Asianet News MalayalamAsianet News Malayalam

മലം കട്ടിയാകാതിരിക്കാനും മലബന്ധമകറ്റാനും കഴിക്കാവുന്ന ഭക്ഷണങ്ങള്‍...

മലബന്ധത്തിലേക്ക് നയിക്കുന്നത് പല ഘടകങ്ങളുമാകാം. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത് ആണ് പ്രധാനകാരണമായി വരുന്നത്. എന്നാല്‍ ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തന്നെ പതിവായ മലബന്ധത്തില്‍ നിന്ന് ഏറെ ആശ്വാസം ലഭിക്കും

five types of foods which prevent constipation
Author
First Published Jan 3, 2023, 6:35 PM IST

നിത്യജീവിതത്തില്‍ നാം നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍ പലതാണ്. ഇവയില്‍ ഏറ്റവും പ്രധാനമാണ് ദഹനപ്രശ്നങ്ങള്‍. ഇന്ന് ധാരാളം പേര്‍ പരാതിപ്പെടാറുള്ളത് ഇതെക്കുറിച്ച് തന്നെയാണ്. അധികവും മോശം ഡയറ്റും, വ്യായാമമില്ലായ്മയും, സ്ട്രെസും അടക്കമുള്ള തെറ്റായ ജീവിതരീതികളുടെ ഭാഗമായാണ് ദഹനപ്രശ്നങ്ങള്‍ പതിവാകുന്നത്.

ഇതില്‍ തന്നെ മലബന്ധമാണ് ആളുകളെ ഏറ്റവുമധികം കുഴക്കുന്ന പതിവ് ബുദ്ധിമുട്ട്. മലബന്ധത്തിലേക്ക് നയിക്കുന്നത് പല ഘടകങ്ങളുമാകാം. ആദ്യമേ സൂചിപ്പിച്ചത് പോലെ ദഹനവ്യവസ്ഥ ബാധിക്കപ്പെടുന്നത് ആണ് പ്രധാനകാരണമായി വരുന്നത്. എന്നാല്‍ ഡയറ്റില്‍ അഥവാ ഭക്ഷണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തുമ്പോള്‍ തന്നെ പതിവായ മലബന്ധത്തില്‍ നിന്ന് ഏറെ ആശ്വാസം ലഭിക്കും. 

ഇത്തരത്തില്‍ മലബന്ധമൊഴിവാക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മധുരക്കിഴങ്ങ്: ദഹനപ്രശ്നങ്ങളുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട പ്രയാസങ്ങളൊഴിവാക്കാൻ ഫൈബര്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുകയാണ് വേണ്ടത്. ഫൈബര്‍ കാര്യമായി അടങ്ങിയ ഒരു വിഭവമാണ് മധുരക്കിഴങ്ങ്. ഇത് മലബന്ധമൊഴിവാക്കുന്നതിന് ഏറെ സഹായകമാണ്. നല്ലരീതിയില്‍ ദഹനം ലഭിക്കുന്നതിലൂടെയും മലം കട്ടിയായി പോകാതിരിക്കുന്നതിലൂടെയുമാണ് ഇത് മലബന്ധത്തെ പ്രതിരോധിക്കുന്നത്. 

രണ്ട്...

പ്രോബയോട്ടിക്സ്: പ്രോബയോട്ടിക്സ് എന്ന വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നതും മലബന്ധമൊഴിവാക്കുന്നതിന് ഏറെ സഹായകമാണ്. കട്ടത്തൈര്, ചില പാലുത്പന്നങ്ങള്‍ (കെഫിര്‍), കറുത്ത കസകസ എന്നിവയെല്ലാം പ്രോബയോട്ടിക്സിന് ഉദാഹരണമാണ്. മലബന്ധമൊഴിവാക്കുന്നതിന് പുറമെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളെ വര്‍ധിപ്പിക്കുന്നതിനും ആകെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇവ സഹായിക്കുന്നു. 

മൂന്ന്...

ഒലിവും ഫ്ളാക്സ് സീഡ് ഓയിലും: ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ഒലിവ് എന്ന് ഏവര്‍ക്കുമറിയാം. ഫ്ളാക്സ് സീഡ്സും അങ്ങനെ തന്നെ. ഒലിവും ഫ്ളാക്സ് സീഡ് ഓയിലും ഒരുമിച്ച് കഴിക്കുമ്പോള്‍ ഇത് നല്ലരീതിയില്‍ ദഹനമുണ്ടാക്കുകയും മലബന്ധമൊഴിവാക്കുകയും ചെയ്യുന്നു. ഇവ ശരീരത്തിന് ആരോഗ്യകരമായ കൊഴുപ്പും ഒപ്പം അവശ്യം പല പോഷകങ്ങളും നല്‍കുകയും ചെയ്യുന്നു. 

നാല്...

പഴങ്ങളും പച്ചക്കറികളും: പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ നിര്‍ബന്ധമായും പതിവായി ഉള്‍പ്പെടുത്തേണ്ടതാണ്. പ്രത്യേകിച്ച് ദനപ്രശ്നങ്ങളോ മലബന്ധമോ എല്ലാമുള്ളവര്‍. ഈ പ്രശ്നങ്ങളെല്ലാം ലഘൂകരിക്കാൻ പഴങ്ങളും പച്ചക്കറികളും സഹായിക്കുന്നു. കഴിയുന്നതും സീസണലായി ലഭ്യമായവ തന്നെ ഉപയോഗിക്കുന്നതാണ് ഉചിതം. 

അഞ്ച്...

അത്തിയും ഉണക്കമുന്തിരിയും: അത്തിപ്പഴത്തെ കുറിച്ച് കേട്ടിട്ടില്ലേ? ദഹനം സുഗമമാക്കാൻ വളരെയധികം സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. അതുപോലെ തന്നെ ഉണക്കമുന്തിരിയും (റെയ്സിൻസ്). അത്തിയും ഉണക്കിയ നിലയിലാണ് അധികവും വാങ്ങിക്കാൻ കിട്ടുക. ഇവ രണ്ടും രാത്രിയില്‍ വെള്ളത്തിലിട്ടുവച്ച ശേഷം രാവിലെ കഴിക്കുന്നതാണ് നല്ലത്. 

Also Read:- ഏലയ്ക്ക ഇട്ട വെള്ളം പതിവായി കുടിക്കാം; ഗുണങ്ങള്‍ എന്തെല്ലാമാണെന്നോ?

Follow Us:
Download App:
  • android
  • ios