ഡൗണ്‍ കാലത്ത് മിക്കവരും വീട്ടില്‍ വെറുതെ ഇരിപ്പാണ്. അതുകൊണ്ട് തന്നെ പാചകം ഒരു വലിയ ജോലിയായി ഇവര്‍ക്ക് അനുഭവപ്പെടാനും സാധ്യതയില്ല. എന്ന് മാത്രമല്ല, ലഭ്യമായ സാധനങ്ങളെല്ലാം വച്ച് ചെറിയ പാചക പരീക്ഷണങ്ങളെല്ലാം ചെയ്തുനോക്കുന്നവരാണ് അധികം പേരും. 

അത്തരത്തില്‍ വലിയ ബുദ്ധിമുട്ടില്ലാതെ എളുപ്പത്തില്‍ കുറഞ്ഞ ചേരുവകള്‍ വച്ച് തയ്യാറാക്കുന്ന രുചികരമായ ഒരു വിഭവത്തെ പരിചയപ്പെടുത്തുകയാണ് നിഖില്‍ ചൗള എന്ന ഫുഡ് വ്‌ളോഗര്‍. സത്യത്തില്‍ ഇത് പുതിയൊരു 'ഡിഷ്' ഒന്നുമല്ല, രണ്ടാം ലോക മഹായുദ്ധക്കാലത്ത് എളുപ്പത്തില്‍ തയ്യാറാക്കുന്ന ഭക്ഷണം എന്ന നിലയ്ക്ക് വ്യാപകമായിരുന്ന 'റെസിപ്പി'യാണത്രേ ഇത്. 

മാഗിയും മുട്ടയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. ഒരു കഷ്ണം സവാള, ചെറിയ ഒരു പച്ചമുളക്, അല്‍പം മല്ലിയില, ഒരു വലിയ അല്ലി വെളുത്തുള്ളി, മുളകുപൊടി, കുരുമുളക് പൊടി, ഉപ്പ്, കുക്കിംഗ് ഓയില്‍ (ഏത് ഓയിലുമാകാം) എന്നിവയാണ് ആകെ ഇതിന് വേണ്ടത്. മാഗി കൊണ്ട് തയ്യാറാക്കുന്ന ഓംലെറ്റ് ആയതിനാല്‍ 'മാഗി ഓംലെറ്റ്' എന്നാണിത് അറിയപ്പെടുന്നത്. 

വളരെ എളുപ്പത്തില്‍ ഇത് തയ്യാറാക്കാവുന്നതേയുള്ളൂ. ആദ്യം മാഗി വെള്ളത്തില്‍ വേവിച്ച് മാറ്റിവയ്ക്കണം. ഇതിലേക്ക് മാഗിക്കൊപ്പം കിട്ടുന്ന മസാലക്കൂട്ട് ചേര്‍ക്കരുത്. ഈ മസാലക്കൂട്ട് മുട്ടയിലേക്കാണ് ചേര്‍ക്കേണ്ടത്. ഇതിനൊപ്പം തന്നെ ചെറുതായി അരിഞ്ഞുവച്ചിരിക്കുന്ന സവാള, പച്ചമുളക്, വെളുത്തുള്ളി, മല്ലിയില എന്നിവയും ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന മാഗി ചേര്‍ക്കാം. 

ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് അതിലേക്ക് മുളകുപൊടി ചേര്‍ത്തുകൊടുക്കാം. ഇത് ഒന്ന് ചൂടാകുമ്പോഴേക്ക് മാഗി ഓംലെറ്റ് ഒഴിക്കാം. തവി കൊണ്ട് നന്നായി പ്രസ് ചെയ്ത് നല്ലത് പോലെ 'ക്രിസ്പി' ആക്കി മാഗിയെ പാകം ചെയ്‌തെടുക്കാം. ഇനിയിത് തിരിച്ചിട്ട് വേവിക്കണം. 'മാഗി ഓംലെറ്റ്' തയ്യാര്‍. എന്തെങ്കിലും സംശയമുണ്ടെങ്കില്‍ നിഖില്‍ ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ കൂടി കണ്ടുനോക്കൂ...

Also Read:- ബ്രഡും മുട്ടയും ഉണ്ടോ, എളുപ്പം ഉണ്ടാക്കാവുന്ന ഒരു സ്നാക്ക് പരിചയപ്പെട്ടാലോ...?

വീഡിയോ കാണാം...

 

click me!