ഉലുവയില എന്ന് തെറ്റിദ്ധരിച്ച് കറിയിലിട്ടത് കഞ്ചാവിന്റെ ഇല, ഉത്തർപ്രദേശിൽ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ

Published : Jul 03, 2020, 12:16 PM IST
ഉലുവയില എന്ന് തെറ്റിദ്ധരിച്ച് കറിയിലിട്ടത് കഞ്ചാവിന്റെ ഇല, ഉത്തർപ്രദേശിൽ ഒരു കുടുംബം മുഴുവൻ ആശുപത്രിയിൽ

Synopsis

നവൽ കിഷോർ എന്നയാൾ തന്റെ സുഹൃത്തായ നിതേഷിനെ പറ്റിക്കാൻ വേണ്ടി ഉലുവയില എന്നപേരിൽ നൽകിയത് ഒരു പാക്കറ്റ് ഉണങ്ങിയ കഞ്ചാവിലകളാണ്. 

വളരെ വിചിത്രമായ ഒരു കേസാണ് ഉത്തർപ്രദേശിലെ മിയാഗഞ്ചിൽ നിന്ന് പുറത്തുവരുന്നത്. അവിടെ ഭക്ഷ്യ വിഷബാധ കാരണം ഒരു കുടുംബത്തിലെ ആറംഗങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ കാരണം അന്വേഷിച്ചുചെന്നപ്പോഴാണ് കഴിഞ്ഞ ദിവസം കഴിച്ച 'ആലു-മേഥി' എന്ന കറിയാണ് പ്രശ്നം എന്ന് തിരിച്ചറിഞ്ഞത്. ഉരുളക്കിഴങ്ങിൽ ഉലുവയില ചേർത്തുണ്ടാക്കുന്ന ഏറെ ജനപ്രിയമായ ഒരു ഉത്തരേന്ത്യൻ വിഭവമാണ് ആലു മേഥി. എന്നാൽ ആ വീട്ടിൽ കൂടുതൽ വിശദമായി പരിശോധനകൾ നടത്തിയപ്പോഴാണ് യഥാർത്ഥ പ്രശ്നം വെളിയിൽ വന്നത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ ഒരാളായ നിതേഷിന്റെ സുഹൃത്തായ നവൽ കിഷോർ എന്ന യുവാവ് ഒപ്പിച്ച ഒരു വേലയാണ് ഈ കുടുംബത്തെ ആകെ ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചതെന്ന് ലോക്കൽ പത്രങ്ങളിലെ റിപ്പോർട്ടുകളെ അധികരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. നവൽ കിഷോർ  തന്റെ സുഹൃത്തായ നിതേഷിനെ പറ്റിക്കാൻ വേണ്ടി ഉലുവയില എന്നപേരിൽ നൽകിയത് ഒരു പാക്കറ്റ് ഉണങ്ങിയ കഞ്ചാവിലകളാണ്. സുഹൃത്തിൽ നിന്ന് കിട്ടിയ 'ഉലുവയില' അതേപടി നിതേഷ് വീട്ടിൽ അമ്മയെ ഏൽപ്പിക്കുകയും അവർ അത് ഉലുവയിലയാണ് എന്ന് കരുതി അതും ഉരുളക്കിഴങ്ങും ചേർത്ത് വേവിച്ച് ആലു മേഥി ഉണ്ടാക്കുകയുമായിരുന്നു. 

ഈ വിഭവം കൂട്ടി കുടുംബത്തിൽ എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ചു. അധികം താമസിയാതെ തന്നെ കഴിച്ച ആറുപേർക്കും കടുത്ത തലവേദനയും, തലകറക്കവും, വയറുവേദനയും, മനംപിരട്ടലും ഒക്കെ ഏതാണ്ട് ഒരേസമയത്ത് തന്നെ അനുഭവപ്പെട്ടതോടെ അവർ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയായിരുന്നു. അളവിലധികം കഞ്ചാവിലകൾ വയറ്റിൽ ചെന്നാൽ അത് ഹൃദയമിടിപ്പ് വർധിപ്പിക്കുകയും, ദുർബലഹൃദയരിൽ ഹൃദയാഘാതത്തിനു വരെ കാരണമാവുകയും ചെയ്തേക്കാം. അതിനു പുറമെ കഴിക്കുന്നവരിൽ അകാരണമായ ഉത്കണ്ഠയും മറ്റു മാനസികപ്രശ്നങ്ങളും ഉണ്ടാകാനും ഇടയുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. 

കറിയിൽ ഇട്ട ശേഷം ബാക്കി വന്ന ഇലകൾ കണ്ടപ്പോൾ സംശയം തോന്നിയ ബന്ധുക്കളിൽ ഒരാളാണ് അതുമായി പൊലീസിനെ സമീപിക്കുന്നതും കറിയിലിട്ടത് ഉലുവയിലകൾ അല്ല കഞ്ചാവിലകളാണ് എന്ന് തിരിച്ചറിയുന്നതും. വിവരമറിഞ്ഞപാടെ പൊലീസ് ആ ഇലകൾ കുടുംബത്തിന് നൽകിയ നവൽകിഷോറിനെ കസ്റ്റഡിയിലെടുത്തു. താൻ സുഹൃത്തിനെ വെറുതെ ഒന്ന് പറ്റിക്കാൻ വേണ്ടി ചെയ്തതാണ് എന്നും ഇത്രയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നു തനിക്കറിയില്ലായിരുന്നു എന്നും അയാൾ പൊലീസിനോട് പറഞ്ഞു.  

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍