
ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറുകളുടെ ( Online Food ) കാലമാണിത്. കൊവിഡ് കാലത്തിന് മുമ്പ് തന്നെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ഏജന്‍സികള്‍ നമ്മുടെ നാട്ടിലും വേരുറപ്പിച്ചുകഴിഞ്ഞിരുന്നു. എങ്കിലും കൊവിഡ് കാലത്താണ് ( During Covid 19 Pandemic ) ഇവര്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചത് എന്ന് പറയാം. വീട്ടിലിരുന്ന് തന്നെ ഇഷ്ടപ്പെട്ട ഭക്ഷണം വരുത്തി കഴിക്കാമെന്നത് മുടക്കാന്‍ പണമുള്ളവരെ സംബന്ധിച്ച് വലിയ സൗകര്യം തന്നെയാണ്.
എന്നാല്‍ ഓണ്‍ലൈന്‍ ആയി ഭക്ഷണം വരുത്തിക്കുമ്പോള്‍ പലപ്പോഴും പരാതികളും കൂടി കാണാറുണ്ട്. പലപ്പോഴും ഹോട്ടല്‍ ജീവനക്കാരുടെ തന്നെ അശ്രദ്ധയാകാം ഇത്തരത്തിലുള്ള പരാതികളിലേക്ക് വഴിവയ്ക്കുന്നത്. ചിലപ്പോഴെങ്കിലും ഡെലിവെറി ചെയ്യുന്നവരുടേതുമാകാം പിഴവ്.
എന്തായാലും ഇത്തരം പരാതികള്‍ പിന്നീട് പലപ്പോഴും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വലിയ ചര്‍ച്ചകള്‍ക്ക് തന്നെ വഴിയൊരുക്കാറുണ്ട്. അത്തരത്തില്‍ ട്വിറ്ററില്‍ കഴിഞ്ഞ ദിവസം വ്യാപകമായി ശ്രദ്ധ ലഭിച്ചൊരു സംഭവത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്.
കപില്‍ വാസ്നിക് എന്ന യുവാവാണ് തനിക്കുണ്ടായ രസകരമായ അനുഭവം ഫോട്ടോ സഹിതം ട്വിറ്ററില്‍ പങ്കുവച്ചത്. ഓണ്‍ലൈനായി കേക്ക് ഓര്‍ഡര്‍ ചെയ്തപ്പോള്‍ കപില്‍ അതില്‍ ഉള്‍പ്പെടുത്തിയ പ്രത്യേക നിര്‍ദേശം മനസിലാകാതെ ബേക്കറി ജീവനക്കാരന്‍ ചെയ്ത മണ്ടത്തരമാണ് വൈറലായിരിക്കുന്നത്.
കേക്ക് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അതില്‍ മുട്ട അടങ്ങിയിട്ടുണ്ടോ ഇല്ലയോ എന്ന് പ്രതിപാദിക്കണമെന്ന് കപില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേക്ക് എത്തിയപ്പോഴാണ് തന്‍റെ നിര്‍ദേശം ഏതുവഴിക്കാണ് പോയതെന്ന് കപില്‍ മനസിലാക്കുന്നത്.
കേക്കിന്‍റെ പാക്കറ്റ് തുറന്നപ്പോള്‍ അതിന്മേല്‍ 'മുട്ട അടങ്ങിയിരിക്കുന്നു' എന്ന് എഴുതിയിരിക്കുന്നു. ബേക്കറി ജീവനക്കാരന്‍ ധരിച്ചത്, കപിലിന്‍റെ നിര്‍ദേശം കേക്കിന് മുകളില്‍ എഴുതേണ്ട വാചകമാണെന്നാണ്. ഇംഗ്ലീഷിലായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്തായാലും സംഭവം ഫോട്ടോ സഹിതം പങ്കുവച്ചതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ തന്നെ വൈറലായിട്ടുണ്ട്.
Also Read:- ഫ്രൈഡ് ചിക്കന്‍ പാക്കറ്റില്‍ നിന്ന് കോഴിത്തല; പരാതിയുമായി യുവതി
പലരും ഇത് റീട്വീറ്റ് ചെയ്ത് തങ്ങളുടെ അനുഭവങ്ങളും കൂടെ പങ്കുവച്ചിരിക്കുന്നു. ഇത്തരത്തില്‍ ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുമ്പോള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തെറ്റിദ്ധരിക്കപ്പെടുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെന്ന് ഈ അനുഭവങ്ങള്‍ തെളിയിക്കുന്നു.
സംഭവം വിവാദമായതോടെ സ്വിഗ്ഗി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബേക്കറി ജീവനക്കാര്‍ക്ക് അബദ്ധം പറ്റിയതാണെന്ന് തന്നെയാണ് സ്വിഗ്ഗിയും ചൂണ്ടിക്കാട്ടുന്നത്. ഒപ്പം തന്നെ സംഭവം അന്വേഷിക്കാമെന്നും ഇവര്‍ പറയുന്നു. ഏതായാലും ബേക്കറിയുടെ പേരോ മറ്റോ താന്‍ പുറത്തുപറയില്ലെന്നും ഇത് നിഷ്കളങ്കമായൊരു അബദ്ധമായതിനാല്‍ തന്നെ അവരെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും കപില്‍ പറയുന്നു.
Also Read:- 'ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തില്‍ ജീവനുള്ള ഒച്ച്'; വൈറലായി ചിത്രം