വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കാം; ഗുണങ്ങള്‍ പലതാണ്...

By Web TeamFirst Published Jan 10, 2023, 1:32 PM IST
Highlights

മഞ്ഞള്‍, പട്ട പോലുള്ള സ്പൈസസ് ചേര്‍ത്തും, ചെറുനാരങ്ങാനീര്, ഉലുവ പോലുള്ളവ ചേര്‍ത്തുമെല്ലാം പാനീയങ്ങള്‍ തയ്യാറാക്കി ഇതുപോലെ പതിവായി കഴിക്കുന്നവരുണ്ട്. സമാനമായ രീതിയില്‍ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി കുടിക്കുന്നതും ഏറെ നല്ലതാണ്.

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇതില്‍ നിസാരമായ മിക്ക പ്രശ്നങ്ങളും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ തന്നെ വലിയൊരു പരിധി വരെ പരിഹരിക്കാൻ സാധിക്കുന്നതാണ്. ഡയറ്റ് തന്നെയാണ് അടിസ്ഥാനപരമായി എപ്പോഴും മെച്ചപ്പെടുത്തേണ്ടത്. 

പോഷകങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമഗ്രമായ ഡയറ്റ് മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്. ഇത്തരത്തില്‍ പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. 

മഞ്ഞള്‍, പട്ട പോലുള്ള സ്പൈസസ് ചേര്‍ത്തും, ചെറുനാരങ്ങാനീര്, ഉലുവ പോലുള്ളവ ചേര്‍ത്തുമെല്ലാം പാനീയങ്ങള്‍ തയ്യാറാക്കി ഇതുപോലെ പതിവായി കഴിക്കുന്നവരുണ്ട്. സമാനമായ രീതിയില്‍ വെണ്ടയ്ക്ക ഇട്ടുവച്ച വെള്ളം പതിവായി കുടിക്കുന്നതും ഏറെ നല്ലതാണ്.

ഇതിനായി നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ട് ഗ്ലാസ് വെള്ളത്തില്‍ രാത്രി മുഴുവൻ കുതിര്‍ത്തുവയ്ക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. 

വെണ്ടയ്ക്കയോട് ചിലര്‍ക്ക് അലര്‍ജിയുണ്ടാകാം. ഇത്തരക്കാര്‍ ഈ പാനീയം വേണ്ടെന്ന് വയ്ക്കുന്നതാണ് നല്ലത്. അതുപോലെ തന്നെ 'ഇറിറ്റബള്‍ ബവല്‍ സിൻഡ്രോം' (ഐബിഎസ്) എന്ന വയറിനെ ബാധിക്കുന്ന പ്രശ്നമുള്ളവരും ഇത് കഴിക്കാതിരിക്കുന്നതാണ് ഉചിതം. കാരണം ഐബിഎസിന്‍റെ അനുബന്ധപ്രശ്നങ്ങള്‍ കൂട്ടാൻ ഇത് കാരണമാകും. 

വെണ്ടയ്ക്കയിട്ട് വച്ച വെള്ളം പതിവായി കഴിക്കുന്നത് കൊണ്ട് പല ആരോഗ്യഗുണങ്ങളുമുണ്ട്. ഇവയെ കുറിച്ച് കൂടി മനസിലാക്കാം. 

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു പാനീയമാണിത്. വെണ്ടയ്ക്കയിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ബി, വൈറ്റമിൻ-സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാ സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഇത് ത്വരിതപ്പെടുത്തുന്നത്. 

പ്രമഹരോഗികള്‍ക്കും ഇത് ഏറെ സഹായകരമാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താൻ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ലൂക്കോസ് നില നിയന്ത്രിച്ചുനിര്‍ത്താനുമാകുന്നു. ഇങ്ങനെയാണ് പ്രമേഹരോഗികള്‍ക്ക് ഇത് ഗുണകരമാകുന്നത്. 

ഇതിനെല്ലാം പുറമെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും തര്‍മ്മത്തിന്‍റെ ആരോഗ്യം പരിപാലിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം വെണ്ടയ്ക്ക സഹായിക്കുന്നു.

Also Read:- മലം കട്ടിയാകാതിരിക്കാനും മലബന്ധമകറ്റാനും കഴിക്കാവുന്ന ഭക്ഷണങ്ങള്‍...

tags
click me!