'ദാഹിച്ച് തൊണ്ട വരണ്ടുണങ്ങുമ്പോള്‍ വെള്ളം വേണ്ട; പകരം...'

By Web TeamFirst Published Sep 30, 2019, 6:15 PM IST
Highlights

ശരീരത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. സാധാരണഗതിയില്‍ അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും വെള്ളം കുടിക്കാനാണ് ആഗ്രഹം തോന്നുക. വെള്ളം കുടിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ നിര്‍ജലീകരണം മൂലം അത്രയും ക്ഷീണിതരായിരിക്കുമ്പോള്‍ ഒരുപക്ഷേ വെള്ളം മാത്രം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കിയേക്കില്ല
 

ദാഹിച്ച് തൊണ്ട വരണ്ടുണങ്ങുന്ന സാഹചര്യമുണ്ടാകുന്നത് പലപ്പോഴും നിര്‍ജലീകരണം (ഡീഹൈഡ്രേഷന്‍) സംഭവിക്കുമ്പോഴാണ്. ശരീരത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. സാധാരണഗതിയില്‍ അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും വെള്ളം കുടിക്കാനാണ് ആഗ്രഹം തോന്നുക. 

വെള്ളം കുടിക്കുന്നത് നല്ലതുതന്നെ. എന്നാല്‍ നിര്‍ജലീകരണം മൂലം അത്രയും ക്ഷീണിതരായിരിക്കുമ്പോള്‍ ഒരുപക്ഷേ വെള്ളം മാത്രം നിങ്ങളെ ഊര്‍ജ്ജസ്വലരാക്കിയേക്കില്ല. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ എന്ത് തരം പാനീയമാണ് കുടിക്കാന്‍ നല്ലത്?

'ദ അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തില്‍ വന്ന ഒരു പഠനറിപ്പോര്‍ട്ട് പറയുന്നത്, നിര്‍ജലീകരണം വരുമ്പോള്‍ 'സ്‌കിംഡ് മില്‍ക്ക്', അല്ലെങ്കില്‍ 'ഫുള്‍ ഫാറ്റ് മില്‍ക്ക്' എന്നിവ കഴിക്കുന്നതാണ് ഉത്തമം എന്നാണ്.

വെള്ളത്തിനെക്കാള്‍ കാര്യക്ഷമമായി നിര്‍ജലീകരണത്തെ വെല്ലുവിളിക്കാന്‍ കഴിയുന്നത് പാലിനാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ സ്‌കോട്ട്‌ലാന്‍ഡിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കൂടുതല്‍ ഷുഗര്‍ ലാക്ടോസ്, പ്രോട്ടീന്‍, ഫാറ്റ് എന്നിവ പാലില്‍ ഉള്‍ക്കൊള്ളുന്നു എന്നതിനാലാണത്രേ ഇത്. മാത്രമല്ല പാലില്‍ കാണപ്പെടുന്ന സോഡിയം ശരീരത്തില്‍ വെള്ളം പിടിച്ചുനിര്‍ത്താനും സഹായിക്കുമത്രേ. 

സോഡിയം അല്ലെങ്കില്‍ പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ നിര്‍ജലീകരണത്തെ ചെറുക്കുമെന്നും അതുപോലെ നമ്മള്‍ കുടിക്കുന്ന പാനീയത്തിലെ കലോറികള്‍- ധാരാളം വെള്ളം മൂത്രമായി പുറത്തുപോകുന്നത് തടയുമെന്നും പ്രമുഖ ഡയറ്റീഷ്യനായ മെലീസ മജുംദാര്‍ പറയുന്നു. അതേസമയം നല്ലതോതില്‍ ഷുഗര്‍ അടങ്ങിയ പാനീയങ്ങള്‍- ഉദാഹരണത്തിന് ഫ്രൂട്ട് ജ്യൂസുകള്‍, കോള അങ്ങനെയുള്ളവ- നിര്‍ജലീകരണത്തെ അത്ര കാര്യമായി ചെറുക്കണമെന്നില്ലെന്നും ഇവര്‍ പറയുന്നു. അങ്ങനെയുള്ള അവസരങ്ങളില്‍ വെള്ളം തന്നെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.

click me!