Nayanthara Vignesh Shivan : കൊച്ചിയില്‍ ഇഷ്ടപ്പെട്ട രുചി തേടിപ്പിടിച്ച് നയന്‍താരയും വിക്കിയും

Published : Jun 13, 2022, 09:59 AM IST
Nayanthara Vignesh Shivan : കൊച്ചിയില്‍ ഇഷ്ടപ്പെട്ട രുചി തേടിപ്പിടിച്ച് നയന്‍താരയും വിക്കിയും

Synopsis

വിവാഹശേഷം ദിവസങ്ങള്‍ക്കകമാണ് നയനും വിക്കിയും കേരളത്തിലെത്തിയിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അമ്മയുടെ അനുഗ്രഹം തേടിയാണ് നയന്‍ വിക്കിക്കൊപ്പം കൊച്ചിയിലെത്തിയത്.

ഇഷ്ടപ്പെട്ട രുചികള്‍ ഓര്‍മ്മയില്‍ വച്ച് വീണ്ടും നമ്മള്‍ തേടിപ്പിടിച്ച് കഴിക്കാറില്ലേ? ഭക്ഷണപ്രേമികളാണെങ്കില്‍ തീര്‍ച്ചയായും അങ്ങനെ തന്നെ. ഇപ്പോഴിതാ തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ പ്രിയതാരം നയന്‍താരയും ഭര്‍ത്താവ് വിഘ്നേഷ് ശിവനും ഇത്തരത്തില്‍ ഇഷ്ടപ്പെട്ട രുചി തേടിയെത്തിയിരിക്കുകയാണ് കൊച്ചിയിലെ പനമ്പിള്ളി നഗറില്‍. 

വിവാഹശേഷം ദിവസങ്ങള്‍ക്കകമാണ് നയനും വിക്കിയും ( Nayanthara and Vignesh shivan ) കേരളത്തിലെത്തിയിരിക്കുന്നത്. വിവാഹത്തിന് പങ്കെടുക്കാന്‍ സാധിക്കാതിരുന്ന അമ്മയുടെ അനുഗ്രഹം തേടിയാണ് നയന്‍ വിക്കിക്കൊപ്പം കൊച്ചിയിലെത്തിയത് ( Nayanthara in kochi ). ഇരുവരും എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍ താരപ്പൊലിമയൊന്നും കൂടാതെ, ആള്‍ക്കൂട്ടമില്ലാതെ വളരെ സാധാരണമായാണ് നയനും വിക്കിയും പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്‍റിലെത്തിയത്. 

അപ്രതീക്ഷിതമായ താരസന്ദര്‍ശനം റെസ്റ്റോറന്‍റ് ഉടമയെയും ജീവനക്കാരെയുമെല്ലാം ഞെട്ടിച്ചുവെങ്കിലും ഇഷ്ടതാരത്തിന് ഭക്ഷണം വിളമ്പാനായതിന്‍റെ സന്തോഷത്തിലാണ് ഇവര്‍. നേരത്തെ നയന്‍താരയുടെ കൊച്ചിയിലെ ഫ്ലാറ്റിലേക്ക് ഇവിടെ നിന്ന് ഭക്ഷണം ഓര്‍ഡ‍ര്‍ ചെയ്തിട്ടുണ്ട്. പിന്നീട് ഇടയ്ക്കിടെ ഓര്‍ഡറുകള്‍ വരാറുണ്ടായിരുന്നു. അങ്ങനെ കഴിച്ച് ഇഷ്ടപ്പെട്ടതിന് ശേഷമായിരിക്കാം റെസ്റ്റോറന്‍റില്‍ നേരിട്ടെത്തിയതെന്ന് റെസ്റ്റോറന്‍റ് ഉടമ ഹിജാസ് പറയുന്നു. 

ഞായറാഴ്ച രാത്രി 11 മണിയോടെയാണ് നയന്‍താരയും വിക്കിയും ( Nayanthara and Vignesh shivan ) അമ്മയ്ക്കൊപ്പം റെസ്റ്റോറന്‍റിലെത്തിയത് ( Nayanthara in kochi ). മന്നയിലെ സ്പെഷ്യൽ ചിക്കൻ കൊണ്ടാട്ടം, പൊറോട്ടയും ചിക്കൻ റോസ്റ്റും, നെയ്പ്പത്തിരി, മടക്ക് ചപ്പാത്തി, കല്ലുമ്മക്കായ് നിറച്ചത്, ചിക്കൻ 65, BDF, ബീഫ് നാടൻ ഫ്രൈ, നെയ്മീൻ മുളകിട്ടത്, പ്രൊൺസ് & നെയ്മീൻ തവ ഫ്രൈ, മന്ന സ്പെഷ്യൽ മുഹബത്ത് ടീ എന്നിവയാണ് നയനും കുടുംബവും ഓര്‍ഡര്‍ ചെയ്തത്. ഒരു മണിക്കൂറോളം റെസ്റ്റോറന്‍റില്‍ ഇവര്‍ ചിലവഴിച്ചു. 

ഭക്ഷണം ആസ്വദിച്ച് കഴിച്ചാണ് താരവും കുടുംബവും മടങ്ങിയതെന്ന് റെസ്റ്റോറന്‍റിലെ ജീവനക്കാര്‍ പറയുന്നു. നെയ്ച്ചോറും ചിക്കന്‍കറിയുമാണ് ഇവര്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടതെന്നും ഭക്ഷണം ഇഷ്ടമായത് നേരിട്ട് അറിയിച്ചിരുന്നുവെന്നും ഇവര്‍ പറയുന്നു. റെസ്റ്റോറന്‍റിലുണ്ടായിരുന്ന ആരാധകര്‍ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്താണ് നയന്‍ കുടുംബത്തിനൊപ്പം മടങ്ങിയത്. 

ഇക്കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട്ടിലെ മഹാബലിപുരത്ത് വച്ചായിരുന്നു നയന്‍താര-വിഘ്നേഷ് ശിവന്‍ വിവാഹം നടന്നത്. മഹാബലിപുരത്തെ ഒരു റിസോര്‍ട്ടില്‍ വച്ചുനടന്ന ചടങ്ങില്‍ ഇവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തിരുന്നത്. ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം. 

ഫോട്ടോകള്‍ : വിനു ജനാര്‍ദ്ദനൻ

Also Read:- നയന്‍- വിക്കി വിവാഹം; താരവിവാഹങ്ങളുടെ പകിട്ട്...

PREV
Read more Articles on
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍