
പൊലീസ് ഉദ്യോഗസ്ഥന്‍റെ വംശവെറിക്കിടെ കൊല്ലപ്പെട്ട ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധങ്ങള്‍ കത്തിപ്പടരുകയാണ്. ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവില്‍ നില്‍ക്കുന്ന ഇവര്‍ക്ക് വേണ്ടി ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്ന രണ്ട് പേരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍' മൂവ്‌മെന്‍റില്‍ പങ്കെടുക്കാനെത്തിയവര്‍ക്കെല്ലാം ഭക്ഷണം നല്‍കുകയാണ് ന്യൂയോര്‍ക്ക് സ്വദേശികളായ ഇവര്‍. ട്വിറ്ററില്‍ ലിയോണി എന്നയാള്‍ ഈ വിവരം പങ്കുവച്ചതോടെ നിരവധിപ്പേരാണ് രണ്ടുപേര്‍ക്കും പിന്തുണയുമായി രംഗത്തെത്തിയത്. 400 ഭക്ഷണപ്പൊതികളും 200 പാത്രം ഡെസേര്‍ട്ടുമാണ് ഇവര്‍ വിതരണം ചെയ്തത്.
'ബ്രൂക്ക്‌ലിനിലെ പ്രതിഷേധക്കാര്‍ക്ക്, ഈ ദുരിത സമയത്ത് ഭക്ഷണം ലഭിക്കാത്തവര്‍ക്ക് ഞാനും എന്‍റെ സഹപ്രവര്‍ത്തകയും ചേര്‍ന്ന് ഭക്ഷണം നല്‍കാന്‍ പോകുന്നു'- എന്ന കുറിപ്പോടെയോണ് ഭക്ഷണപ്പൊതികളുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ ലിയോ പങ്കുവച്ചത്. ചിക്കന്‍, ചീസ് ഡിപ്പ്, പച്ചക്കറികള്‍ തുടങ്ങിയവയും ഡെസേര്‍ട്ടുകളായ കേക്ക്, കുക്കി, കപ്‌കേക്ക് എന്നിവയുമാണ് ഇവര്‍ വിതരണം ചെയ്തത്. ഇവര്‍ സ്വന്തമായി തയ്യാറാക്കിയ ഭക്ഷണമാണ് ഇതിലേറേയും. വലിയ സ്വീകാര്യതയാണ് ഇവരുടെ ഈ പ്രവര്‍ത്തിക്ക് ലഭിച്ചത്.
രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ലൈക്കുകളും അമ്പതിനായിരം റീട്വീറ്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. പ്രതിഷേധക്കാര്‍ക്ക് ഭക്ഷണം നല്‍കാനായി ഒരു ഫണ്ട് റൈസിങും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.