ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് യുഎസില്‍ വംശീയതയ്‌ക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും തീവ്രമാവുകയാണ്. പൊലീസുകാരന്‍ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി കൊന്ന ജോര്‍ജ് ഫ്‌ളോയിഡിന് നീതി ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ആയിരങ്ങളില്‍ കൊച്ചുകുട്ടികള്‍ വരെയുണ്ട്. മുഷ്ടി ചുരുട്ടി 'നോ ജസ്റ്റിസ്, നോ പീസ്' എന്ന് ഏറ്റുപറയുന്ന പത്തുവയസ്സുകാരിയുടെ വീഡിയോയും ''നിങ്ങൾ എന്നെ വെടിവയ്ക്കുമോ'' എന്ന് പൊലീസുകാരോട് ചോദിച്ചുകൊണ്ട്  കരയുന്ന പെണ്‍കുട്ടിയുടെ വീഡിയോയും നാം കണ്ടതാണ്. അക്കൂട്ടത്തില്‍ ഹൃദയം തൊടുന്ന മറ്റൊരു കാഴ്ച കൂടി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 

നൂറുകണക്കിന് പ്രതിഷേധക്കാരുടെ നടുവില്‍ വച്ച് നടന്ന വിവാഹത്തിന്‍റെ വീഡിയോ ആണിത്. ട്വിറ്ററിലാണ് ഈ വിവാഹ വീഡിയോ വൈറലാകുന്നത്. വിവാഹത്തിന് ശേഷം നവദമ്പതികള്‍ മാര്‍ച്ചില്‍ ഒന്നു ചേരുന്നതും വീഡിയോയില്‍ കാണാം. കെറി ആനും മൈക്കല്‍ ഗോര്‍ദനുമാണ് പ്രതിഷേധത്തിനിടയില്‍ വച്ച് വിവാഹിതരായത്. വിവാഹച്ചടങ്ങുകള്‍ക്ക് ശേഷം രണ്ട് പേരും ചുംബിക്കുമ്പോള്‍ പ്രതിഷേധക്കാര്‍ ഒന്നടങ്കം ആര്‍പ്പുവിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. 

 

 

ഫിലാഡെല്‍ഫിയയിലെ ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ ഗേറ്റ് വേയിലാണ് സംഭവം നടക്കുന്നതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറോണവൈറസ് മഹാമാരിക്ക് ശേഷം ആഘോഷങ്ങള്‍ നടത്താമെന്നും അതിനുമുമ്പേ വിവാഹ ചടങ്ങ് മാത്രം നടത്താനുമായിരുന്നു ഇരുവരുടെയും തീരുമാനം. എന്നാല്‍ ഇങ്ങനെയൊരു പ്രതിഷേധത്തിന് നടുവില്‍ വച്ച് നടക്കുമെന്നൊന്നും കരുതിയിരുന്നില്ല എന്ന് ഇരുവരും പറയുന്നു. 

 

'ഞാനെന്റെ വിവാഹദിനത്തില്‍ ഭര്‍ത്താവിനെ കാണുമ്പോള്‍ എനിക്ക് വലിയൊരു തിരിച്ചറിവ് കൂടിയായിരുന്നു. ശക്തനായ ഒരു കറുത്ത മനുഷ്യന്‍, ഞങ്ങള്‍ ആരാണെന്നതിന് ഉത്തമ ഉദാഹരണം. ഞങ്ങളുടെ വംശം എങ്ങനെയാണ്, സംസ്‌കാരം എന്താണ് എന്നെല്ലാം പ്രതിനിധീകരിക്കുന്ന ആള്‍. ഒരു ശാക്തീകരണത്തിന്റെ നിമിഷമായിരുന്നു അത്' - വധു ആ നിമിഷത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 

 ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ മിനസോട്ട പൊലീസുകാരനായ ഡെറിക് ചൗ കാല്‍മുട്ടമര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. വംശവെറിക്കിടെ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ളോയ്ഡിന്‍റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം ഇപ്പോഴും കത്തിപ്പടരുകയാണ്. "എനിക്ക് ശ്വാസം മുട്ടുന്നു" എന്ന അദ്ദേഹത്തിന്റെ അവസാനത്തെ വാക്കുകൾ എഴുതിയ പ്ലക്കാർഡും പിടിച്ചാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുന്നത്. 


Also Read: നിങ്ങൾ ഞങ്ങളെ വെടിവയ്ക്കുമോ? അമേരിക്കൻ പൊലീസിനോട് കരഞ്ഞുകൊണ്ട് പെൺകുട്ടി; വീഡിയോ...